‘ചില സമയത്തൊക്കെ കഷായം കൊടുക്കേണ്ടി വന്നാൽ പോലും’; കെ ആർ മീര, എതിർപ്പ് പ്രകടിപ്പിച്ച് കെ എസ് ശബരിനാഥ്

കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ എഴുത്തുകാരി കെ ആർ മീര ഷാരോൺ രാജ് വധക്കേസ് മുൻനിർത്തി പറഞ്ഞ പ്രസ്താവനയിൽ എതിർപ്പ് പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് കെ എസ് ശബരിനാഥൻ. ഷാരോൺ രാജ് വധവുമായി ബന്ധപ്പെട്ട് കൊലപാതകത്തെ തമാശയാക്കിയുള്ള സംസാരമാണ് വിവാദമായിരിക്കുന്നത്. ഒരു ബന്ധത്തിൽ നിന്നിറങ്ങിപ്പോവാൻ സ്ത്രീകൾക്ക് സമൂഹം അനുമതി നൽകാത്തപക്ഷം, അവൾ കുറ്റവാളി ആയേക്കാമെന്നും മീര പറയുന്നു.
” ചില സമയത്തൊക്കെ കഷായം കൊടുക്കേണ്ടിവന്നാൽ പോലും… സ്ത്രീക്ക് ഒരു ബന്ധത്തിൽ നിന്ന് ഇറങ്ങിപോകാനുള്ള സ്വാതന്ത്രം ഇല്ലാതെയായാൽ ചിലപ്പോൾ അവൾ കുറ്റവാളിയായി തീരും… ഈ കുറ്റകൃത്യത്തിലേക്ക് അവളെ നയിക്കാതിരിക്കുക എന്നുള്ളത് ഇപ്പറഞ്ഞ എല്ലാം തികഞ്ഞ കാമുകന്റെ കടമയും കർത്തവ്യവുമാണ്. അത് ചെയ്യാതിരിക്കുമ്പോഴാണ് പ്രശ്‌നം” എന്നായിരുന്നു കെ ആർ മീര വേദിയിൽ പറഞ്ഞത്. ഈ പ്രസ്താവനയ്‌ക്കെതിരെയാണിപ്പോൾ ശബരിനാഥൻ രംഗത്തെത്തിയിരിക്കുന്നത്.
”ഈ തലമുറ കണ്ടിട്ടുള്ള ഏറ്റവും ക്രൂരമായിട്ടുള്ള ഒരു കൊലപാതകമായിരുന്നു ഷാരോൺ വധകേസ്. കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെ കീഴ്കോടതി പരമാവധി ശിക്ഷയും നൽകി. കഴിഞ്ഞ ദിവസം കോഴിക്കോട് KLF വേദിയിൽ ചിരിച്ചുകൊണ്ടു എന്തു ലാഘവത്തോടെകൂടിയാണ് പ്രമുഖ എഴുത്തുകാരി KR മീര ഈവിഷയത്തിൽ സംസാരിച്ചത് എന്ന് ഒന്ന് ശ്രദ്ധിക്കു. ഗാന്ധിവധത്തെക്കുറിച്ച് മാത്രമല്ല ഷാരോൺ വധത്തെക്കുറിച്ചും ഇവർക്ക് ഇമ്മാതിരി അഭിപ്രായങ്ങളുണ്ട്.കഷ്ടം”. ശബരിനാഥൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
അതേസമയം, എഴുത്തുകാരായ കെ ആർ മീരയും ബെന്യാമിനും തമ്മിൽ ഫേസ്ബുക്ക് പോര് തുടരുന്നതിനിടയിലാണ് ഇപ്പോൾ ഈ വിവാദ പ്രസ്താവനയും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ ഗോഡ്സെയെ ആദരിച്ചു എന്ന പത്രവാർത്തയെ കെ ആർ മീര വിമർശിച്ചിരുന്നു. ഗാന്ധിയെ തുടച്ചു മാറ്റാൻ കോൺഗ്രസ് ശ്രമിച്ചിട്ട് നടന്നില്ല പിന്നെയല്ലേ ഹിന്ദുമഹാസഭ എന്നായിരുന്നു പോസ്റ്റ്. കോൺഗ്രസിനെയും ഹിന്ദു മഹാസഭയെയും താരതമ്യം ചെയ്ത മീരയുടെ ഈ പോസ്റ്റിനെതിരെ കോൺഗ്രസ് നേതാക്കളടക്കം രംഗത്ത് വരുകയും ചെയ്തു. പിന്നാലെയാണ് എഴുത്തുകാരൻ ബെന്യമനും മീരയെ വിമർശിച്ചത്. എല്ലാവരും വിമർശനങ്ങൾ ഉന്നയിക്കുന്നത് ഏതെങ്കിലും അപ്പക്കഷ്ണങ്ങൾക്ക് വേണ്ടിയാണെന്ന തെറ്റിദ്ധാരണയാകാം കെ ആർ മീരയ്‌ക്കെന്ന് ബെന്യാമിൻ വിമർശിച്ചു.
Story Highlights : KR Meera controversial statement in KLF
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here