Advertisement

ഗോപന്‍ സ്വാമി കിടപ്പിലായിരുന്നുവെന്ന് ബന്ധു; നടന്നുപോയി സമാധി ആയെന്ന് മകന്‍; മൊഴികളില്‍ വൈരുധ്യം; സര്‍വത്ര ദുരൂഹത

January 12, 2025
1 minute Read
gopan

നെയ്യാറ്റിന്‍കരയില്‍ ഗോപന്‍ സ്വാമി എന്നറിയപ്പെടുന്ന ഗോപന്‍ എന്നയാളുടെ സമാധിയുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്താന്‍ ഒരുങ്ങി പൊലീസ്. ഗോപനെ ജീവനോടെയാണോ സമാധി ഇരുത്തിയത് അതോ മരണശേഷമാണോ എന്നുള്ള കാര്യമാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. മക്കളുടെയടക്കം മൊഴികളിലുള്ള വൈരുധ്യം കേസിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്.

മരണസമയത്ത് മകന്‍ രാജസേനന്‍ ആയിരുന്നു കൂടെ ഉണ്ടായിരുന്നത്. സമാധിക്ക് സമയമായി എന്ന് പറഞ്ഞ് പിതാവ് അറയില്‍ ഇരുന്ന് മരിച്ചുവെന്നാണ് ഇയാളുടെ മൊഴി. രാവിലെ പത്തോടെ അറയിലേക്കു നടന്നു പോയി പത്മാസനത്തില്‍ ഇരുന്ന പിതാവിനു വേണ്ടി പുലര്‍ച്ചെ മൂന്നുവരെ പൂജകള്‍ ചെയ്തതായാണ് രാജസേനന്‍ പറയുന്നത്. മരണം സംഭവിച്ച ശേഷം കുളിപ്പിച്ച് സമാധി ഇരുത്തുകയായിരുന്നുവെന്ന് മറ്റൊരാള്‍ മൊഴി നല്‍കി. ‘ഗോപന്‍ സ്വാമി സമാധിയായി’ എന്ന പോസ്റ്റര്‍ മക്കള്‍ വീടിനു സമീപത്തെ മതിലുകളില്‍ പതിപ്പിച്ചപ്പോഴാണു സംഭവം നാട്ടുകാര്‍ അറിഞ്ഞത്.

ഗോപന്‍ വീട്ടുവളപ്പില്‍ ശിവക്ഷേത്രം നിര്‍മിച്ചു പൂജകള്‍ നടത്തിയിരുന്നതായി പൊലീസ് പറയുന്നു. ഇതിന് അടുത്ത് തന്ന സമാധി അറ നിര്‍മിച്ചതും ഗോപന്‍ തന്നെയാണെന്നാണ് ഭാര്യയും മക്കളും പറയുന്നത്. മരണശേഷം ദൈവത്തിന്റെ അടുക്കല്‍ പോകണമെങ്കില്‍ മൃതദേഹം വീട്ടുകാരല്ലാതെ മറ്റാരെയും കാണിക്കരുതെന്നും സമാധി ഇരുത്തണമെന്നും ഗോപന്‍ നിര്‍ദേശം നല്‍കിയിരുന്നതായാണ് മക്കളുടെ മൊഴി.

അതേസമയം, വ്യാഴാഴ്ച 10.30ന് ഗോപന്‍ സ്വാമിയെ കാണുമ്പോള്‍ അദ്ദേഹം ഗുരുതരാവസ്ഥയില്‍ കിടപ്പിലായിരുന്നു എന്ന് വീട്ടിലെത്തിയ അടുത്ത ബന്ധു മൊഴി നല്‍കിയിട്ടുണ്ട്. കിടപ്പിലായ ഗോപന്‍ എങ്ങനെ നടന്ന് സമാധി സ്ഥലത്തേക്ക് പോകും എന്നുള്ള ചോദ്യമാണ് ഉയരുന്നത്. ഇത്തരത്തില്‍ മൊഴിയില്‍ വൈരുധ്യം നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

നിലവില്‍ മാന്‍ മിസ്സിങ്ങിന് കേസെടുത്താണ് പോലീസ് അന്വേഷണം. കലക്ടറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. നാളെയോ മറ്റെന്നാളോ കല്ലറ പൊളിച്ചേക്കും. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ കല്ലറ തുറന്നു പരിശോധിക്കണമെന്നും മൃതദേഹമുണ്ടെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നുമാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

അയല്‍വാസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിലവില്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം കലക്ടര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം അനുസരിച്ച് മാത്രമായിരിക്കും പോലീസിന്റെ തുടര്‍നീക്കം. ഗോപന്‍ സ്വാമിയുടെ മരണത്തില്‍ ദുരൂഹതയുണ്ട് എന്നാണ് പ്രദേശവാസികളുടെ ആരോപണവും പരാതിയും.

Story Highlights : Neyyattinkara Gopan Swami Death explained

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top