Advertisement

അന്ന് തീപ്പൊരി എസ്എഫ്‌ഐ നേതാവ്, ഇന്ന് ജൂനാ അഖാഡയുടെ ആദ്യ മലയാളി മഹാമണ്ഡലേശ്വര്‍; കുംഭമേളയില്‍ അഭിഷക്തനായി സ്വാമി ആനന്ദവനം ഭാരതി

January 29, 2025
Google News 2 minutes Read
Once an SFI leader, now a Mahamandaleshwar

രാജ്യത്തെ ഏറ്റവും പുരാതനമായ നാഗസന്ന്യാസി സമൂഹമായ ശ്രീപഞ്ച് ദശനാം ജൂനാ അഖാഡെയുടെ മഹാമണ്ഡലേശ്വരായി മലയാളിയായ സ്വാമി ആനന്ദവനം ഭാരതി. സിപിഐഎം നേതാവും എസ്എഫ്‌ഐ തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റുമായിരുന്ന പി സലിലാണ് ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ വച്ചുനടക്കുന്ന മഹാകുംഭമേളയില്‍ ശ്രീപഞ്ച് ദശനാം ജൂനാ അഖാഡെയുടെ ആത്മീയ ഉന്നതസ്ഥാനത്ത് സ്വാമി ആനന്ദവനം ഭാരതി എന്ന പേരില്‍ അഭിഷിക്തനായത്. മഹാമണ്ഡലേശ്വര്‍ സ്ഥാനത്തെത്തുന്ന മൂന്നാമത്തെ മലയാളിയാണ് സ്വാമി ആനന്ദവനം ഭാരതി. അഖാഡെ സഭാപതി ശ്രീമഹന്ത് പ്രേഗിരിയുടെ നേതൃത്വത്തിലാണ് അഭിഷേക ചടങ്ങുകള്‍ നടന്നത്. ആനന്ദവനം ഭാരതി ഉള്‍പ്പെടെ ഒന്‍പത് സന്ന്യാസിമാരാണ് കഴിഞ്ഞ ദിവസം മഹാമണ്ഡലേശ്വരായി അഭിഷേകം ചെയ്തത്. (Once an SFI leader, now a Mahamandaleshwar)

തൃശൂരിലെ തീപ്പൊരി ഇടതുനേതാവില്‍ നിന്ന് സന്ന്യാസത്തിലെ ആത്മീയ ഉന്നതിയിലേക്കുള്ള സ്വാമി ആനന്ദവനം ഭാരതിയെന്ന പി സലിലിന്റെ യാത്ര ഏറെ സംഭവബഹുലമായിരുന്നു. തൃശൂര്‍ ചാലക്കുടി അന്നനാട് മേനോക്കി വീട്ടില്‍ സേതുമാധവന്റേയും ആനന്ദവല്ലിയുടേയും മകനായാണ് സലിലിന്റെ ജനനം. തൃശൂര്‍ ശ്രീ കേരള വര്‍മ കോളജിലെ പഠനകാലത്താണ് എസ്എഫ്‌ഐയിലൂടെ സലില്‍ തന്റെ പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. കേരള വര്‍മയിലെ കോളജ് യൂണിറ്റ് സെക്രട്ടറിയായി മാറിയ സലിലില്‍ പലരും പ്രശോഭമായ ഒരു രാഷ്ട്രീയ ഭാവി കണ്ടു. ഊര്‍ജസ്വലനായ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന സലിലിന് എസ്എഫ്‌ഐ തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റാകാനുമായി. ഇതിനിടെ സലില്‍ സിപിഐഎം അംഗത്വവുമെടുത്ത് മുഴുവന്‍ സമയ ഇടതുപ്രവര്‍ത്തകനായി.

Read Also: ഇന്ത്യയിൽ മലയാളം സിനിമ മാത്രമാണ് വളരുന്നത് ; മണിരത്നം

മന്ത്രിമാരായ പി രാജീവുമായും എം ബി രാജേഷുമായുമെല്ലാം അക്കാലത്ത് സലിലിന് അടുത്ത ബന്ധം പുലര്‍ത്താനായി. കൊച്ചിയിലെ കേരള മീഡിയ അക്കാദമിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തനം പഠിച്ച അദ്ദേഹം 10 വര്‍ഷത്തോളം മാതൃഭൂമി ഉള്‍പ്പെടെയുള്ള പ്രമുഖ മാധ്യമസ്ഥാപനങ്ങളില്‍ മാധ്യമപ്രവര്‍ത്തകനായി. 2001ലെ കുംഭമേളയില്‍ അപ്രതീക്ഷിതമായി പങ്കെടുക്കാനിടയായതാണ് സ്വാമി ആനന്ദവനത്തിന്റെ ആത്മീയ ജീവിതത്തിനെയാകെ സ്വാധീനിച്ചത്. ഒരു കേസില്‍ പെട്ട് മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചുകൊണ്ടിരിക്കെ നാട്ടില്‍ നിന്ന് മാറി നില്‍ക്കാന്‍ ഉപദേശം ലഭിച്ചപ്പോഴാണ് സലില്‍ അവിചാരിതമായി കുംഭമേളസ്ഥലത്തെത്തുന്നത്. ആറുദിവസം അദ്ദേഹത്തിന് അവിടെ തങ്ങേണ്ടി വന്നു. ഗംഗാതീരത്ത് പുല്‍ക്കെട്ടുകള്‍ വിരിച്ച് അതില്‍ക്കിടന്ന് സന്ന്യാസിമാരേയും ആത്മീയ ജീവിതത്തേയും തൊട്ടടുത്ത് നിന്ന് കണ്ട് മനസിലാക്കിയ ആ ഒരാഴ്ചക്കാലം സലിലിന്റെ ചിന്താഗതിയേയും വിശ്വാസപ്രമാണങ്ങളേയും അടിമുടി മാറ്റി മറിച്ചു.

നാട്ടിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം ഇടയ്ക്കിടെ ഹരിദ്വാറിലേക്കും വാരണസിയിലേക്കും ഋഷികേശിലേക്കും ഹിമാലയത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും നിരന്തരം ആത്മീയ യാത്രകള്‍ നടത്താന്‍ തുടങ്ങി. ആശ്രമത്തിന്റെ ഒരു മാസിക എഡിറ്റ് ചെയ്യാന്‍ സ്വാമി സന്ദീപാനന്ദഗിരിയെ സഹായിച്ചതും ആത്മീയാന്വേഷണങ്ങളിലേക്കുള്ള സലിലിന്റെ യാത്രയെ സ്വാധീനിച്ചു. ആത്മീയത യുക്തിഭദ്രമാണെന്നും തുല്യതയാണ് ആത്മീയത പഠിപ്പിക്കുന്നതെന്നും തിരിച്ചറിഞ്ഞതാണ് തന്റെ ആത്മീയ യാത്രകള്‍ക്ക് സഹായകരമായതെന്ന് സ്വാമി ആനന്ദവനം ഭാരതി തന്നെ തന്റെ ചില അഭിമുഖങ്ങളില്‍ സൂചിപ്പിക്കുന്നുണ്ട്.

2019ലെ കുംഭമേളയില്‍ വച്ചാണ് സ്വാമി ആനന്ദവനം ഭാരതി ജൂനാ അഖാഡയില്‍ നിന്ന് നാഗദീക്ഷ സ്വീകരിക്കുന്നത്. ജൂനാ അഖാഡെയുടെ കേരളത്തിലെ ശാഖയായ കാളികാപീഠാധിപതിയും സംസ്ഥാനത്തെ ആദ്യ ആശ്രമമായ കൊട്ടാരക്കര അവധൂതാശ്രമത്തിലെ ഉന്നതാധികാരിയുമാണ് നിലവില്‍ സ്വാമി ആനന്ദവനം ഭാരതി. മഹാമണ്ഡലേശ്വര്‍ സ്ഥാനം ധര്‍മ സംരക്ഷണത്തിനായുള്ള അഖാഡെയുടെ പ്രവര്‍ത്തനങ്ങള്‍ ദക്ഷിണേന്ത്യയില്‍ വ്യാപിപ്പിക്കാനുള്ള നിയോഗമായി കാണുന്നുവെന്ന് സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു.

Story Highlights : Once an SFI leader, now a Mahamandaleshwar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here