Advertisement

അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ മയക്കുവെടി വെക്കില്ല; ദൗത്യം താത്കാലികമായി അവസാനിപ്പിച്ചു

January 22, 2025
Google News 1 minute Read
athirappilli

തൃശൂർ അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെക്കാനുള്ള ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചു. ആനയെ കണ്ടെത്തിയാലും ചികിത്സ പൂർത്തിയാക്കാൻ ഇന്ന് സമയം ലഭിക്കില്ലാത്ത പശ്ചാത്തലത്തിലാണ് തീരുമാനം. പകരം മയക്കുവെടി വെക്കാനുള്ള നീക്കം നാളത്തേക്ക് മാറ്റി. ആനയെ നിരീക്ഷണവലയത്തിലേക്ക് എത്തിച്ച ശേഷം മാത്രമായിരിക്കും മയക്കുവെടി വെച്ച് ചികിൽസിക്കാനുള്ള നടപടികളിലേക്ക് കടക്കുക.

ആന വനത്തിൽ തന്നെ ഉണ്ടാകാൻ സാധ്യതയുള്ള മേഖലയിൽ ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ അവസാനവട്ട പരിശോധന നടത്തുകയാണ്. അതിനായി ഡ്രോൺ സംവിധാനം ഉപയോഗിച്ചുകൊണ്ടുള്ള പരിശോധനകളാണ് നിലവിൽ ഉൾകാടുകൾ കേന്ദ്രീകരിച്ച് നടക്കുന്നത്. വനത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുന്നുണ്ട്.

Read Also: ബിനാമി സ്വത്തിടപാട് ആരോപണം : കെ എസ് യു നേതാവ് മുഹമ്മദ് ഷമ്മാസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി പി ദിവ്യ

ആനയ്ക്ക് മസ്‌തകത്തിലുണ്ടായ മുറിവ് ഒന്നുകിൽ വെടിയേറ്റതോ അല്ലെങ്കിൽ കാട്ടാനകൾ തമ്മിൽ കുത്തുകൂടുന്ന സമയത്ത് മുറിവേറ്റതോ ആകാമെന്നാണ് വെറ്റിനറി ഡോക്ടർമാർ പറയുന്നത്. ഈ രണ്ട് സാധ്യതകൾ മുൻനിർത്തി കൊണ്ടാണ് ആനയ്ക്ക് ചികിത്സ ഉറപ്പാക്കാനുള്ള നീക്കം നടത്തുന്നത്. ആനയെ കണ്ടെത്തി മയക്കിയാൽ മാത്രമേ മെറ്റൽ ഡിക്റ്റക്റ്റർ ഉപയോഗിച്ചുകൊണ്ട് ഇക്കാര്യങ്ങളിൽ ഒരു സ്ഥിരീകരണം നടത്താൻ കഴിയൂ. നിലവിൽ ആനയുടെ സ്ഥിതിയിൽ വലിയ ആശങ്കയാണ് ഡോ അരുൺ സക്കറിയ അടക്കമുള്ളവർ അറിയിക്കുന്നത്.

ആനയുടെ ദുരവസ്ഥ വിവരിക്കുന്ന ദൃശ്യങ്ങൾ ട്വന്റി ഫോർ പുറത്തുവിട്ട പശ്ചാത്തലത്തിലാണ് വനം വകുപ്പിന്റെ നടപടി. മസ്തകത്തിൽ വെടിയേറ്റത്തിന് സമാനമായ മുറിവുമായി കഴിയുന്ന ആനയുടെ ദൃശ്യങ്ങൾ ദിവസങ്ങൾക്ക് മുൻപായിരുന്നു ട്വന്റി ഫോർ പുറത്തുവിട്ടത്. എന്നാൽ ആനകൾ കുത്തു കൂടിയതിനിടയിൽ ഉണ്ടായ മുറിവാണെന്നും മുറിവുണങ്ങി തുടങ്ങിയതിനാൽ ചികിത്സിക്കേണ്ട കാര്യമില്ലെന്ന നിലപാടിലായിരുന്നു അതിരപ്പിള്ളിയിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ. എന്നാൽ ആനയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക പ്രകടിപ്പിക്കുന്ന ദൃശ്യങ്ങൾ വീണ്ടും പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ സംഘത്തെ രൂപീകരിച്ചത്. ശ്വാസം എടുക്കുമ്പോൾ ഉൾപ്പെടെ മസ്തകത്തിൽ നിന്ന് പഴുപ്പൊലിച്ചിറങ്ങുന്നതായിരുന്നു ദൃശ്യം.

Story Highlights : Athirappilli wild elephant mission terminated temporarily

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here