പാറശ്ശാല ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയുടെ അമ്മാവനായ നിര്‍മ്മല കുമാരന്‍ നായരുടെ ശിക്ഷാവിധി മരവിപ്പിച്ചു

പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ മൂന്നാം പ്രതി നിര്‍മ്മല കുമാരന്‍ നായരുടെ ശിക്ഷാവിധി മരവിപ്പിച്ചു. തെളിവ് നശിപ്പിച്ചുവെന്ന കുറ്റത്തിന് നല്‍കിയ മൂന്ന് വര്‍ഷം ശിക്ഷാവിധിയാണ് മരവിപ്പിച്ചത്. നിര്‍മ്മലകുമാരന്‍ നായര്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കി. ഒന്നാംപ്രതി ഗ്രീഷ്മയും അമ്മാവനായ നിര്‍മ്മലകുമാരന്‍ നായരും നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗ്രീഷ്മയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഗ്രീഷ്മയുടെ അപ്പീലില്‍ പ്രൊസിക്യൂഷന് ഹൈക്കോടതിയുടെ നോട്ടീസ്. തെളിവുകള്‍ പരിഗണിക്കുന്നതില്‍ വിചാരണക്കോടതിക്ക് വീഴ്ച പറ്റിയെന്നാണ് ഗ്രീഷ്മയുടെ പ്രധാന വാദം. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിക്ക് വിചാരണ നടത്താനുള്ള അധികാരമില്ല. വിഷം നല്‍കിയെന്ന് പറയപ്പെടുന്നത് തമിഴ്നാട്ടില്‍ വെച്ചാണ്. ജ്യൂസില്‍ പാരസെറ്റമോള്‍ മിക്സ് ചെയ്തുവെന്ന് ശാസ്ത്രീയമായി കണ്ടെത്തിയിട്ടില്ല. മതിയായ തെളിവുകളില്ലാതെയാണ് വിചാരണക്കോടതിയുടെ ശിക്ഷാവിധി. പ്രോസിക്യൂഷന്‍ കേസിന് വിരുദ്ധമാണ് കേസിലെ വസ്തുതകള്‍. ദുരാരോപണ പ്രചാരണമാണ് ഗ്രീഷ്മയ്ക്കെതിരെ ഉയര്‍ത്തിയത്. ഷാരോണിന്റെ രക്ത സാമ്പിളില്‍ നിന്ന് വിഷാംശം ശാസ്ത്രീയമായി കണ്ടെത്തിയിട്ടില്ല. വിഷം ഉള്ളില്‍ ചെന്നതുമൂലമാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലില്ല. ഷാരോണിനെ കൊല്ലണമെന്ന ഉദ്ദേശം ഗ്രീഷ്മയ്ക്ക് ഉണ്ടായിരുന്നില്ലെന്നുമാണ് അപ്പീലിലെ വാദം.
Read Also: എന്‍.എം വിജയന്റെ ആത്മഹത്യ: ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എയെ വിജിലന്‍സ് ചോദ്യം ചെയ്തു
ഗ്രീഷ്മയുടെ വിവാഹത്തിന് ഷാരോണ്‍ തടസമായിരുന്നുവെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ തെറ്റാണ്. ഗ്രീഷ്മയും അമ്മാവനുമായി ക്രിമനല്‍ ഗൂഡാലോചന നടത്തിയെന്ന വാദം പ്രൊസിക്യൂഷനില്ല. കേസിന്റെ കണ്ണികള്‍ കൂട്ടിച്ചേര്‍ത്ത് തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞില്ല. ഷാരോണിന് കഷായം നല്‍കി എന്നതിന് സാഹചര്യ തെളിവുകളില്ല. വധശിക്ഷ നല്‍കിയ നടപടി തെറ്റാണെന്നും ആണ് അപ്പീലില്‍ ഗ്രീഷ്മയുടെ വാദം.
Story Highlights : Sharon murder case: Greeshma’s uncle Nirmalakumaran Nair sentence frozen by High Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here