Advertisement

മനുഷ്യരുടേത് പോലെ, കൂന്തലിന്റെ ജനിതക പ്രത്യേകതകള്‍ കണ്ടെത്തി സിഎംഎഫ്ആര്‍ഐ ഗവേഷകര്‍

January 29, 2025
Google News 2 minutes Read
FISH

കൂന്തലിന്റെ (ഇന്ത്യന്‍ സ്‌ക്വിഡ്) ജനിതക പ്രത്യേകതകള്‍ കണ്ടെത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). മനുഷ്യരുമായുള്ള ജനിതകസാമ്യം, പരിണാമബന്ധങ്ങള്‍ എന്നിവയിലേക്ക് വെളിച്ചം വീശുന്ന സുപ്രധാന നേട്ടമാണിത്. സമുദ്രശാസ്ത്രത്തിനപ്പുറം, ന്യൂറോ സയന്‍സ് ഉള്‍പ്പെടെയുള്ള മേഖലകള്‍ക്ക് മുതല്‍കൂട്ടാകുന്നതാണ് പഠനം. ബുദ്ധിശക്തി, മസ്തിഷ്‌ക വികസനം തുടങ്ങി മനുഷ്യരുടെ നാഡിവ്യവസ്ഥയുമായി സാമ്യമുള്ള കൂന്തലിന്റെ ജീന്‍ എക്‌സ്പ്രഷന്‍ മാതൃകകളാണ് സിഎംഎഫ്ആര്‍ഐ ഗവേഷകര്‍ പഠനവിധേയമാക്കിയത്.

സിഎംഎഫ്ആര്‍ഐയിലെ മറൈന്‍ ബയോട്കനോളജി, ഫിഷ് ന്യൂട്രീഷന്‍ ആന്‍ഡ് ഹെല്‍ത്ത് ഡിവിഷനിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സന്ധ്യ സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്.

വികസിത നാഡീവ്യൂഹം, ബുദ്ധിശക്തി, പ്രശ്‌നപരിഹാര കഴിവുകള്‍, നിറംമാറാനുള്ള ശേഷി തുടങ്ങിയ പ്രത്യേകതകളോട് കൂടിയ സമുദ്രജീവിയാണ് കൂന്തല്‍. ഇവയുടെ ജനിതക പ്രത്യേകതകള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന ജീന്‍ എക്‌സ്പ്രഷന്‍ പ്രൊഫൈലുകളാണ് സിഎംഎഫ്ആര്‍ഐ ഗവേഷകര്‍ തിരിച്ചറിഞ്ഞത്. ഇതിലൂടെ, മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന കശേരുകികളുമായി കൂന്തലിന് ജനിതകസാമ്യമുള്ളതായി കണ്ടെത്തി. പരിണാമപരമായ ബന്ധങ്ങളിലേക്കാണ് ഇത് വെളിച്ചം വീശുന്നത്.

Read Also: നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അപ്പീലുമായി കുടുംബം

കൂന്തലിന്റെ സങ്കീര്‍ണമായ മസ്തിഷ്‌ക വികാസം മനസ്സിലാക്കുന്നതിലൂടെ, ന്യൂറോ ബയോളജി, ബുദ്ധിശക്തി, നാഡീവ്യവസ്ഥയുടെ പരിണാമബന്ധങ്ങള്‍ എന്നീ മേഖലകളില്‍ നിര്‍ണായക അറിവുകള്‍ നേടാന്‍ സഹായിക്കുമെന്ന് ഡോ സന്ധ്യ സുകുമാരന്‍ പറഞ്ഞു.

ന്യൂറല്‍ സര്‍ക്യൂട്ടുകള്‍, ഓര്‍മ, നാഡീ രോഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പഠനങ്ങള്‍ കൂടുതല്‍ വികസിപ്പിക്കാനും ഇത് സഹായിക്കും. എല്ലാ ജീവജാലങ്ങളുടെയും ബുദ്ധിശേഷി, മസ്തിഷ്‌ക വികാസം, പരിണാമം എന്നിവ മനസ്സിലാക്കാന്‍ സഹായിക്കുന്ന സുപ്രധാന മാതൃക ജീവിവര്‍ഗമാണ് (മോഡല്‍ ഓര്‍ഗാനിസം) കൂന്തലെന്ന് ഈ പഠനത്തിലൂടെ തെളിഞ്ഞെന്നും അവര്‍ പറഞ്ഞു.

പുതിയ കണ്ടെത്തല്‍, സുസ്ഥിര സമുദ്രവിഭവ മാനേജ്‌മെന്റ് രംഗത്തും വലിയ മുതല്‍കൂട്ടാകും. കടല്‍ജീവികള്‍ പാരിസ്ഥിതിക മാറ്റങ്ങളോട് എങ്ങനെ പൊരുത്തപ്പെടുന്നുവെന്ന് മനസ്സിലാക്കാന്‍ ഈ ജനിതക കണ്ടെത്തലുകള്‍ വഴിയൊരുക്കും.നേരത്തെ, ഡോ സന്ധ്യ സുകുമാരന്റെ നേതൃത്വത്തില്‍ മത്തി, കല്ലുമ്മക്കായ എന്നിവയുടെ സമ്പൂര്‍ണ ജനിതക രഹസ്യം കണ്ടെത്തിയിരുന്നു.

Story Highlights : CMFRI reveals genetic similarities in Indian squid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here