വളക്കൈ അപകടം: ഡ്രൈവര്‍ ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്ന് നാട്ടുകാര്‍; അപകടത്തിന്റെ CCTV ദൃശ്യങ്ങളിലുള്ള സമയവും വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ഇട്ട സമയവും ഒന്നെന്ന് ആരോപണം

കണ്ണൂര്‍ തളിപ്പറമ്പിനടുത്ത് വളക്കൈയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു വിദ്യാര്‍ഥി മരിക്കാനിടയായ അപകടത്തില്‍ ഡ്രൈവറുടെ ഭാഗത്തുനിന്ന് ഉണ്ടായത് ഗുരുതര വീഴ്ചയെന്ന ആരോപണവുമായി നാട്ടുകാര്‍. അപകടമുണ്ടായ സമയത്ത് ഡ്രൈവര്‍ ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്ന ആരോപണവുമായി നാട്ടുകാര്‍. അപകടത്തിന്റെ സിസിടിവിയില്‍ ഉള്ള അതേ സമയത്ത് ഡ്രൈവര്‍ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ഇട്ടുവെന്നാണ് ആരോപണം. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് പൊലീസിന് കൈമാറി.
ഡ്രൈവറെ നേരിട്ടറിയാം. വൈകിട്ട് 4.03നാണ് ഇയാള്‍ സ്റ്റാറ്റസ് ഇട്ടത്. ഇതേസമയമാണ് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളിലുമുള്ളത് – നാട്ടുകാരന്‍ പറയുന്നു.
സ്‌കൂള്‍ ബസ് അമിതവേഗത്തില്‍ ആയിരുന്നുവെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ റിയാസ് വ്യക്തമാക്കി.. ബസ് അമിത വേഗത്തിലായിരുന്നു. സ്‌കൂള്‍ ബസിന് 14 വര്‍ഷത്തെ പഴക്കമുണ്ടെന്നും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷി ഷെഫീഖും ട്വന്റിഫോറിനോട് പറഞ്ഞു.
വൈകിട്ട് നാല് മണിയോടെയാണ് കുറുമാത്തൂര്‍ ചിന്മയ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി പോയ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടത്. വളക്കൈ പാലത്തിന് സമീപം സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന ഇറക്കത്തിലാണ് അപകടം. പോക്കറ്റ് റോഡില്‍ നിന്ന് ഹൈവെയിലേക്ക് ഇറങ്ങുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ചൊറുക്കളയിലെ നേദ്യ രാജേഷാണ് അപകടത്തില്‍ മരിച്ചത്.
അപകടം നടന്നയുടന്‍ സമീപത്തുണ്ടായിരുന്ന ആളുകള്‍ ബസിനകത്ത് ഉണ്ടായിരുന്ന കുട്ടികളെ പുറത്തെടുത്ത് തളിപ്പറമ്പിലെ ആശുപത്രിയിലെത്തിച്ചു. പിന്നീടാണ് ബസിനടിയില്‍ പെട്ട നേദ്യയെ കണ്ടതും ബസ് ഉയര്‍ത്തി പുറത്തെടുത്തതും.
Story Highlights : Kannur Valakai accident: Locals say the driver was using the phone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here