Advertisement

വന നിയമഭേദഗതി ഉപേക്ഷിച്ച സര്‍ക്കാര്‍ തീരുമാനം: നാണംകെട്ട് പിന്‍വലിക്കേണ്ടി വന്നുവെന്ന് രമേശ് ചെന്നിത്തല; സ്വാഗതം ചെയ്ത് മാര്‍ ജോസഫ് പാംപ്ലാനി

January 15, 2025
Google News 2 minutes Read
forest act

സര്‍ക്കാരിന് നാണംകെട്ട് വന നിയമ ഭേദഗതി പിന്‍വലിക്കേണ്ടിവന്നുവെന്ന് രമേശ് ചെന്നിത്തല. ജന വികാരം ശക്തമാകുമെന്ന് കണ്ടാണ് പിന്‍വലിക്കേണ്ടി വന്നതെന്നും മുഖ്യമന്ത്രി മുന്നോട്ടു വച്ച കാല് പിന്നോട്ട് വലിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരമൊരു നിയമ ഭേദഗതിയുമായി യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടു വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭേദഗതി കൊണ്ടുവന്നതിന് ശേഷം ജനങ്ങളില്‍ നിന്ന് കടുത്ത പ്രതിഷേധമുണ്ടായപ്പോള്‍ യാതൊരു ഗത്യന്തരമില്ലാതെ നാണംകെട്ട് പിന്‍വലിക്കേണ്ടിവന്നു. ജനരോക്ഷം രൂക്ഷമാകും എന്ന് കൊണ്ടാണ് വന നിയമം പിന്‍വലിക്കാന്‍ തയ്യാറാക്കുന്നത്. അത് അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ജനങ്ങളെ ഒരു ഭാഗത്ത് വന്യമൃഗങ്ങള്‍ ആക്രമിക്കുമ്പോള്‍ മറുഭാഗത്ത് പിണറായി വിജയന്‍ സര്‍ക്കാര്‍ ആക്രമിക്കുന്നു – അദ്ദേഹം വിശദമാക്കി.

അതേസമയം, സര്‍ക്കാര്‍ നീക്കത്തെ മാര്‍ ജോസഫ് പാംപ്ലാനി സ്വാഗതം ചെയ്തു. സര്‍ക്കാരിന്റെ തീരുമാനത്തില്‍ ആശ്വാസവും സന്തോഷവും അദ്ദേഹം രേഖപ്പെടുത്തി. മലയോര കര്‍ഷകരുടെ ആശങ്കകളെ സര്‍ക്കാര്‍ ഗൗരവത്തില്‍ എടുത്തു. മുഖ്യമന്ത്രിയോട് നന്ദി അറിയിക്കുന്നു. ജനപക്ഷത്ത് നില്‍ക്കുന്ന സര്‍ക്കാരിന്റെ നിലപാടായി കാണുന്നു. സര്‍ക്കാര്‍ തീരുമാനം വൈകി എന്ന് അഭിപ്രായമില്ല. അവരുടെ ആത്മാര്‍ത്ഥത സംശയിക്കുന്നില്ല – അദ്ദേഹം വിശദമാക്കി.

Read Also: ഏത് നിയമവും മനുഷ്യര്‍ക്ക് വേണ്ടി എന്നതാണ് നിലപാടെന്ന് മുഖ്യമന്ത്രി; വനനിയമഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്

യുഡിഎഫ് മലയോര സമര പ്രചരണയാത്ര പ്രഖ്യാപിച്ചതിനാലാണ് വന നിയമഭേദഗതി ഉപേക്ഷിക്കാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും നിര്‍ബന്ധിതരായതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പ്രതികരിച്ചു. മലയോര പ്രദേശവാസികളും കര്‍ഷകരും യുഡിഎഫും നിരന്തരം ആവശ്യപ്പെട്ടിട്ടും ഈ വനഭേദഗതി നിയമത്തില്‍ നിന്ന് പിന്‍മാറാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. വന്യമൃഗങ്ങളുടെ അക്രമത്തില്‍നിന്ന് മലയോര കര്‍ഷകരേയും ജനങ്ങളേയും രക്ഷിക്കുക, വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരണമടയുന്നവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരതുക വര്‍ധിപ്പിക്കുക,കാര്‍ഷിക മേഖലയിലെ തകര്‍ച്ചക്ക് പരിഹാരമുണ്ടാക്കുക, ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജനുവരി 27 മുതല്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ നയിക്കുന്ന മലയോര സമര പ്രചരണയാത്രയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ മലയോര ജനതയുടെ പ്രതിഷേധം ശക്തമായി രേഖപ്പെടുത്തുമെന്നും എംഎം ഹസന്‍ പറഞ്ഞു.

മുഖ്യമന്ത്രി ഉറപ്പുപാലിച്ചുവെന്ന് ജോസ് കെ മാണി പറഞ്ഞു. ബില്ലിനെതിരെ ശക്തമായ നിലപാടാണ് കേരളാ കോണ്‍ഗ്രസ് എം സ്വീകരിച്ചതെന്നും പാര്‍ലമെന്ററി പാര്‍ട്ടി മുഖ്യമന്തിയെ നേരില്‍ കണ്ട് ആശങ്കകള്‍ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബില്ലുമായി മുന്നോട്ട് പോകില്ലെന്ന് ഉറപ്പ് മുഖ്യമന്ത്രി അന്ന് നല്‍കി, ആ ഉറപ്പാണ് ഇപ്പോള്‍ പ്രാവര്‍ത്തികമായിരിക്കുന്നതെന്നും ജോസ് കെ മാണി – വ്യക്തമാക്കി.

Story Highlights : Reactions on government stepping back from Forest (Conservation) Amendment Act

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here