നെന്മാറ ഇരട്ടക്കൊല കേസ്: എസ്എച്ച്ഒ മഹേന്ദ്ര സിന്‍ഹയ്ക്ക് സസ്‌പെന്‍ഷന്‍; നടപടി വീഴ്ച സംഭവിച്ചെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍

പാലക്കാട് നെന്മാറ ഇരട്ടക്കൊല കേസില്‍ വീഴ്ച പറ്റിയെന്ന് എസ്പിയുടെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ എസ് എച്ച് ഒ മഹേന്ദ്ര സിന്‍ഹയെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തരമേഖല ഐജിയുടേതാണ് നടപടി. ചെന്താമര ജാമ്യവസ്ഥ ലംഘിച്ചിട്ടും കോടതിയെ സമീപിക്കാത്തത് ഗുരുതര വീഴ്ച എന്നാണ് കണ്ടെത്തല്‍. ഒരു മാസത്തിലധികം ചെന്താമര നെന്മാറ പഞ്ചായത്ത് പരിധിയില്‍ താമസിച്ചു. കുടുംബം പരാതി നല്‍കിയിട്ടും കൃത്യമായ ഇടപെടല്‍ ഉണ്ടായില്ല , എന്നെല്ലാമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐജി വിശദമായ റിപ്പോര്‍ട്ട് ലോ ആന്‍ഡ് ഓര്‍ഡര്‍ ഡിജിപിക്ക് നല്‍കും.
വിഷയത്തില്‍ സ്റ്റേഷന്‍ എസ്എച്ച്ഒയ്ക്ക് വീഴ്ച പറ്റിയോ എന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് എഡിജിപി ഇന്ന് രാവിലെയാണ് ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയത്. ആ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ നല്‍കിയത്. പ്രതി നെന്മാറ വന്ന് ഒരു മാസത്തോളം താമസിച്ചിട്ടും കോടതിയെ അറിയിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല എന്നതാണ് പ്രധാന കാര്യം. ഇയാള്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ശ്രദ്ധയില്‍പെട്ടിട്ടും നടപടിയെടുത്തില്ല, ജാമ്യ ഉത്തരവിലെ ഉപാധികള്‍ എസ്എച്ച്ഒ ഗൗനിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പഞ്ചായത്തില്‍ പോലും പ്രവേശിക്കാനുള്ള അനുമതിയില്ലെന്നിരിക്കെ ഒരു മാസത്തോളം ഇയാള്‍ വീട്ടില്‍ വന്ന് താമസിച്ചു എന്നുള്ള കാര്യം സുധാകരന്റെ മകള്‍ അഖില അറിയിച്ചിട്ടും വേണ്ട ഗൗരവം കൊടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
Read Also: നെന്മാറ ഇരട്ടക്കൊലപാതകം: എസ്എച്ച്ഒയ്ക്ക് വീഴ്ച പറ്റിയെന്ന് എസ്പിയുടെ റിപ്പോര്‍ട്ട്
അതേസമയം, ചെന്താമരയെ പോത്തുണ്ടിയില്‍ കണ്ടെന്ന് നാട്ടുകാര്‍. പോത്തുണ്ടി മാട്ടായിയില്‍ വെച്ച് ചെന്താമരയെ കണ്ടതായി നാട്ടുകാര്‍ അറിയിക്കുന്നു. നാട്ടുകാരെ കണ്ട് പ്രതി ഓടി മറഞ്ഞതായാണ് വിവരം. പൊലീസും നാട്ടുകാരും പ്രദേശത്ത് പരിശോധന നടത്തുന്നു.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസുകാര്‍ ഇങ്ങോട്ട് വന്നിരുന്നുവെന്നും പ്രദേശത്തെ കോഴിഫാമിന് സമീപത്ത് നിന്ന് ഒരാള്‍ ഓടിപ്പോകുന്നതാണ് കണ്ടതെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. നാട്ടുകാര്‍ സ്റ്റേഷനില്‍ വിളിച്ച് പെട്ടന്ന് വരാന്‍ പറഞ്ഞത് പ്രകാരമാണ് തങ്ങള്‍ ഇങ്ങോട്ട് വന്നതെന്നും ആലത്തൂര്‍ ഡിവൈഎസ്പി പറഞ്ഞു. കണ്ടത് ചെന്താമരയെ തന്നെയെന്നും ഡിവൈഎസ്പി എന്‍ മുരളീധരന്‍ സ്ഥിരീകരിച്ചു. പൊലീസ് ഉദ്യോഗസ്ഥനെ കണ്ടയുടനെ പ്രതി വനത്തിലേക്ക് ഓടി മറയുകയായിരുന്നു.
Story Highlights : Nenmara SHO suspended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here