സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അനുമതി നിഷേധിച്ചുകൊണ്ടുള്ള വിധി പുനപരിശോധിക്കേണ്ടതില്ല; ഹര്‍ജി തള്ളി സുപ്രിംകോടതി

രാജ്യത്ത് സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അനുമതി നിഷേധിച്ചുകൊണ്ടുള്ള വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിംകോടതി തള്ളി. 2023 ഒക്ടോബറില്‍ പുറത്തിറക്കിയ വിധി പുനപരിശോധിക്കേണ്ടതില്ലെന്നും അതില്‍ എന്തെങ്കിലും പിഴവുള്ളതായി ബോധ്യപ്പെട്ടിട്ടില്ലെന്നും സുപ്രിംകോടതി പറഞ്ഞു. (Top Court Rejects Pleas On Review Of Same-Sex Marriage Verdict)
ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, സൂര്യകാന്ത്, ബിവി നാഗരത്ന, പിഎസ് നരസിംഹ, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജികളില്‍ തുറന്ന വാദം കേള്‍ക്കാന്‍ വിസമ്മതിച്ചു. ഇവര്‍ പുനപരിശോധനാ ഹര്‍ജികള്‍ ചേംബറില്‍ വച്ച് പരിശോധിക്കുകയും തിരുത്തല്‍ ആവശ്യമില്ലെന്ന് ബോധ്യമായതിനെ തുടര്‍ന്ന് അവ തള്ളുകയുമായിരുന്നു. ജസ്റ്റിസ് പിഎസ് നരസിംഹ 2023 ഒക്ടോബറില്‍ വിധി പറഞ്ഞ ബെഞ്ചിലും ഉള്‍പ്പെട്ടിരുന്നു. ഇതിനകം റിട്ടയര്‍ ചെയ്ത ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ടിനോടും ഹിമാ കോഹ്ലിയോടും സംസാരിച്ചുവെന്നും വിധി പുനപരിശോധിക്കേണ്ടതില്ലെന്ന് തങ്ങള്‍ മനസിലാക്കിയെന്നും ബെഞ്ച് അറിയിച്ചു.
ഇപ്പോള്‍ ചീഫ് ജസ്റ്റിസായി നിയമിതനായ ജസ്റ്റിസ് സഞ്ജീവ് ഖന്ന 2024 ജൂലൈയില്‍ വിധി പുനപരിശോധിക്കണ ആവശ്യം നിരസിച്ചിരുന്നു. ഇതിന് ശേഷമാണ് പുനപരിശോധനാ ഹര്‍ജികള്‍ പരിശോധിക്കാന്‍ ബെഞ്ച് രൂപീകരിച്ചത്. സ്വവര്‍ഗ വിവാഹത്തിന് നിയമാനുമതി നല്‍കാനാകില്ലെന്നും ഇത് സംബന്ധിച്ച നിയമനിര്‍മാണം പാര്‍ലമെന്റാണ് നടത്തേണ്ടത് എന്നുമായിരുന്നു 2023 ഒക്ടോബറില്‍ കോടതിയുടെ സുപ്രധാന വിധി. വിവാഹത്തിനുള്ള അവകാശം മൗലികമല്ലെന്നും സ്വവര്‍ഗ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ അനുമതി നല്‍കാനാകില്ലെന്നും കോടതി അന്ന് വിധിച്ചിരുന്നു.
Story Highlights : Top Court Rejects Pleas On Review Of Same-Sex Marriage Verdict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here