അമരക്കുനിയിൽ മൂന്നാം ദിവസവും കടുവയുടെ ആക്രമണം; വല വിരിച്ച് വനംവകുപ്പ്

വയനാട് അമരക്കുനിയിൽ തുടർച്ചയായ മൂന്നാം ദിവസവും കടുവയുടെ ആക്രമണം. തൂപ്ര സ്വദേശി ചന്ദ്രൻ പെരുമ്പറമ്പിലിന്റെ ആടിനെയാണ് കടുവ പിടികൂടിയത്. ഇന്നലെ ഊട്ടി കവല പ്രദേശത്ത് തെർമൽഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ചുള്ള പരിശോധന നടത്തുന്നതിടെയാണ് കടുവയുടെ ആക്രമണം. ഒരാഴ്ചയ്ക്കിടെ അഞ്ചാമത്തെ ആടാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്.
കടുവ ആടിനെ ആക്രമിച്ചു കൊന്ന തൂപ്രയിൽ കൂട് സ്ഥാപിക്കും. ചന്ദ്രന്റെ വീടിനോട് ചേർന്നാണ് കടുവയ്ക്കായി കെണി ഒരുക്കുക. വനം വകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ആടിനെ കൊന്ന ദേവർഗദ്ധ സ്വദേശി കേശവന്റെ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് വീണ്ടും കടുവ ആക്രമണം ഉണ്ടായത്. അമരക്കുനിയുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ് കടുവാ സാന്നിധ്യം.
Read Also: ‘കടുവയ്ക്കിഷ്ടം മട്ടൻ, ബീഫ് കഴിക്കാത്ത കടുവ നോർത്ത് ഇന്ത്യക്കാരനോ’?
കടുവയെ പിടികൂടാത്തതിൽ നാട്ടുകാർക്കും പ്രതിഷേധമുണ്ട്. കടുവയെ കണ്ടെത്തിയാൽ മയക്കുവെടി വെച്ച് പിടികൂടാനാണ് തീരുമാനം. ഡോക്ടർ അരുൺ സക്കറിയയും സംഘവും അമരക്കുനിയിൽ എത്തിയിരുന്നു. ഡോക്ടർ അരുൺ സക്കറിയ ഇന്നലെ രാത്രി മുതൽ അമരക്കുനിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. അമരക്കുനിയിലെ കടുവ ഇതുവരെ പിടിച്ചത് മുഴുവൻ ആടുകളെയാണ്. അനാരോഗ്യം ആകാം ചെറിയ മൃഗങ്ങളെ വേട്ടയാടാൻ ഉള്ള കാരണമെന്ന് വനംവകുപ്പ് വിലയിരുത്തുന്നു. വിക്രം, സുരേന്ദ്രൻ എന്നീ കുങ്കിയാനകളെയും കടുവ തിരച്ചിലിനായി മുത്തങ്ങയിൽ നിന്നും എത്തിച്ചിരുന്നു.
Story Highlights : Tiger attack in Wayanad Amarakuni on third day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here