സെയ്ഫ് അലിഖാനെ ആക്രമിച്ച കേസിലെ പ്രതി പിടിയില്‍; വിജയ് ദാസിനെ കസ്റ്റഡിയിലെടുത്തത് മുംബൈയിലെ ലേബര്‍ ക്യാംപില്‍ നിന്ന്

ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതി പിടിയില്‍. വിജയ് ദാസെന്നയാളെ മഹാരാഷ്ട്രയിലെ താനെയില്‍ നിന്നാണ് പിടികൂടിയത്. ഒരു ലേബര്‍ ക്യാമ്പില്‍ ഇയാള്‍ ഒളിച്ച് താമസിക്കുകയായിരുന്നു. പ്രതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ പൊലീസ് ഇന്ന് രാവിലെ 9 മണിക്ക് മാധ്യമങ്ങളെ കാണും. (Saif Ali Khan stabbing case Mumbai Police arrests prime accused)
താനെയിലെ ഹിരാനന്ദാനി എസ്റ്റേറ്റിലെ ടിസിഎസ് കോള്‍ സെന്ററിന് പിന്നിലെ മെട്രോ നിര്‍മ്മാണ സ്ഥലത്തിന് സമീപമുള്ള ലേബര്‍ ക്യാമ്പില്‍ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഡിസിപി സോണ്‍-6 നവ്നാഥ് ധവാലെയുടെ സംഘവും കാസര്‍വാഡാവലി പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ ഒരു പബ്ബിലാണ് ജോലി ചെയ്തിരുന്നതെന്ന് പൊലീസ് അറിയിച്ചു.
അതേസമയം മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു. കരീന കപൂറിന്റെയും സൈഫ് അലിഖാന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി.അണുബാധ സാധ്യത ഒഴിവാക്കാന്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാന്‍ ആകും എന്നാണ് പ്രതീക്ഷ. സിസിടിവിയില്‍ പതിഞ്ഞ അക്രമിയോട് രൂപസാദൃശ്യമുള്ള ഒരാളെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ചോദ്യം ചെയ്തതിനുശേഷം ഇയാള്‍ അല്ല പ്രതി എന്ന് മനസ്സിലാക്കി വിട്ടയക്കുകയായിരുന്നു.
Story Highlights : Saif Ali Khan stabbing case Mumbai Police arrests prime accused
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here