Advertisement

ലൈംഗിക അധിക്ഷേപ കേസ്: ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി

January 14, 2025
Google News 2 minutes Read
Court may grant bail to Boby Chemmannur

ദ്വയാര്‍ഥ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ നടത്തി തന്നെ ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിലെടുത്ത കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച ഉത്തരവ് 3.30ഓടെ പുറത്തുവരും. ബോബിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ബോബിയുടെ പരാതിയില്‍ ദ്വയാര്‍ഥമില്ലെന്ന് പറയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷയില്‍ ഉള്‍പ്പെടെ ബോബി അധിക്ഷേപം തുടരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. (Court may grant bail to Boby Chemmannur)

ബോബി ചെമ്മണ്ണൂര്‍ പല പൊതുവേദികളിലും ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നതായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഒരു സെലിബ്രിറ്റിയാണെന്ന് പറയുന്ന ഇയാള്‍ എന്തിനാണ് ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് കോടതി ചോദിച്ചു. ബോബി ചെമ്മണ്ണൂര്‍ ദ്വയാര്‍ഥമുള്ള തരം പരാമര്‍ശങ്ങള്‍ നടത്തുന്നതും ഫലിതമെന്ന മട്ടില്‍ ലൈംഗിക ചുവയുള്ള കമന്റുകള്‍ പറയുന്നതുമായ വിഡിയോകള്‍ കോടതി പരിശോധിച്ചിട്ടുണ്ട്. പരാതിയ്ക്ക് ആസ്പദമായ പരിപാടിയില്‍ വെച്ച് ബോബി ഒരു തെറ്റും ചെയ്തില്ലെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

Read Also: ‘അൻവറിനെ തൽക്കാലം തള്ളുകയും കൊള്ളുകയും വേണ്ട’; മുന്നണി പ്രവേശനത്തിൽ തിടുക്കത്തിൽ തീരുമാനം വേണ്ടെന്ന് യുഡിഎഫ്

ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം പൊതുജനം മനസിലാക്കണമെന്ന് കോടതി പറഞ്ഞു. ബോബിയ്ക്ക് ജാമ്യം നല്‍കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും സമൂഹമാധ്യമങ്ങളില്‍ സ്ത്രീകളുടെ പോസ്റ്റുകള്‍ക്ക് താഴെ മോശം കമന്റിടുന്നവര്‍ക്ക് പ്രോത്സാഹനമാകുമെന്നുമാണ് പ്രോസിക്യൂഷന്‍ സൂചിപ്പിച്ചത്. ആര്‍ക്കെതിരെ എന്തും സമൂഹ മാധ്യമങ്ങളില്‍ എഴുതാം എന്ന അവസ്ഥയാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

പരാതിക്കാരിയെ ജാമ്യപേക്ഷയില്‍ വീണ്ടും ബോബി ചെമ്മണ്ണൂര്‍ അപമാനിക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാമര്‍ശം പിന്‍വലിക്കുന്നതായി പ്രതിഭാഗം അറിയിച്ചു. ബോബി ചെമ്മണ്ണൂരിന്റെ കസ്റ്റഡി ആവശ്യമാണോ എന്ന് കോടതി ആരാഞ്ഞിട്ടുണ്ട്. 3.30ന് ഉത്തരവിറങ്ങിയാലേ ജാമ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരൂ.

Story Highlights : Court may grant bail to Boby Chemmannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here