Advertisement

രജൗരിയിലെ ദുരൂഹ മരണം ‘അസുഖ ബാധ’യെ തുടർന്നല്ല; ഗ്രാമം സന്ദർശിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള

January 21, 2025
Google News 2 minutes Read
omer abdullah

ജമ്മുകശ്മീർ രജൗരിയിൽ ദുരൂഹ മരണങ്ങൾ സംഭവിച്ച ബാദൽ ഗ്രാമം സന്ദർശിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഗ്രാമത്തിലുണ്ടായിരുന്നവരുടെ മണകാരണം അസുഖ ബാധയോ, വൈറസ് – ബാക്ടീരിയ ബാധയോ അല്ലെന്ന് വ്യക്തമായതായി ഒമർ അബ്ദുള്ള പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പൊലീസിന്റെ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര സംസ്ഥാന വിദഗ്ദ്ധ സംഘങ്ങൾ മരണ കാരണം സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൃഷി, കെമിക്കൽസ്, ജലം, മൃഗക്ഷേമം, ഭക്ഷ്യസുരക്ഷ, ഫൊറൻസിക് വിദഗ്ധരും പതിനാറംഗ അന്വേഷണ സംഘത്തിലുണ്ട്.

രോഗകാരണം കണ്ടെത്തുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്നും പ്രശ്നം പരിഹരിക്കാൻ എല്ലാ വകുപ്പുകളും സഹകരിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നുമാണ് കഴിഞ്ഞയാഴ്ച ചേർന്ന ഉന്നതതല യോഗത്തിൽ ഒമർ അബ്ദുള്ള ചൂണ്ടിക്കാട്ടിയത്.

കഴിഞ്ഞ വര്ഷം ഡിസംബറിലായിരുന്നു സംഭവത്തിന്റെ തുടക്കം. ഡിസംബർ ഏഴിന് ബാദൽ ഗ്രാമത്തിലെ ഒരു സമൂഹസൽക്കാരത്തിൽ പങ്കെടുത്ത ഒരു കുടുംബത്തിലെ ഏഴു പേർക്കാണ് ആദ്യം രോഗബാധയുണ്ടായത്. ചികിത്സയിലിരിക്കെ ഇതിൽ അഞ്ചുപേർ മരിച്ചു. ഡിസംബർ പന്ത്രണ്ടിന് വീണ്ടും സമാന സംഭവം. രോഗബാധയുണ്ടായത് ഒൻപതംഗ കുടുംബത്തിന്. ദിവസങ്ങളുടെ വ്യത്യാസത്തിൽ മരിച്ചത് ഒൻപത് പേർ. ഒരു മാസത്തിന് ശേഷം ജനുവരി പന്ത്രണ്ടിനാണ് അടുത്ത സംഭവം റിപ്പോർട്ട് ചെയ്യുന്നത്. സമാന രോഗലക്ഷണങ്ങളുമായി ഒരു കുടുംബത്തിലെ ആറ് കുട്ടികളടക്കം പത്ത് പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലായി ആ ആറ് കുട്ടികളും മുത്തച്ഛനും മുത്തശ്ശിയും മരിച്ചു. രോഗം പ്രകടമായത് ഒന്നര കിലോമീറ്ററിനുള്ളിൽ വരുന്ന പരസ്പരം ബന്ധമുള്ള മൂന്നു കുടുംബങ്ങളിൽ. ജീവൻപൊലിഞ്ഞത് കുട്ടികളും ഗർഭിണികളുമടക്കം 17 പേർക്കാണ്. രോഗബാധിതരായ ഇരുപതിലേറെ പേർ ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്.

Read Also: പ്രധാനമന്ത്രി മഹാ കുംഭമേളയിൽ പങ്കെടുക്കും, മനുഷ്യത്വത്തിന്റെ സമുദ്രമെന്ന് മോദി

ചികിത്സ തേടിയവരിൽ എല്ലാവരിലും ആദ്യഘട്ടത്തിൽ കണ്ടെത്തിയത് പനി, തല കറക്കം, അമിതമായ വിറയൽ, ഛർദി, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തുന്ന രോഗികളുടെ ആരോഗ്യാവസ്ഥ പെട്ടെന്ന് മോശമാകുകയും തുടർന്ന് കോമയിലേക്കും ദിവസങ്ങൾക്കകം മരണത്തിലേക്കും നയിക്കും. മരണങ്ങളുടെ വിശദീകരിക്കാനാകാത്ത സ്വഭാവമാണ് നിലവിൽ ഭീതി പരത്തുന്നത്.

അതിനിടയിലാണ് ഒരു നിർണായക കണ്ടെത്തൽ ഉണ്ടാകുന്നത്. മരിച്ചവരിൽ എല്ലാവരിലും ഒരു വിഷ പദാർഥത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ന്യൂറോടോക്സിനുകളുടെ സാന്നിധ്യം. നാഡീകോശങ്ങളെ കേടുവരുത്തുകയോ ദുർബലപ്പെടുത്തുകയോ ചെയ്തുകൊണ്ട് നാഡീവ്യവസ്ഥയുടെ സാധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതാണ് ന്യൂറോടോക്സിൻ. ഇവ തലച്ചോറ്, സുഷുമ്നാ നാഡി, പെരിഫറൽ ഞരമ്പുകൾ എന്നിവയെ ബാധിക്കും. മരിച്ചവരിൽ എല്ലാവരിലും പൊതുവായി മസ്തിഷ്ക വീക്കം കണ്ടെത്തിയിരുന്നുവെന്ന് രജൗരി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എ.എസ്. ഭാട്ടിയ വ്യക്തമാക്കിയിരുന്നു. ഇതെല്ലാം ന്യൂറോടോക്സിൻ സാന്നിധ്യത്തെ സാധൂകരിക്കുന്നതാണ്. അതേസമയം, പ്രദേശത്തെ ഒരു നീരുറവയിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അത് അടയ് ക്കാൻ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഉത്തരവിട്ടെന്ന റിപ്പോർട്ടും വരുന്നുണ്ട്.

Story Highlights : Rajouri Deaths : CM Omar Abdullah visits “BADHAAL” Village

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here