Advertisement

വൈത്തിരിയിലും കടുവാ സാന്നിധ്യം? നാട്ടുകാര്‍ പ്രതിഷേധത്തില്‍; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ തുടങ്ങി

January 24, 2025
Google News 2 minutes Read
tiger at vythiri wayanad

വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ നരഭോജിക്കടുവയുടെ ക്രൂര ആക്രമണത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പേ വയനാട് വൈത്തിരിയിലും കടുവാ സാന്നിധ്യമുള്ളതായി സംശയം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പല തവണ കടുവാ സാന്നിധ്യത്തെക്കുറിച്ച് സൂചന നല്‍കിയിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. (tiger at vythiri wayanad)

ഇന്ന് വൈകീട്ട് തളിപ്പുഴ ഗാന്ധിഗ്രാമില്‍ ജോലി ചെയ്യുന്ന യുവാവാണ് പ്രദേശത്ത് കടുവയെ കണ്ടത്. പ്രദേശത്തെ ഒരു ഹോട്ടലിന് പിന്നില്‍ നിന്ന് കടുവ ചാടിയെന്നാണ് യുവാവ് പറയുന്നത്. മേപ്പാടി റേഞ്ചില്‍ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരാണ് നിലവില്‍ പരിശോധന നടത്തുന്നത്. കടുവ സാന്നിധ്യത്തെക്കുറിച്ച് പലതവണ പറഞ്ഞിട്ടും വനംവകുപ്പ് നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. വാര്‍ഡ് മെമ്പര്‍ ജ്യോതിഷ് കുമാറിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ വനംവകുപ്പിനെതിരെ രാത്രി പ്രതിഷേധം സംഘടിപ്പിച്ചിരിക്കുകയാണ്.

Read Also: ബെംഗളൂരു നഗരത്തില്‍ അരുംകൊല: യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചു

വൈത്തിരി ഭാഗത്ത് ഈ ആഴ്ച നിരവധി പേര്‍ കടുവയെ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്. അറ്റകുറ്റ പണിയ്ക്കായി എത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരും കടുവയെ കണ്ടത് വാര്‍ത്തയായിരുന്നു. പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണത്തിന്റെ കൂടി പശ്ചാത്തലത്തില്‍ ജനങ്ങള്‍ ഭീതിയിലാണ്. അതേസമയം പഞ്ചാരക്കൊല്ലിയിലെ നരഭോജിയായ കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് ബിഎന്‍എസ്എസ് 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Story Highlights : tiger at vythiri wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here