Advertisement

എന്‍.എം വിജയന്റെ മരണം: അവസരം നോക്കി നടക്കുന്ന ചോരക്കൊതിയന്‍ കുറുക്കന്റെ സ്വഭാവം CPIM സംസ്ഥാന സെക്രട്ടറി കാട്ടരുതെന്ന് കെ സുധാകരന്‍

January 14, 2025
Google News 1 minute Read
SUDHAKARAN

വയനാട് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍.എം വിജയന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന എം വി ഗോവിന്ദന്റെ പ്രതികരണത്തിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അവസരം നോക്കി നടക്കുന്ന ചോരക്കൊതിയനായ കുറുക്കന്റെ സ്വഭാവം സിപിഐഎം സംസ്ഥാന സെക്രട്ടറി കാട്ടരുതെന്ന് കെ സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും കുറ്റവാളികളുടെ സംരക്ഷണം കോണ്‍ഗ്രസ് രീതിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബനാഥന്‍ നഷ്ടപ്പെട്ട വീട്ടില്‍ പോയി രാഷ്ട്രീയ ലാഭത്തിന് സിപിഐഎം ശ്രമിക്കുന്നുവെന്നും സുധാകരന്‍ ആരോപിച്ചു.

കട്ടപ്പനയിലെ സാബു തോമസിന്റെ വീട്ടിലേക്കാണ് എം വി ഗോവിന്ദന്‍ പോകേണ്ടിയിരുന്നത്. എന്‍ എം വിജയന്റെ കുടുംബത്തിനൊപ്പമാണ് കോണ്‍ഗ്രസ് – സുധാകരന്‍ വ്യക്തമാക്കി.

കുറിപ്പിന്റെ പൂര്‍ണരൂപം:

വയനാട് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍.എം വിജയന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം അവരെ സംരക്ഷിക്കും എന്ന് എംവി ഗോവിന്ദന്‍ പറഞ്ഞതായിട്ടുള്ള മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടു. അവസരം നോക്കി നടക്കുന്ന ചോരക്കൊതിയനായ കുറുക്കന്റെ സ്വഭാവം സിപിഎം സംസ്ഥാന സെക്രട്ടറി കാട്ടരുത് എന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കാന്‍ ഉള്ളത്.

അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ടു ഉണ്ടായ വിവാദങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. സിപിഎമ്മിനെ പോലെ കുറ്റവാളികളുടെ സംരക്ഷണം ഞങ്ങളുടെ രീതിയോ ലക്ഷ്യമോ അല്ല. കുടുംബനാഥന്‍ നഷ്ടപ്പെട്ട ഒരു വീട്ടില്‍ പോയി രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ നോക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി നെറികെട്ട രാഷ്ട്രീയമാണ് കളിക്കുന്നത്.

തന്റെ ജീവിത സമ്പാദ്യമത്രയും സിപിഎം നേതാക്കള്‍ കട്ട് കൊണ്ട് പോയി ആര്‍ഭാട ജീവിതം നയിക്കുന്നത് കണ്ട് ജീവിതമവസാനിപ്പിച്ച കട്ടപ്പനയിലെ സാബു തോമസിന്റെ വീട്ടിലേക്കാണ് വയനാട് ചുരം കയറുന്നതിന് മുന്നേ ഗോവിന്ദന്‍ പോകേണ്ടിയിരുന്നത്.

എം വി ഗോവിന്ദന്റെ ജീവിത പങ്കാളി ഭരണം നിയന്ത്രിച്ചിരുന്ന ആന്തൂര്‍ മുനിസിപ്പാലിറ്റിയില്‍ ആണ് സിപിഎം പ്രവര്‍ത്തകന്‍ കൂടിയായ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തത് എന്ന് ഗോവിന്ദന്‍ മറക്കരുത്. ഒരാളുടെ മരണത്തിനു കാരണക്കാരി ആയ ജീവിതപങ്കാളിയെ ന്യായീകരിക്കൂന്ന ഗോവിന്ദന്‍ കോണ്‍ഗ്രസിനെ ഉപദേശിക്കാന്‍ ബുദ്ധിമുട്ടേണ്ട കാര്യമില്ല.

ആര്‍.എസ്.എസ് കാപാലികര്‍ ബോംബ് എറിഞ്ഞു കൊല്ലാന്‍ നോക്കിയ അസ്‌ന എന്ന കുഞ്ഞു ബാലികയെ ചോരയില്‍ നിന്നും പൊക്കി എടുത്തു ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. അവള്‍ ഇന്നൊരു ഡോക്ടര്‍ ആയി കണ്ണൂരില്‍ പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. അവളെ ബോംബ് എറിഞ്ഞ ആര്‍.എസ്.എസ് നേതാവ് ഇന്ന് സിപിഎം നേതാവാണ്. ഇതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും സിപിഎമ്മും തമ്മില്‍ ഉള്ള വ്യത്യാസം.

എന്‍ എം വിജയന്റേത് കോണ്‍ഗ്രസ് കുടുംബമാണ്. അവര്‍ക്കൊപ്പം തന്നെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും അണികളും നേതൃത്വവും. നുണ പറഞ്ഞത് കൊണ്ട് വസ്തുതകള്‍ ഇല്ലാതാകില്ലെന്ന് ക്രിമിനലുകള്‍ക്കൊപ്പം പ്രാതല്‍ കഴിച്ചും തട്ടിപ്പുകാര്‍ക്ക് ഒപ്പം ഉച്ചഭക്ഷണം കഴിച്ചും കൊള്ളക്കാര്‍ക്കൊപ്പം അത്താഴം കഴിച്ചും ഉറങ്ങുന്ന എം.വി ഗോവിന്ദന്‍ ഓര്‍ത്താല്‍ നന്ന്.

Story Highlights : K Sudhakaran against M V Govindan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here