പാരസെറ്റമോള്‍ ഗുളിക മുതല്‍ പാരാക്വാറ്റ് വിഷം വരെ, അതിബുദ്ധിയില്‍ കുടുങ്ങിയ ഗ്രീഷ്മയുടെ ആയുധങ്ങള്‍

ചുണ്ടുമുറിഞ്ഞുകീറി ആന്തരാവയവങ്ങളില്‍ നിന്ന് രക്തംവാര്‍ന്ന് 11 ദിവസം നരകയാതന അനുഭവിച്ചിട്ടും ‘ബേബി’യെ പൊലീസിന് കാട്ടിക്കൊടുക്കാത്ത ഒരു പാവം ചെറുപ്പക്കാരനേറ്റ വഞ്ചനയാണ് ഷാരോണ്‍ കേസില്‍ പൊതുസമൂഹത്തെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും പൊള്ളിക്കുന്നത്. കോടതിയുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ പ്രണയത്തിന് അടിമപ്പെട്ടുപോയ ഷാരോണും, ഷാരോണിനെ ഒഴിവാക്കാനും ഈ ഭ്രാന്തമായ സ്‌നേഹം മുതലെടുക്കാനും ശ്രമിച്ച ഗ്രീഷ്മയും. ഈ ദുരന്തപ്രണയകഥയുടെ അന്തിമ വിധിയിലെത്തിയപ്പോള്‍ പ്രതിയ്ക്ക് പ്രായത്തിന് ഇളവ് നല്‍കേണ്ടെന്ന് പറഞ്ഞ് കോടതി ചൂണ്ടിക്കാട്ടിയത് കൊലപാതകം നടത്തിയെടുക്കാന്‍ ഗ്രീഷ്മ നടത്തിയ സമര്‍ത്ഥമായ ആസൂത്രണവും അന്വേഷണ ഉദ്യോഗസ്ഥരെ പോലും വഴിതിരിച്ചുവിടാന്‍ നടത്തിയ കുടില നീക്കങ്ങളുമാണ്. പാരസെറ്റാമോളിലും ജ്യൂസ് ചലഞ്ചിലും തുടങ്ങി പാരാക്വാറ്റ് വിഷത്തിലും കളനാശിനികളിലും വരെയെത്തിയ ഗ്രീഷ്മയുടെ അതിസൂക്ഷ്മ ക്രിമിനല്‍ ബുദ്ധി ഒടുവില്‍ കൊലക്കയറിലെത്താനിരിക്കുകയാണ്. (parassala sharon raj murder case greeshma )
കല്യാണം ഉറപ്പിച്ചതോടെ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മയ്ക്ക് കൊലപാതകത്തില്‍ കുറഞ്ഞതൊന്നും കണ്ടെത്താനായില്ലേ എന്നാണ് പൊതുസമൂഹം ആദ്യം സംശയിച്ചത്. ഷാരോണ്‍ ഒരു തരത്തിലും പിന്മാറാന്‍ ഒരുക്കമായിരുന്നില്ലെന്നാണ് ഇതിന് മറുപടിയായി പ്രതിഭാഗം ഇന്ന് കോടതിയെ അറിയിച്ചത്. ഷാരോണിന്റെ ഗാഢസ്‌നേഹത്തിന് മരുന്നായി പാരസെറ്റാമോള്‍ ഉള്‍പ്പെടെ പരിശോധിച്ച് നോക്കാന്‍ ഗ്രീഷ്മ തയാറെടുത്തു.
അതിന് ആദ്യപടിയായിരുന്നു ഗ്രീഷ്മ പ്ലാന്‍ ചെയ്ത ജ്യൂസ് ചലഞ്ച്. ജ്യൂസില്‍ പാരസെറ്റാമോള്‍ ചേര്‍ത്ത് നല്‍കാനായിരുന്നു പ്ലാന്‍. പാരസെറ്റാമോള്‍ എത്രത്തോളം ഉപയോഗിച്ചാലാണ് ഒരാള്‍ മരിക്കുകയെന്ന് ഗ്രീഷ്മ നിരവധി തവണ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു. പക്ഷേ ആ പ്ലാന്‍ അന്ന് പാളി. ജ്യൂസ് കുടിച്ച ഓട്ടോ ഡ്രൈവര്‍ക്ക് പോലും ദേഹാസ്വാസ്ഥ്യം ഉണ്ടായെന്ന് കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് ഗ്രീഷ്മ അന്ന് രക്ഷപ്പെട്ടു. പക്ഷേ ഗ്രീഷ്മ മുന്‍പും വധശ്രമം നടത്തിയെന്ന് തെളിയിക്കാന്‍ ഷാരോണ്‍ ഷൂട്ട് ചെയ്ത് വച്ച ജ്യൂസ് ചലഞ്ച് വിഡിയോയ്ക്കായി.
ഷാരോണിന്റെ സ്‌നേഹത്തെ കൊല്ലാന്‍ കൊടുംവിഷം വേണ്ടി വരുമെന്ന് ബോധ്യമായ ഗ്രീഷ്മ അങ്ങനെ എല്ലാം കൊണ്ടും പെര്‍ഫക്ട് ആയ ഒരു വിഷത്തിനായി ഗൂഗിളില്‍ തിരച്ചില്‍ തുടങ്ങി. അങ്ങനെ ഗ്രീഷ്മ കണ്ടെത്തിയതാണ് പരാക്വിറ്റ് ഡൈക്ലോറൈഡ് എന്ന കളനാശിനി. മറുമരുന്നില്ല, എന്താണ് കഴിച്ചതെന്ന് പെട്ടെന്ന് കണ്ടെത്താനാകില്ല, ഒറ്റയടിയ്ക്ക് മരിക്കില്ല, ആന്തരാവയവങ്ങള്‍ ഉള്‍പ്പെടെ ദ്രവിച്ച് വേദനിച്ചേ മരിക്കൂ, കൃഷി ആവശ്യങ്ങള്‍ക്കായി എളുപ്പത്തില്‍ ലഭ്യമാകും തുടങ്ങി ഗ്രീഷ്മയുടെ വളരെ ബ്രില്യന്റായ ഒരു തെരഞ്ഞെടുപ്പ് തന്നെയായിരുന്നു ആ വിഷം. അരുചി അറിയാതിരിക്കാന്‍ ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്‌നേഹപൂര്‍വം ഒരു ‘കഷായ ചലഞ്ച്’ കൂടി നടത്തി കൗശലപൂര്‍വം അത് ഷാരോണിന്റെ ഉള്ളിലെത്തിക്കുകയും ചെയ്തു. ഷാരോണ്‍ നീല നിറത്തില്‍ ഛര്‍ദിച്ചപ്പോള്‍ തുരിശായിരിക്കാമെന്ന് ഡോക്ടര്‍മാര്‍ സംശയിച്ചെങ്കിലും പരാക്വിറ്റ് ഡൈക്ലോറൈഡിലേക്കെത്താന്‍ പിന്നെയും അന്വേഷണങ്ങള്‍ വേണ്ടിവന്നു.
പറയത്തക്ക തെളിവുകളോ ദൃക്‌സാക്ഷികളോ ഇല്ലാതിരുന്ന ഷാരോണ്‍ വധക്കേസില്‍ അന്വേഷണസംഘത്തിന് കൂടുതലായി ശാസ്ത്രീയ തെളിവുകളേയും സാഹചര്യ തെളിവുകളേയും ആശ്രയിക്കേണ്ടി വന്നു. അവന് എന്തെങ്കിലും നീ കൊടുത്തിരുന്നോ എന്ന് സുഹൃത്ത് ചോദിച്ചപ്പോള്‍ അതീവ വിദഗ്ധമായി കരച്ചിലും നിഷ്‌കളങ്കതയും അഭിനയിച്ച് ഗ്രീഷ്മ ഒഴിഞ്ഞുമാറി. പക്ഷേ ഗ്രീഷ്മ കഷായത്തില്‍ കലര്‍ത്തിയത് പാരക്വിറ്റ് ഡൈക്ലോറൈഡ് എന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പതോളജി മേധാവി ഡോ ജെയ്മി ആനന്ദന്‍ മൊഴി നല്‍കിയത് ഗ്രീഷ്മയ്ക്ക് കുരുക്കായി. ഷാരോണിന്റെ മൂത്രത്തിലും ഛര്‍ദിയിലും ആന്തരാവയവങ്ങളിലും കണ്ട പച്ചകലര്‍ന്ന നീല നിറമുണ്ടാക്കിയ സംശയം പിന്നീട് നടത്തിയ പരിശോധനകളിലും തെളിയിക്കപ്പെടുകയായിരുന്നു. ഗ്രീഷ്മയുടെ വീടിന് പുറത്തുനിന്ന് കാപിക് എന്ന ബ്രാന്റിലുള്ള പാരക്വിറ്റിന്റെ കുപ്പി കണ്ടെത്തിയതോടെ ഗ്രീഷ്മയ്ക്ക് പിടിച്ചുനില്‍ക്കാനാകാതായി. കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണത്തെ വഴിതിരിച്ചുവിടാന്‍ മറ്റൊരു ശ്രമം കൂടി ഗ്രീഷ്മയുടെ ഭാഗത്തുനിന്നുണ്ടായി. ഷാരോണിന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മുന്നില്‍ ഗ്രീഷ്മ ആത്മഹത്യാ ഭീഷണി മുഴക്കുകയും ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷേ തന്റെ അതിബുദ്ധിയെല്ലാം ഒടുവില്‍ ഗ്രീഷ്മയ്ക്ക് മരണക്കയര്‍ നേടിക്കൊടുക്കുകയായിരുന്നു.
Story Highlights : parassala sharon raj murder case greeshma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here