Advertisement

‘സാധാരണക്കാരന് പരുക്കേറ്റാൽ ഇത്ര വലിയ തുക അനുവദിക്കുമോ’ ? സമൂഹമാധ്യമങ്ങളിൽ വൈറലായി ഡോക്ടറുടെ പ്രതികരണം

January 20, 2025
Google News 8 minutes Read

അജ്‍ഞാതന്റെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ്റെ ആരോഗ്യ ഇൻഷുറൻസ് ക്ലെയിമിൻ്റെ വിശദാംശങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. 35.95 ലക്ഷം രൂപയുടെ ക്ലെയിമിനായാണ് അപേക്ഷിച്ചത് എന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്തുവന്നത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന നിവ ബുപ ഇൻഷുറൻസ് കമ്പനിയാണ് താരത്തിന് ഇൻഷുറൻസ് തുക നൽകുന്നത്. 25 ലക്ഷം രൂപ ഇതിനോടകം കമ്പനി അനുവദിച്ചിട്ടുണ്ടെന്നും ആകെ തുക 35.95 ലക്ഷം രൂപയാണെന്നുമുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

Read Also:ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് നീരജ് ചോപ്ര വിവാഹിതനായി

ഈ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുംബൈയിലെ കാർഡിയാക് സർജനായ ഡോ.പ്രശാന്ത് മിശ്ര.
‘ചെറിയ ആശുപത്രികള്‍ക്കും സാധാരണക്കാരനും ഇത്തരം ചികിത്സയ്ക്കായി അഞ്ചുലക്ഷംരൂപയിലധികം കമ്പനി അനുവദിക്കില്ല. എല്ലാ 5 സ്റ്റാർ ആശുപത്രികളും ഭീമമായ ഫീസ് ഈടാക്കുകയും ,തുക മെഡിക്ലെയിം കമ്പനികള്‍ അടയ്ക്കുകയും ചെയ്യും. ഇതിന്റെ ഫലമായി പ്രീമിയം ഉയരുകയും ഇടത്തരക്കാര്‍ ബുദ്ധിമുട്ടുകയും ചെയ്യുന്നു. അദ്ദേഹം എക്‌സിൽ കുറിച്ചു’.

താരത്തിന്റെ ഇൻഷുറൻസ് ക്ലെയിം എന്ന പേരിൽ പ്രചരിക്കുന്ന രേഖകളുടെ ചിത്രങ്ങൾക്ക് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു ഡോ.പ്രശാന്ത് മിശ്രയുടെ പ്രതികരണം.ഇൻഷുറൻസ് തുകയെ സംബന്ധിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിൽ ചൂടുപിടിക്കുന്നുണ്ടെങ്കിലും സെയ്ഫ് അലി ഖാനോ അദ്ദേഹത്തിൻ്റെ കുടുംബമോ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല.

കഴിഞ്ഞ വ്യാഴാഴ്ച്ച പുലർച്ചെ രണ്ടരയോടെയാണ് ബാന്ദ്രയിലെ വീട്ടിൽ വെച്ച് സെയ്ഫ് അലി ഖാന് മോഷ്ടാവിൽ നിന്നും കുത്തേറ്റത്.സെയ്ഫിൻ്റെ ഇളയ മകൻ ജഹാംഗീറിൻ്റെ മുറിയിൽ അക്രമി കടക്കാൻ ശ്രമിക്കുന്ന സമയത്താണ് വീട്ടുജോലിക്കാരി ഏലിയാമ്മ ഫിലിപ്പ് പ്രതിയെ കാണുന്നത്. ബഹളം കേട്ട് സെയ്ഫ് അലി ഖാൻ ഓടിയെത്തുകയും സംഘർഷത്തിൽ നടന് കുത്തേൽക്കുകയും ചെയ്തു.കുത്തേറ്റ സെയ്ഫിനെ ഉടൻ തന്നെ മുംബൈയിലെ ലീലാവതി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അവിടെ ഒരു സംഘം ഡോക്ടർമാരുടെ മേൽനോട്ടത്തിൽ അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഡോക്ടർമാർ പറയുന്നതനുസരിച്ച്, നട്ടെല്ലിൽ കത്തി കുടുങ്ങിയതിനാൽ സെയ്ഫിന് തൊറാസിക് സുഷുമ്നാ നാഡിക്ക് വലിയ ക്ഷതം സംഭവിച്ചിട്ടുണ്ട്. നടൻ്റെ നട്ടെല്ലിൽ നിന്ന് 2.5 ഇഞ്ച് നീളമുള്ള കത്തിയാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.

നിലവിൽ നടന്‍ സെയ്ഫ് അലിഖാനെ കുത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മധ്യപ്രദേശിൽനിന്നാണ് മുംബൈ പൊലീസ് ഇയാളെ പിടികൂടിയത്. ഇയാൾ ബംഗ്ലാദേശ് പൗരനാണെന്നാണ് സംശയിക്കുന്നത്. പിടിയിലായ പ്രതിക്ക് ഇന്ത്യൻ രേഖകളില്ലെന്നും മുംബൈ പൊലീസ് അറിയിച്ചു.

Story Highlights :Mumbai-based cardiac surgeon commenting on the disparities in saif ali khan s’ health insurance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here