Advertisement

വയനാട് പുനരധിവാസം നിർമ്മാണ ചുമതല ഊരാളുങ്കലിന്; നിർമ്മാണ മേൽനോട്ടം കിഫ്കോണിന്

January 1, 2025
Google News 2 minutes Read

മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ പുനരധിവാസത്തിന്റെ നിർമാണ ചുമതല ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക്. കിഫ്കോണിനാണ് നിർമാണ മേൽനോട്ടം. 750 കോടി രൂപയിൽ രണ്ട് ടൗൺഷിപ്പുകളാണ് നിർമ്മിക്കുക. ആയിരം സ്ക്വയർ ഫീറ്റുള്ള വീടുകളാകും നിർമ്മിക്കുക. പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പുനരധിവാസ പദ്ധതി വിശദീകരിച്ച് അൽപ്പസമയത്തിനകം മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണും. പ്രാരംഭ പ്രവർത്തനങ്ങള്‍ക്കായി കെ രാജന്‍ നാളെ വയനാട്ടിലേക്ക് പോകും. അതേസമയം, ടൗൺഷിപ്പ് നിർമാണവുമായി ബന്ധപ്പെട്ട് വയനാട്ടിലെ എസ്റ്റേറ്റുകളിൽ സർവേ തുടങ്ങി.

മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിന് രണ്ടിടത്തായി രണ്ട് ടൗൺഷിപ്പാണ് നിര്‍മ്മിക്കാനൊരുങ്ങുന്നത്. 1000 ചതുരശ്ര അടിയിലുള്ള ഒറ്റനില വീടുകൾ നിര്‍മ്മിക്കും. താമസക്കാര്‍ക്ക് ആവശ്യമെങ്കിൽ ഭാവിയിൽ മുകളിലത്തെ നില കൂടി പണിയാൻ പാകത്തിൽ അടിത്തറ ബലപ്പെടുത്തിയാകും വീട് നിര്‍മ്മാണം. പണി തുടങ്ങിയാൽ പിന്നെ സമയബന്ധിതമായി തീര്‍ക്കാനാണ് സർക്കാരിന്റെ പദ്ധതി.

അതേസമയം പുനരധിവാസത്തിന് സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച തുടങ്ങി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ടി സിദ്ദിഖ് MLA , DYFI സംസ്ഥാന പ്രസിഡന്റ് വി. വസീഫ് തുടങ്ങിയവരുമായാണ് മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച നടത്തുന്നത്. ടൗൺഷിപ്പിൻറേയും വീടുകളുടെയും പ്ലാൻ എന്നിവ യോഗത്തെ അറിയിക്കും. ഈ മാസം നാലാം തീയതിയാണ് രണ്ടാംഘട്ട കൂടിക്കാഴ്ച നടക്കുക.

അതി തീവ്ര ദുരന്തമായി അംഗീകരിച്ച സാഹചര്യത്തിൽ കൂടുതൽ സഹായം ലഭിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തും. വിവിധ കേന്ദ്ര മന്ത്രാലയങ്ങളിൽ നിന്ന് പ്രത്യേക ധനസഹായവും കേരളം ആവശ്യപ്പെടും. എം പി മാരുടെ സഹായവും തേടും. UN അടക്കമുള്ള വിദേശ സംഘടനകളിൽ നിന്ന് സഹായം ലഭിക്കാനുള്ള ശ്രമവും നടത്തും. പുനരധിവാസ പ്രവർത്തനങ്ങൾക്കായി 2219 കോടിയുടെ സഹായമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

Story Highlights : Wayanad rehabilitation township construction uralungal labour society

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here