ചൈനയില്‍ വീണ്ടും വൈറസ് വ്യാപനം; രാജ്യത്തെ ആശുപത്രികള്‍ നിറഞ്ഞുവെന്ന് സോഷ്യല്‍ മീഡിയ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നും റിപ്പോര്‍ട്ട്

കോവിഡ് -19 പാന്‍ഡെമിക്കിന് അഞ്ച് വര്‍ഷത്തിന് ശേഷം ചൈനയെ ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസ് കീഴടക്കിയിരിക്കുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. വൈറസ് അതിവേഗം പടരുന്നതായിട്ടാണ് സോഷ്യല്‍ മീഡിയകളിലെ പോസ്റ്റുകളെ സൂചിപ്പിക്കുന്നത്. ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞുവെന്നും, കോവിഡിനോട് സമാനമായ അന്തരീക്ഷമാണ് ഇപ്പോള്‍ ചൈനയിലുള്ളതെന്നും ഈ പോസ്റ്റുകള്‍ അവകാശപ്പെടുന്നു. മാത്രമല്ല, വൈറസിന്റെ വ്യാപ്തി കാരണം ചൈന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പോലും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇത്രയധികം ആളുകളെ എളുപ്പത്തില്‍ കീഴടക്കിയ HMPV വൈറസ് എന്താണ്, വൈറസ്സിന്റെ അപകട സാധ്യതകള്‍ എത്രത്തോളമാണെന്ന് പരിശോധിക്കാം.
എന്താണ് HMPV വൈറസ് ?
ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന വൈറസാണ് HMPV. എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെയും വൈറസിന് കീഴ്‌പ്പെടുത്താന്‍ കഴിയും. കൊച്ചുകുട്ടികള്‍, പ്രായമായവര്‍ എന്നിവരെക്കൂടാതെ ഉയര്‍ന്ന പ്രതിരോധ ശേഷി ഉള്ളവര്‍ക്ക് പോലും HMPV യില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ കഴിഞ്ഞെന്നു വരില്ല. 2001 ലാണ് HMPV വൈറസ് ആദ്യമായി കണ്ടെത്തിയത്. മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകളെ പോലെ തന്നെ ചുമ, പനി, ജലദോഷം, ശ്വാസതടസ്സം എന്നിവയാണ് HMPV.യുടെയും സാധാരണ ലക്ഷണങ്ങള്‍.
എന്നാല്‍, അതിതീവ്രമായ കേസുകളില്‍ മാത്രം, വൈറസ് ബ്രോങ്കൈറ്റിസ് അല്ലെങ്കില്‍ ന്യുമോണിയ പോലുള്ള സങ്കീര്‍ണതകളിലേക്ക് വഴി മാറും. എച്ച്എംപിവിയുടെ ഇന്‍കുബേഷന്‍ കാലയളവ് സാധാരണയായി മൂന്ന് മുതല്‍ ആറ് ദിവസം വരെയാണ്. എങ്കിലും, അണുബാധയുടെ തീവ്രതയനുസരിച്ച് രോഗലക്ഷണങ്ങള്‍ വ്യത്യസ്ത കാലയളവിലേക്ക് നീണ്ടുനില്‍ക്കുമെന്നു മാത്രം.
കോവിഡ് പകരുന്നതിനോട് സമാനമായി തന്നെ, ചുമ, തുമ്മല്‍ എന്നിവയില്‍ നിന്നുള്ള സ്രവങ്ങള്‍ വഴി HMPV ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരും. അതുപോലെ രോഗിയുമായുള്ള അടുത്ത സമ്പര്‍ക്കം, മലിനമായ പ്രതലങ്ങളില്‍ സ്പര്‍ശിച്ച ശേഷം വായിലോ മൂക്കിലോ കണ്ണിലോ തൊടുക തുടങ്ങിയ സാഹചര്യങ്ങളിലും വൈറസ് പകരും. വൈറസ് ചെറിയ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ദുര്‍ബലമായ പ്രതിരോധശേഷിയുള്ള വ്യക്തികള്‍ക്കും ഉയര്‍ന്ന അപകട സാധ്യതകള്‍ ഉണ്ടാക്കും. അതിനാല്‍. രോഗ ലക്ഷണങ്ങള്‍ വന്നതിനു ശേഷം, പനി മാറ്റമില്ലാതെ മൂന്ന് ദിവസത്തില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുകയാണെങ്കില്‍ ആശുപത്രിയില്‍ എത്തേണ്ടത് പ്രധാനമാണ്.
ചൈനയിലെ സാഹചര്യം
ചൈനയിലെ നിലവിലെ സാഹചര്യം വഷളാണെന്ന് ചൂണ്ടിക്കാട്ടുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വ്യാപകമാണ്. ചൈനീസ് ഗവണ്‍മെന്റ് ഇതില്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. എന്നാല്‍, അജ്ഞാത ന്യുമോണിയ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടെന്നും അതിനുള്ള നിരീക്ഷണ സംവിധാനം പൈലറ്റ് ചെയ്യുന്നതായി ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി വെള്ളിയാഴ്ച പറഞ്ഞതായും റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് കോവിഡ് -19ന് കാരണമാകുന്ന നോവല്‍ കൊറോണ വൈറസ് ആദ്യമായി ഉയര്‍ന്നുവന്നപ്പോള്‍, അജ്ഞാത രോഗകാരികളെ കൈകാര്യം ചെയ്യുന്നതിനുള്ള പ്രോട്ടോകോളുകളോട് സമാനമാണ് ഇതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ലബോറട്ടറികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനും രോഗ നിയന്ത്രണ, പ്രതിരോധ ഏജന്‍സികള്‍ക്ക് കേസുകള്‍ പരിശോധിക്കാനും ഒരു നടപടിക്രമം സ്ഥാപിക്കുമെന്ന് ഒരു അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വന്നിരുന്നു. മാത്രമല്ല, അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങളുടെ ഡാറ്റ അനുസരിച്ച് ചൈനയില്‍ ഡിസംബര്‍ 16 മുതല്‍ 22 വരെയുള്ള സമയത്ത് മൊത്തത്തിലുള്ള അണുബാധകള്‍ കുത്തനെ വര്‍ദ്ധിച്ചതായി, വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഔദ്യോഗിക പ്രസ്താവനയിലും വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, അടുത്തിടെ കണ്ടെത്തിയ കേസുകളില്‍ റിനോവൈറസ്, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് തുടങ്ങിയ രോഗാണുക്കളും ഉള്‍പ്പെടുന്നു. വടക്കന്‍ പ്രവിശ്യകളില്‍, 14 വയസ്സിന് താഴെയുള്ളവരില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് കേസുകളുടെ ഉയര്‍ന്ന പ്രവണതയും ഉള്ളതായി ചൈനീസ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
കോവിഡിനോട് ഏറെ സമാനതകളുള്ള ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസിനു പ്രത്യേക ആന്റിവൈറല്‍ ചികിത്സയോ വാക്‌സിനോ ഇല്ല എന്നുള്ളതാണ് വിഷയത്തിന്റെ ഗൗരവം കൂട്ടുന്നത്. രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിലും സങ്കീര്‍ണതകള്‍ തടയുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് രോഗബാധിതര്‍ക്കുള്ള ചികിത്സ നല്‍കുക മാത്രമാണ് ഏക വഴി.
Story Highlights : China faces Covid-like scare again: All you should know about HMPV
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here