ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയ സംഭവം; പരാതി വ്യാജമെന്ന് ആരോഗ്യ വകുപ്പ്, DGP ക്ക് പരാതി നൽകി

വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതി വ്യാജമെന്ന് ആരോഗ്യ വകുപ്പ്. മൊട്ടുസൂചി പരിശോധിച്ചതിൽ ഗുളികയ്ക്കുള്ളിൽ ഇരുന്ന ലക്ഷണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.സൂചിയുടെ അറ്റം മാത്രം തുരുമ്പെടുത്ത നിലയിൽ ആയിരുന്നു. ഗുളിക കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ട സ്ത്രീക്ക് എക്സ്റേ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്നും ഇതേ ബാച്ചിലെ മറ്റ് ഗുളികകൾക്ക് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ലെന്നും ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കി.
മൊഴികളിലും വൈരുദ്ധ്യമുണ്ടായതോടെയാണ് അന്വേഷണമാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡിജിപിക്ക് പരാതി നല്കിയത്. ആരോഗ്യവകുപ്പ് നടത്തിയ പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമപരമായി നീങ്ങാനുള്ള തീരുമാനം. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്നത്.
മേമല ഉരുളുകുന്ന് സ്വദേശിനി വസന്തയ്ക്ക് വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് നൽകിയ ശ്വാസം മുട്ടലിനുള്ള ഗുളികയിൽ നിന്നാണ് മൊട്ടുസൂചി കണ്ടെത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ ഇവരുടെ പരാതി വീഡിയോ പ്രചരിച്ചതോടെ ആരോഗ്യ വകുപ്പ് പ്രതിക്കൂട്ടിലായി. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ കെ എസ് ഷിനുവിന്‍റെ നേതൃത്വത്തിലുളള സംഘം വസന്തയെ നേരിൽ കണ്ട് വിവരം ശേഖരിച്ചു. ബാക്കിയുണ്ടായിരുന്ന ഗുളികകളും മൊട്ടു സൂചിയും പരിശോധിച്ചു. ഇനി പരാതിയുടെ ചുരുൾ അഴിക്കേണ്ടത് പൊലീസാണ്.
Story Highlights : The case of finding a needle in a pill; The health department said the complaint was false
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here