Advertisement

പരാതിക്കാരിയുടെ ചിത്രം കൊടുത്തില്ലെങ്കില്‍ ആരോപണം തെളിയുംവരെ പുരുഷന്റെ ചിത്രം കൊടുക്കുന്നതെന്തിന്? പുരുഷകമ്മിഷന്‍ വരണം; സ്വകാര്യ ബില്‍ അവതരിപ്പിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി

January 21, 2025
Google News 2 minutes Read
Mens Commision private bill Eldhose Kunnappilly

ആധുനിക സമൂഹത്തില്‍ പുരുഷന്മാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് മാനസികവും നിയമപരവുമായ പിന്തുണ നല്‍കാന്‍ പുരുഷ കമ്മിഷന്‍ രൂപീകരിക്കുന്നതിനായി നിയമസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. പണത്തിനായും മറ്റും സ്ത്രീകള്‍ വ്യാജലൈംഗിക ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് തടയിടാനാണ് ബില്ലിലൂടെ ലക്ഷ്യം വയ്ക്കുന്നത്. വ്യാജ ആരോപണങ്ങളില്‍ ഉള്‍പ്പെട്ട പുരുഷന്മാര്‍ക്ക് പരാതി ഉന്നയിക്കാനും നിയമസഹായം നല്‍കാനും ഒരു നിയമവിധേയമായ ഒരു കേന്ദ്രം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് എല്‍ദോസ് കുന്നപ്പള്ളി ട്വന്റിഫോര്‍ ഡിജിറ്റലിനോട് പറഞ്ഞു. ബില്ലിന് പൊതുസമൂഹത്തില്‍ നിന്നും പൂര്‍ണപിന്തുണ ലഭിക്കുമെന്നും സ്ത്രീകള്‍ ഉള്‍പ്പെടെ ബില്ലിനെ അനുകൂലിക്കുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഭയില്‍ ഉടന്‍ അവതരിപ്പിക്കാനായി ബില്ല് തയാറാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. (Mens Commision private bill Eldhose Kunnappilly)

വ്യാജപരാതി മൂലം വേട്ടയാടപ്പെട്ട വ്യക്തിപരമായ അനുഭവം കൂടി ഉള്ളതിനാലാണ് ബില്‍ അവതരിപ്പിക്കാന്‍ താന്‍ തീരുമാനിച്ചതെന്ന് എല്‍ദോസ് കുന്നപ്പള്ളി പറഞ്ഞു. വ്യാജ ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെടുന്നതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചവര്‍ക്ക് മാത്രമേ മനസിലാകൂ. പണത്തിനാണ് പല സ്ത്രീകളും സത്യമല്ലാത്ത പരാതികളുമായി വരുന്നത്. സിദ്ദിഖിന്റെ പരാതി പരിഗണിക്കവേ പരാതിക്കാരി ഇത്രയും വര്‍ഷം എവിടെയായിരുന്നുവെന്ന് കോടതി ചോദിച്ചില്ലേ എന്നും എല്‍ദോസ് ചൂണ്ടിക്കാട്ടി. ‘ ഒരു മോഷണം നടന്നാലോ ആക്രമണം നടന്നാലോ ഉടനടി എല്ലാവരും പൊലീസില്‍ പരാതിപ്പെടും. ലൈംഗിക അതിക്രമം പരാതിപ്പെടാന്‍ മാത്രമെന്താണ് മടിക്കുന്നത്?’ എല്‍ദോസ് ചോദിച്ചു.

Read Also: ഓഹരി വിപണിയില്‍ കനത്ത ഇടിവ്; നിഷേപകര്‍ക്ക് 7.48 ലക്ഷം കോടി രൂപ നഷ്ടമായി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചും ബോബി ചെമ്മണ്ണൂരിന്റെ കേസിനെക്കുറിച്ചും ചോദിച്ചപ്പോള്‍ താരങ്ങള്‍ക്കെതിരായ കേസുകള്‍ തെളിഞ്ഞിട്ടില്ലല്ലോ എന്നായിരുന്നു എല്‍ദോസിന്റെ പ്രതികരണം. എല്ലാ പരാതികളും വ്യാജമാണെന്നല്ല പറയുന്നത്. ഒരു സ്ത്രീ വ്യാജ പരാതി ഉന്നയിച്ചാല്‍ പരാതിക്കാരിയുടെ മുഖവും ദൃശ്യങ്ങളും മാധ്യമങ്ങള്‍ മറയ്ക്കാറുണ്ട്. എന്നാല്‍ ആരോപണവിധേയനെതിരായ കുറ്റം തെളിഞ്ഞാലും ഇല്ലെങ്കിലും അയാളുടെ പേരും ഫോട്ടോയും മാധ്യമങ്ങളില്‍ നിറയും. അയാള്‍ക്കും ഒരു ജീവിതമുണ്ട്. എല്‍ദോസ് പറഞ്ഞു. ലൈംഗികാരോപണം തെളിയുന്നതുവരെ ആരോപണവിധേയന്റെ ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്നാണ് അഭിപ്രായം. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബില്ലുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യണം. പുരുഷ കമ്മിഷനില്‍ ഒരംഗം സ്ത്രീയായിരിക്കണമെന്നും എല്‍ദോസ് കുന്നപ്പള്ളി കൂട്ടിച്ചേര്‍ത്തു.

വനിതാ കമ്മിഷന്റെ മാതൃകയില്‍ പുരുഷ കമ്മിഷന്‍ കൊണ്ടുവരുന്നതിനായി എല്‍ദോസ് കുന്നപ്പള്ളി സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ തയാറെടുക്കുകയാണെന്ന് രാഹുല്‍ ഈശ്വരാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചിരുന്നത്. ബോബി ചെമ്മണ്ണൂര്‍- ഹണി റോസ് വിഷയത്തിന്റെ ഉള്‍പ്പെടെ പശ്ചാത്തലത്തില്‍ പ്രഖ്യാപനം വ്യാപകമായി ചര്‍ച്ചയാകുകയാണ്. പുരുഷന്മാരുടെ അവകാശ സംരക്ഷണത്തിനായി രൂപീകരിക്കപ്പെട്ട ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ഉള്‍പ്പെടെ സമാനമായ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചു. ഷാരോണ്‍ രാജ് വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി എ എം ബഷീറിന്റെ കട്ട്ഔട്ടില്‍ മെന്‍സ് അസോസിയേഷന്‍ നാളെ പാലഭിഷേകം നടത്താനിരിക്കുകയാണെന്ന വാര്‍ത്തയും വൈറലാകുകയാണ്.

Story Highlights : Mens Commision private bill Eldhose Kunnappilly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here