Advertisement

’41 ദിവസത്തെ പൂജ മുടങ്ങാതെ ചെയ്യാൻ കഴിയണം’; ഗോപന്‍ സ്വാമിയുടെ കുടുംബം ഹൈക്കോടതിയിലേക്ക്

January 15, 2025
Google News 2 minutes Read
gopan swamy

നെയ്യാറ്റിൻകര ഗോപന്‍ സ്വാമിയുടെ കല്ലറ പൊളിക്കല്‍ കേസ് ഹൈക്കോടതിയിലേക്ക്. മരണശേഷമുള്ള 41 ദിവസത്തെ പൂജ മുടങ്ങാതെ ചെയ്യാൻ കഴിയണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. കല്ലറ പൊളിക്കാനുള്ള ആര്‍ഡിഒയുടെ ഉത്തരവ് റദ്ദാക്കണമെന്നും കുടുംബം ഹർജിയിൽ വ്യക്തമാക്കുന്നു. സ്വാമി സമാധിയായത് തന്നെയാണെന്ന് ഭാര്യ ആവർത്തിച്ചു. എന്നാൽ സമാധിയായെന്ന നോട്ടീസ് നേരത്തെ അച്ചടിച്ചതാണോ എന്നതിലടക്കം പൊലീസിന് സംശയമുണ്ട്.

കളക്ടറുടെ ഉത്തരവുമായി കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസും ഫൊറന്‍സിക് സംഘവും സ്ഥലത്ത് എത്തിയതിന് പിന്നാലെയാണ് കുടുംബാംഗങ്ങളുടെ നാടകീയ രംഗങ്ങൾ നടന്നത്. സമാധി തുറക്കാൻ അനുവദിക്കില്ലെന്ന നിലപാടില്‍ ഗോപന്‍ സ്വാമിയുടെ ഭാര്യയും മക്കളും കല്ലറയ്ക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ചിരുന്നു. പിന്നീട് ഇവരെ പൊലീസ് ബലം പ്രയോഗിച്ച് കല്ലറയുടെ ഭാഗത്ത് നിന്ന് നീക്കുകയായിരുന്നു. ഇതിനിടെ ബന്ധുക്കൾക്ക് നോട്ടീസ് നൽകണമെന്നും, അവരുടെ ഭാഗം കൂടി കേട്ട ശേഷമേ നിലപാടെടുക്കാവൂയെന്ന് കുടുംബത്തിന്റെ അഭിഭാഷകരും ഹൈന്ദവ സംഘടന പ്രതിനിധികളും ജില്ലാ ഭരണകൂടത്തോടും പൊലീസിനോടും ആവശ്യപ്പെട്ടു.

Read Also: ഒന്നിച്ചു നിൽക്കാൻ പി വി അൻവർ ആവശ്യപ്പെട്ടു, സീറ്റ് വാഗ്ദാനം ചെയ്തു; എ വി ഗോപിനാഥ്

ഇതിനിടെ കുടുംബത്തിന്റെ അഭിഭാഷകർ വർഗീയ പരാമർശം നടത്തിയെന്ന ആരോപിച്ച് ഒരു വിഭാഗം നാട്ടുകാരും പ്രതിഷേധിച്ച് രംഗത്തെത്തി. ഇതോടെ കല്ലറ തുറന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന നാട്ടുകാരും തുറക്കരുതെന്ന് പറയുന്നവരും തമ്മിൽ തര്‍ക്കമുണ്ടാകുകയായിരുന്നു. സ്ഥലത്ത് ക്രമസമാധാന പ്രശ്നം ഉടലെടുത്തതോടെ നടപടി നിര്‍ത്തിവെക്കാൻ സബ് കളക്ടര്‍ക്ക് തീരുമാനം എടുക്കേണ്ടി വന്നു. പിന്നാലെയാണ് ബന്ധുക്കളെ നെയ്യാറ്റിൻകര സ്റ്റേഷനിലെത്തിച്ച് ഡിവൈഎസ്പിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയത്.

ഗോപൻ സ്വാമിയുടെ സമാധിയിൽ ബന്ധുക്കൾ പറയുന്നതാണോ, പരാതിയിൽ പറയുന്നതാണോ ശരിയെന്ന അന്വേഷണമാണ് നടക്കുന്നത്. നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും ഇനിയൊരു ചർച്ചയില്ലെന്നും നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ബന്ധുക്കളെ ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. നേരത്തെ ആളെ കാൺമാനില്ലെന്ന പേരിൽ റജിസ്റ്റർ ചെയ്ത കേസിൽ മക്കളടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

അതേസമയം, മരുന്നും ഭക്ഷണവും കഴിച്ച ശേഷം ഗോപൻ സ്വാമി നടന്നു പോയി സമാധി സ്ഥലത്തിരുന്ന് മരിച്ചുവെന്നാണ് ഇളയ മകൻ രാജസേനൻറെൻ്റെ മൊഴി. മരണ ശേഷം മൃതദേഹം ശുചീകരിച്ചു വെന്ന് അടുത്ത ദിവസം അറിയിച്ചതായി കൗൺസിലർ അജിത പറഞ്ഞിരുന്നു. സമാധിയെ കുറിച്ചുള്ള പോസ്റ്ററിൽ വരെ പൊലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. ഗോപൻ സ്വാമി കഴിഞ്ഞ വ്യാഴാഴ്ച സമാധിയായെന്നാണ് കുടുംബം പറയുന്നത്. അന്ന് വൈകീട്ട് ആലുംമൂടിലെ ഒരു സ്ഥാപനത്തിൽ നിന്നും കളർ പ്രിൻ്റ് എടുത്ത് അടുത്ത ദിവസം രാവിലെ സമീപത്ത് ഒട്ടിച്ചെന്നാണ് മക്കളുടെ മൊഴി.

Story Highlights : Family of Neyyatinkara Gopan Swamy to High Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here