പെരിയ കേസ്; പ്രതികൾക്ക് വധശിക്ഷ ലഭിക്കണമെന്ന് കൃപേഷിന്റെ പിതാവ്; വെറുതെ വിട്ട പ്രതികൾ കൂടി ശിക്ഷിക്കപ്പെടണമെന്ന് ശരത് ലാലിന്റെ അമ്മ

കേരളത്തെ പിടിച്ചുലച്ച പെരിയ ഇരട്ടക്കൊല കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് പ്രത്യേക സിബിഐ കോടതി ഇന്ന് ശിക്ഷ വിധിക്കും. പ്രതികൾക്ക് വധശിക്ഷ ലഭിക്കണമെന്ന് കൃപേഷിന്റെ പിതാവ് കൃഷ്ണൻ ട്വന്റിഫോറിനോട്. കോടതിയിൽ പൂർണ്ണ വിശ്വാസമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്തേറ്റ അടിയാണ് കേസിൽ കോടതിയുടെ കണ്ടെത്തലെന്നും, സി കെ ശ്രീധരൻ കുടുംബത്തെ വഞ്ചിച്ചെന്നും കൃപേഷിന്റെ പിതാവ് ട്വന്റിഫോറിനോട് പറഞ്ഞു.
പ്രതികൾക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് കൃപേഷിന്റെ അമ്മ ബാലാമണി. കോടതി വെറുതെ വിട്ട പത്ത് പ്രതികൾ കൂടി ശിക്ഷിക്കപ്പെടണമെന്ന് ശരത് ലാലിന്റെ അമ്മ ലത ട്വന്റിഫോറിനോട് പറഞ്ഞു. മക്കൾക്കെതിരെ സിപിഐഎം വ്യാജ പ്രചാരണം നടത്തുകയാണെന്നും ശരത് ലാലിന്റെ അമ്മ പറഞ്ഞു.
Read Also: പെരിയ ഇരട്ടക്കൊല കേസ്; സിബിഐ കോടതി ഇന്ന് ശിക്ഷ വിധിക്കും
പ്രതികൾക്ക് വധശിക്ഷ പ്രതീക്ഷിക്കുന്നുവെന്ന് ശരത് ലാലിന്റെ പിതാവ് സത്യനാരായണൻ ട്വന്റിഫോറിനോട്. കൊന്നിട്ടും മക്കൾക്കെതിരെ സിപിഐഎം വ്യാജ പ്രചാരണം നടത്തുകയാണ്. ഉദുമ ഏരിയ സെക്രട്ടറി മധു ഉൾപ്പെടെ മോശമായ ഭാഷയിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുകയാണെന്നും ശരത് ലാലിന്റെ പിതാവ് സത്യനാരായണൻ പറഞ്ഞു. ഒന്നാംപ്രതിയും കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനുമായ സിപിഐഎം പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗം എ പീതാംബരനടക്കം 14 പ്രതികളെയാണ് പ്രത്യേക സിബിഐ കോടതി കുറ്റക്കാരായി കണ്ടെത്തിയത്.
ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമനും കുറ്റക്കാരനാണെന്ന് സിബിഐ കോടതി വിധിച്ചിരുന്നു. കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ നിന്നും മോചിപ്പിച്ച കുറ്റമാണ് കെ വി കുഞ്ഞിരാമൻ ഉൾപ്പെടുന്ന 14, 20, 21, 22 പ്രതികൾക്കെതിരെ തെളിഞ്ഞത്. പത്ത് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കെതിരെ കൊലപാതകം, ഗൂഡാലോചന, തെളിവ് നശിപ്പിക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, മാരക ആയുധങ്ങൾ ഉപയോഗിച്ച് ഉപദ്രവം, തടഞ്ഞു നിർത്തൽ തുടങ്ങിയ വകുപ്പുകൾ നിലനിൽക്കുമെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.
Story Highlights : Periya murder case responds of Kripesh and Sarath lal parents
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here