Advertisement

നെടുമങ്ങാട് വാഹനാപകടം; ഡ്രൈവറുടെ ലൈസൻസും, ബസിന്റെ ഫിറ്റ്നസും റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്

January 18, 2025
Google News 3 minutes Read
tourist bus

തിരുവനന്തപുരം നെടുമങ്ങാട് ഇഞ്ചിയത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവർ അരുൾ രാജിന്റെ ലൈസൻസും ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും റദ്ദാക്കി. ബസിന്റെ പെർമിറ്റും രജിസ്ട്രേഷനും റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചതായും ഗതാഗത വകുപ്പ് അറിയിച്ചു.

ഇന്നലെ രാത്രിയാണ് കാട്ടാക്കട പെരുങ്കടവിളയിൽ നിന്ന് മൂന്നാറിലേക്ക് ഉല്ലാസയാത്ര പോയ സംഘം സഞ്ചരിച്ച ബസ് രാത്രി 10:15 ഓടെ അപകടത്തിൽപ്പെടുന്നത്. അപകടത്തിൽ കാവല്ലൂർ സ്വദേശിനി ദാസിനി മരണപ്പെട്ടിരുന്നു. അപകടം നടന്ന ഉടൻ നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. മിനിറ്റുകൾ കൊണ്ട് ബസിലുള്ള മുഴുവൻ ആളുകളെയും ആശുപത്രിയിലേക്ക് മാറ്റാൻ സാധിച്ചു. ഒരുകൂട്ടം മനുഷ്യരുടെ അടിയന്തര ഇടപെടലിലൂടെ രക്ഷപ്പെട്ടത് ഒരു പിടി ജീവനുകളാണ്. ബസിൽ ഒരു വയസ് പ്രായമുള്ള കുട്ടികളടക്കമുള്ളവർ ഉണ്ടായിരുന്നു. അപകട സമയത്ത് ബസിൽ ഉണ്ടായിരുന്ന 49 പേരിൽ 44 പേർക്കും പരുക്കേറ്റു.

Read Also: താമരശേരിയിൽ മയക്കുമരുന്നിന് അടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു

അപകടത്തിന് പിന്നാലെ ഒളിവിൽ പോയ ടൂറിസ്റ്റ് ബസ് ഡ്രൈവർ ഒറ്റശ്ശേരിമംഗലം സ്വദേശി അരുൾ ദാസിനെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നെടുമങ്ങാട് സ്റ്റേഷനിൽ എത്തിച്ച അരുളിനെ വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. അലക്ഷ്യമായി വാഹനമോടിച്ച് ജീവൻ നഷ്ടപ്പെടുത്തിയതിനെതിരെയുള്ള വകുപ്പുകൾ ആണ് ഡ്രൈവർക്കെതിരെ ചുമത്തിയിരിക്കുന്നത്.അമിതവേഗത്തിൽ വാഹനം വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ടു മറിഞ്ഞു എന്നാണ് അരുൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

അതേസമയം, ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. റോഡ് നിർമ്മാണത്തിലും അശാസ്ത്രീയതയുണ്ടെന്നാണ് ആരോപണം. പിന്നാലെ റോഡ് ഉപരോധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം നടന്നിരുന്നു.

Story Highlights : Nedumangad accident; The motor vehicle department has canceled the driver’s license and the fitness of the bus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here