Advertisement

മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍പൊട്ടല്‍: അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നത് കേന്ദ്രം ബോധപൂര്‍വം വൈകിപ്പിച്ചു; അംഗീകരിച്ചത് ഒരു ആവശ്യം മാത്രമെന്ന് മന്ത്രി കെ രാജന്‍

December 31, 2024
Google News 2 minutes Read
K RAJAN

മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍പൊട്ടലിനെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നത് കേന്ദ്രം ബോധപൂര്‍വം വൈകിപ്പിച്ചെന്ന് കേരളം. 153 ദിവസത്തിന് ശേഷമാണ് കേരളത്തിന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന് അംഗീകരിക്കുന്നത്. ദുരന്തബാധിതരുടെ കടം എഴുതിതള്ളുന്നത് അടക്കം കേരളത്തിന്റെ മറ്റ് ആവശ്യങ്ങളില്‍ ഇതുവരെ കേന്ദ്രം തീരുമാനമെടുത്തിട്ടില്ലെന്നും റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു.

കേരള സര്‍ക്കാര്‍ ദുരന്തമുണ്ടായി ആദ്യത്തെ പത്ത് ദിവസത്തില്‍ ആവശ്യപ്പെട്ട മൂന്ന് ആവശ്യങ്ങളില്‍ ഒന്ന് തത്വത്തില്‍ അംഗീകരിച്ചുകൊണ്ട് തീരുമാനമെടുക്കുകയാണുണ്ടായത്. മൂന്ന് ആവശ്യങ്ങളാണ് കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചിരുന്നത്. അതില്‍ ഒന്നാണ് അതിതീവ്രദുരന്തമായി പ്രഖ്യാപിക്കുക എന്നത്. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം 2005ല്‍ പാര്‍ലമെന്റ് പാസാക്കിയ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്റ്റിന്റെ സെക്ഷന്‍ 13 പ്രകാരം നിലവിലുള്ള ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളാനും അവരുടെ ആവശ്യങ്ങള്‍ക്കായി പുതുതായി കടങ്ങള്‍ ലഭ്യമാകാനും അവസരം കൊടുക്കുന്ന നടപടി സ്വീകരിക്കുക എന്നതായിരുന്ന.ു അതിനെ കുറിച്ച് ഒരഭിപ്രായവും പറഞ്ഞിട്ടില്ല. ദുരന്ത നിവാരണ ഘട്ടത്തില്‍ 1202 കോടി രൂപയുടെ അടിയന്തരമായ നഷ്ടം കാണിച്ചുകൊണ്ട് അടിയന്തര സഹായമായി 219 കോടി രൂപ മാനദണ്ഡങ്ങള്‍ക്കതീതമായി അഡീഷണല്‍ അസിസ്റ്റന്‍സായി ലഭ്യമാക്കണമെന്ന ആവശ്യത്തിലും ഇതുവരെ ഒരക്ഷരവും മിണ്ടിയിട്ടില്ല – കെ രാജന്‍ വ്യക്തമാക്കി.

Read Also: തലച്ചോറിൻ്റെ ക്ഷതങ്ങളിൽ പുരോഗതി,ന്യൂമോണിയ സാധ്യത കൂടുതൽ; ഉമ തോമസിന്റെ ആരോഗ്യ നിലയിൽ പുരോഗതി

ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്റര്‍ ആദ്യഘട്ടത്തില്‍ തന്നെ വയനാട്ടിലേത് അതിതീവ്ര ദുരന്തമെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നിട്ടും എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളാണ്. തീരുമാനമെടുക്കാന്‍ എന്താണിത്ര വൈകുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം വിശദമാക്കി. ഐഎംസിടി ഒരുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് കൊടുത്തു. ആ റിപ്പോര്‍ട്ട് രണ്ട് മാസക്കാലം ആഭ്യന്തര മന്ത്രാലയത്തിന്റെ കസ്റ്റഡിയിലിരുന്നു. അതിനു ശേഷം എച്ച്എല്‍സി കൂടാനുള്ള മഹാനുഭാവത്വം ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായി. എന്നാല്‍ അത് കൂടിയാല്‍ അതിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങള്‍ അറിയിക്കണ്ടേ? 28ാം തിയതി വീണ്ടും വീണ്ടും കൊടുത്ത കത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ച് മാസത്തിന് ശേഷം ഇന്നലെയാണ് അതിതീവ്ര ദുരന്ത വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ തീരുമാനമുണ്ടാകുന്നത്. ഇതൊരു രണ്ട് മാസത്തിനുള്ളിലായിരുന്നെങ്കില്‍ കുറച്ചുകൂടി ഗുണമുണ്ടായേനെ – മന്ത്രി വ്യക്തമാക്കി.

അതേസമയം, സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളിന് ആഭ്യന്തരമന്ത്രാലയം അയച്ച കത്തിലാണ് അതിതീവ്ര ദുരന്തമായി അംഗീകരിച്ചെന്ന് വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഉടന്‍ ഉണ്ടായേക്കും.

Story Highlights : Mundakai-Chooralmala Landslide: Kerala Said Center Deliberately Delay Declaring Extreme Disaster

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here