‘അപമാനിക്കുന്നത് തുടർന്നാൽ നിയമനടപടി; ബുദ്ധിമുട്ട് തുറന്ന് പറഞ്ഞിരുന്നു’; ഹണി റോസ്

ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ തന്റെ സ്ത്രീത്വത്തെ നിരന്തരം ഒരാൾ അപമാനിക്കുന്നുവെന്ന ആരോപണവുമായി സിനിമാതാരം ഹണി റോസ്. അപമാനിക്കുന്നത് തുടർന്നാൽ നിയമനടപടിയിലേക്ക് കടക്കുമെന്ന് ഹണി റോസ് ട്വന്റിഫോറിനോട് പറഞ്ഞു. താൻ അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടാണ് സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞതെന്ന് നടി പറയുന്നു. നിലവിൽ കൂടുതൽ പ്രതികരണങ്ങളിലേക്ക് പോകുന്നില്ലെന്ന് ഹണി റോസ് വ്യക്തമാക്കി.
ഇനി ഒരു ബുദ്ധിമുട്ട് ഉണ്ടാവുകയാണെങ്കിൽ കേസ് ഫയൽ ചെയ്ത് മുന്നോട്ട് പോകാനാണ് തീരുമാനം. ഒരു മുന്നറിയിപ്പ് എന്ന നിലയിലാണ് സോഷ്യൽമീഡിയ പോസ്റ്റെന്ന് ഹണി റോസ് പറഞ്ഞു. തനിക്കുണ്ടായ ബുദ്ധിമുട്ട് പറയണമെന്നുണ്ടായിരുന്നു. അതിനാണ് കാര്യം പോസ്റ്റ് ചെയ്തതെന്ന് താരം പറഞ്ഞു. നിലവിൽ വ്യക്തിയുടെ പേര് ഉൾപ്പെടെ പറയാനോ മറ്റ് പ്രതികരണങ്ങൾക്കൊ താത്പര്യമില്ലെന്ന് നടി പറഞ്ഞു.
Read Also: ‘ഒരു വ്യക്തി ലൈംഗികദ്യോതകമായ ഉദ്ദേശത്തോടെ പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുന്നു’: ഹണി റോസ്
നേരിടുന്ന ബുദ്ധിമുട്ട് ആളുടെ മാനേജർ വഴി പറഞ്ഞിരുന്നു. പലരീതിയിലും പറഞ്ഞിരുന്നതാണ്. വീണ്ടും ഇത് തുടർന്നതുകൊണ്ടാണ് പോസ്റ്റ് ഇടേണ്ടിവന്നതെന്ന് ഹണി റോസ് പറഞ്ഞു. വ്യക്തിപരമായും കുടുംബത്തെയും ബാധിക്കുന്നതുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചതെന്ന് ഹണി റോസ് വ്യക്തമാക്കി. ഉദ്ഘാടന ചടങ്ങിന് പോകാത്തതിന് പ്രതികാരമായി സമൂഹമാധ്യങ്ങളിലൂടെ തന്റെ പേര് വലിച്ചിഴച്ച് അവഹേളിക്കുന്നുവെന്നായിരുന്നു ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ലൈംഗികചുവയുള്ള ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ ഒരാൾ അപമാനിക്കുകയാണെന്നും പണത്തിന്റെ ധാർഷ്ട്യത്താൽ ഏത് സ്ത്രീയേയും ഒരാൾക്ക് അപമാനിക്കാൻ കഴിയുമോ എന്നും ഹണിറോസ് സമൂഹമാധ്യങ്ങളിൽ കുറിച്ചു. എന്നാൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അപമാനിക്കുന്നത് ആരെന്ന് പരാമർശിച്ചിട്ടില്ല. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ തന്റെ പേര് സമൂഹമാധ്യമങ്ങളിൽ പറയുന്നു. തനിക്ക് പ്രതികരണശേഷി ഇല്ല എന്ന് അതിനർത്ഥം ഇല്ലെന്ന് ഹണിറോസ് പോസ്റ്റിൽ വ്യക്തമാക്കി.
Story Highlights : Actress Honey Rose reacts in social media post on stockings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here