Advertisement

‘നാരാണയഗുരു മാത്രമല്ല, അയ്യങ്കാളിയും സനാതനധർമ്മത്തിന്‍റെ വക്താവ്’: ബിജെപി ദേശീയ വക്താവ് ഗുരുപ്രകാശ്

January 5, 2025
Google News 2 minutes Read
CM Pinarayi vijayan against Muslim League

മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൻ്റെ ചരിത്രം ഒന്നുകൂടി പഠിക്കണമെന്ന് ബിജെപി ദേശീയ വക്താവ് ഗുരുപ്രകാശ്. സനാതന ധർമ്മ വിവാദത്തിൽ മുഖ്യമന്ത്രിയുടെ പ്രസ്താവനെ വിമർശിച്ച് ദി ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിൽ നാരായണ ഗുരു മാത്രമല്ല, മഹാത്മാ അയ്യങ്കാളിയും സനാതനധർമ്മത്തിന്‍റെ വക്താവാണെന്ന് അദ്ദേഹം എഴുതി. ഹിന്ദു സംസ്‌കാരത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ പരാമർശങ്ങൾ നടത്തുന്നത് ഫാഷനായി മാറിയിരിക്കുന്നുവെന്നും ഡോ.ബി.ആർ അംബേദ്കർ നികൃഷ്ടമാക്കിയ അക്രമാസക്തമായ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെക്കുറിച്ച് ജനം അറിയേണ്ടതുണ്ടെന്നും അദ്ദേഹം ലേഖനത്തിൽ പറയുന്നു.

ഇന്ത്യയുടെ ചരിത്രത്തിൽ അക്രമാസക്തമായ കൂട്ടക്കൊലകൾക്ക് വിധേയരായിരുന്ന ദളിതർ അതിൽ നിന്ന് മുക്തരാക്കപ്പെടുന്ന സമയമാണ്. പശ്ഛിമ ബംഗാളിൽ ജോതി ബസു മുഖ്യമന്ത്രിയായിരിക്കെ ഇടത് സർക്കാർ നടത്തിയ ദളിത് കൂട്ടക്കൊല മാധ്യമങ്ങളിൽ പോലും ചർച്ചയായിരുന്നില്ല. നാരായണ ഗുരുവിനെയും ഹൈന്ദവ സംസ്കാരത്തെയും കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ്താവന ഇരട്ടത്താപ്പും വസ്തുതാവിരുദ്ധവുമാണ്. കേരളത്തിലെ സാമൂഹിക നവോത്ഥാനത്തിന് വഴിയൊരുക്കിയ നാരായണ ഗുരുവിൻ്റെ പ്രവർത്തനങ്ങളെ മറയാക്കി ഹിന്ദു മതത്തെയും സംസ്കാരത്തെയും കളങ്കപ്പെടുത്തുന്ന മുഖ്യമന്ത്രിയുടെ നടപടി അംഗീകരിക്കാനാവില്ല.

ഹൈന്ദവ ചിന്തയെയും മതത്തെയും സംസ്‌കാരത്തെയും സ്വയം പുനർനിർമ്മിച്ച വ്യക്തിയായിരുന്നു നാരായണ ഗുരു. അതിനാൽ തന്നെ അദ്ദേഹം സനാതന ധർമ്മത്തിൻ്റെ ജനപ്രിയ വക്താവാണ്. ഇന്ത്യയുടെ ചരിത്രത്തിൽ ഹിന്ദു സംസ്കാരം രൂപപ്പെടുത്തിയത് കീഴാള ജനതയാണ്. കേരളത്തിലെ ദളിത് പ്രസ്ഥാനത്തിൻ്റെ ഭാഗമായി ചരിത്രകാരന്മാരും രാഷ്ട്രീയക്കാരും പലപ്പോഴും കാണാതെ പോകുന്ന ഒരു അവിഭാജ്യ വ്യക്തിയാണ് സനാതന ധർമ്മത്തിൻ്റെ വക്താവായിരുന്ന അയ്യങ്കാളി. ദളിത് പ്രസ്ഥാനത്തിലും ഹിന്ദു സംസ്‌കാരത്തിലെ പരിഷ്‌കാരങ്ങളിലും അയ്യങ്കാളിയുടെ സംഭാവനകൾ സ്‌മാരകമാണ്. വിപ്ലവകാരിയായ സാമൂഹിക പരിഷ്കർത്താവായ അയ്യങ്കാളി വിജയത്തിനായി കീഴാളർ പിന്തുടരേണ്ട തത്വങ്ങൾ നിരത്തി. ദൈവത്തിലുള്ള വിശ്വാസം, ആധുനിക വസ്ത്രധാരണം, ശുചിത്വം, അനുസരണം, അച്ചടക്കം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ആര്യസമാജം, ഹിന്ദു മഹാസഭ, കേരള ഹിന്ദു മിഷൻ തുടങ്ങിയ ഹിന്ദു സംഘടനകളുമായി ചേർന്ന് ആവശ്യമായ പരിഷ്‌കാരങ്ങൾ കൊണ്ടുവരാൻ അദ്ദേഹം പരിശ്രമിച്ചുവെന്നും ഗുരുപ്രകാശ് ലേഖനത്തിൽ പറയുന്നു.

ആധുനിക ഇന്ത്യയുടെ നിർമ്മാണത്തിന് വലിയ സംഭാവന നൽകിയവരാണ് ഇരുവരും. അംബേദ്കർ പോലും ജാതിയുടെ ഉന്മൂലനത്തിനാണ് ശ്രമിച്ചത്, അല്ലാതെ മതത്തിൻ്റെ ഉന്മൂലനമായിരുന്നില്ല അവരുടെ ലക്ഷ്യം. ഹിന്ദു സംസ്കാരത്തിൽ ദുർഗ്ഗ എന്ന അർത്ഥം വരുന്ന പേരാണ് ഭരണഘടനാ നിർമ്മാണ സഭയിലെ ഏക ദളിത് വനിതാ പ്രതിനിധിയായ മലയാളി ദാക്ഷായണി വേലായുധൻ്റേത്. ഭരണഘടനാ പദവികളിലിരിക്കുന്നവർ വിശ്വാസത്തെ വിമർശിച്ച് സംസാരിക്കുന്നത് അഭികാമ്യമല്ലെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമർശിച്ചുള്ള ലേഖനത്തിലുണ്ട്.

Story Highlights : Pinarayi Vijayan should revisit Kerala history to understand Sanatana Dharma says BJP national spokesperson.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here