Advertisement

എഫ്എ കപ്പില്‍ ലിവര്‍പൂളിന് മിന്നുംജയം; അക്രിങ്ടണിനെ തോല്‍പ്പിച്ചത് നാല് ഗോളുകള്‍ക്ക്

4 days ago
Google News 3 minutes Read
Liverpool vs Accrington

69 വര്‍ഷത്തിന് ശേഷം ആന്‍ഫീല്‍ഡിലേക്ക് ലങ്കാഷെയറില്‍ നിന്നുള്ള സന്ദര്‍ശകരായെത്തിയ അക്രിങ്ടണ്‍ സ്റ്റാന്‍ലിയുടെ വലയിലേക്ക് നാല് തവണ നിറയൊഴിച്ച് കരുത്ത് കാട്ടിയ ലിവര്‍പൂളിന് എഫ്എ കപ്പില്‍ മിന്നും ജയം. ആദ്യപകുതിയുടെ 29-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ താരം ഡിയാഗോ ജോട്ട, 45-ാം മിനിറ്റില്‍ ഇംഗ്ലീഷ് താരം ക്യാപ്റ്റന്‍ അലക്‌സാണ്ടര്‍ അര്‍നോള്‍ഡ്, 76-ാം മിനിറ്റില്‍ ഇംഗ്ലീഷ് താരമായ ജെയ്ഡന്‍ ഡാന്‍സ്, 90-ാം മിനിറ്റില്‍ ഇറ്റാലിയന്‍ താരം ഫ്രഡറിക്കോ ചിയേസ എന്നിവരാണ് ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തത്. മത്സരം തുടങ്ങി പത്ത് മിനിറ്റിനകം തന്നെ ലിവര്‍പൂള്‍ ആധിപത്യം ഉറപ്പിച്ചപ്പോള്‍ അക്രിങ്ടണ്‍ താരങ്ങള്‍ക്ക് ചില ഒറ്റപ്പെട്ട നീക്കങ്ങള്‍ മാത്രമാണ് നടത്താനായത്. ലിവര്‍പൂള്‍ ഗോള്‍മുഖത്തേക്കുള്ള അക്രിങ്ടണിന്റെ നീക്കത്തിനൊടുവിലായിരുന്നു ലിവര്‍പൂളിന്റെ ആദ്യഗോള്‍.
29-ാം മിനിറ്റില്‍ അക്രിങ്ടണ്‍ താരത്തിന്റെ ഗോള്‍മുഖത്തെ നീക്കത്തിനൊടുവില്‍ പന്ത് ലിവര്‍പൂള്‍ താരങ്ങളുടെ കാലുകളിലേക്ക് എത്തുന്നു. സുന്ദരമായ കൗണ്ടര്‍ അറ്റാക്കിലൂടെയായിരുന്നു ആദ്യഗോള്‍.

ഡാര്‍വിന്‍ ന്യൂനസിന്റെ വലത് വശത്ത് നിന്ന് ഡിഫന്‍സ് സ്പ്ലിറ്റിംഗ് പാസ് അലക്സാണ്ടര്‍-അര്‍നോള്‍ഡ് സോബോസ്ലായ്ക്ക് നല്‍കുന്നു. തൊട്ടുപിന്നാലെ പന്ത് നുനെസിന് മറിക്കുന്നു. പന്തുമായി ബോക്സിലേക്ക് പ്രവേശിച്ച ന്യൂനസ് ഇടതുവിങിലൂടെ പോസ്റ്റിലേക്ക് ഓടിക്കയറിയ ഡിയാഗോ ജോട്ടക്ക് നല്‍കിയതും മത്സരത്തില്‍ ആദ്യഗോള്‍ പിറന്നു. ഡിയാഗോ ജോട്ടക്ക് ലഭിച്ച ബോള്‍ അധികം വിയര്‍ക്കാതെ അദ്ദേഹം വലയിലേക്ക് തട്ടിയിടുകയായിരുന്നു. സ്‌കോര്‍ 1-0.

45-ാം മിനിറ്റില്‍ ബോക്സിന് പുറത്ത് നിന്ന് പോസ്റ്റിന്റെ ടോപ്പ് കോര്‍ണര്‍ ലക്ഷ്യമിട്ടുള്ള ഷോട്ടിലൂടെ അലക്സാണ്ടര്‍-അര്‍നോള്‍ഡ് ആതിഥേയരുടെ ലീഡ് ഇരട്ടിയാക്കി. സ്‌കോര്‍ 2-0. കൂടുതല്‍ ഗോള്‍ വഴങ്ങാതിരിക്കാനുള്ള അക്രിങ്ടണ്‍ ഡിഫന്റര്‍മാരുടെ ശ്രമം തുടരവെ ലിവര്‍പൂള്‍ മൂന്നാം ഗോളും കണ്ടെത്തി. 76-ാം മിനിറ്റില്‍ ലിവര്‍പൂള്‍ താരങ്ങള്‍ കൂട്ടമായി അക്രിങ്ടണ്‍ ഗോള്‍മുഖത്തേക്ക് എത്തി. കൂട്ടപ്പൊരിച്ചിലിനിടയില്‍ ഡാന്‍സ് സ്‌കോര്‍ ചെയ്തു. സ്‌കോര്‍ 3-0. 90-ാം മിനിറ്റില്‍ ചീസയുടെ മനോഹരമായ ഷോട്ടില്‍ ലിവര്‍പൂള്‍ വിജയമുറപ്പിച്ചു. സ്‌കോര്‍ 4-0. പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്തുള്ള നോട്ടിംഗ്ഹാം ഫോറസ്റ്റുമായാണ് അടുത്ത മത്സരം.

Story Highlights: Liverpool vs Accrington Stanley match in FA Cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here