Advertisement

ഇന്ത്യൻ നിർമിത ഇവിഎമ്മുകൾ ‘അടിപൊളി’: വൻ പ്രശംസയുമായി ഭൂട്ടാനിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ

January 24, 2025
Google News 2 minutes Read

ഇന്ത്യ നൽകിയ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ തങ്ങളുടെ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും എളുപ്പവുമാക്കിയെന്ന് ഭൂട്ടാനിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ തലവൻ ദഷോ സോനം ടോപ്ഗയ്. ദില്ലിയിൽ സംഘടിപ്പിച്ച പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂട്ടാനിലെ ജനങ്ങൾക്കിടയിൽ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വിശ്വാസം വർധിപ്പിച്ചത് ഇന്ത്യ നൽകിയ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ആണെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര കോൺഫറൻസിലാണ് അദ്ദേഹത്തിന്റെ പ്രശംസ. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ അട്ടിമറികൾ സാധ്യമാണെന്ന് തരത്തിൽ ഇന്ത്യയിൽ പ്രതിപക്ഷം ആരോപണം ഉന്നയിക്കുമ്പോഴാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു വിദേശ രാജ്യത്ത് നിന്ന് ഇന്ത്യൻ വോട്ടിംഗ് മെഷീനുകൾ സംബന്ധിച്ച് വിശ്വാസ്യത വർദ്ധിപ്പിക്കുന്ന പ്രതികരണം ലഭിക്കുന്നത്.

ഇന്ത്യയിലെ ആധാറിന് സമാനമായ നിലയിൽ ബയോമെട്രിക് ഐഡികളാണ് തെരഞ്ഞെടുപ്പ് വോട്ടിങ്ങിനായി ഉപയോഗിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ എളുപ്പത്തിൽ ആക്കുന്നതിന്റെ ഭാഗമായി ഭൂട്ടാനിൽ ഇത് ഓൺലൈൻ വഴിയാക്കുന്നതും ആലോചിക്കുന്നുണ്ടെന്ന് പറഞ്ഞു. ഓൺലൈൻ വോട്ടിങ്ങാണ് ഇനി ഭാവിയിൽ വരാൻ പോകുന്ന മാറ്റമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭൂട്ടാന് പുറമേ നേപ്പാൾ, നമീബിയ തുടങ്ങിയ രാജ്യങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഇന്ത്യ നൽകുന്നുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾ ആയ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നിവയാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ നിർമ്മിക്കുന്നത്. 2004 മുതൽ 5 പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഉപയോഗിക്കാനായി എന്നതാണ് വലിയ നേട്ടമായി ഇന്ത്യയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉയർത്തിക്കാട്ടുന്നത്.

Story Highlights : India-made EVMs have brought process efficiency in our country says Bhutan poll chief

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here