Advertisement

‘ചരിത്ര മുന്നേറ്റം, കേരളത്തിലെ 200 സര്‍ക്കാര്‍ ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍’: വികസന പ്രവര്‍ത്തനങ്ങളുടെ ഫലമെന്ന് ആരോഗ്യമന്ത്രി

January 30, 2025
Google News 1 minute Read

സംസ്ഥാനത്തെ 200 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.) സര്‍ട്ടിഫിക്കേഷന്‍ ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പുതുതായി 3 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചതോടെയാണ് ഈ ചരിത്ര നേട്ടം കൈവരിച്ചത്.

മികച്ച സ്‌കോറോടെയാണ് സംസ്ഥാനത്തെ പല ആരോഗ്യ സ്ഥാപനങ്ങളും ഈ നേട്ടം കൈവരിച്ചത്. ആരോഗ്യ സ്ഥാപനങ്ങളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താനായി സര്‍ക്കാര്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ ആശുപത്രികളില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായതെന്നും മന്ത്രി വ്യക്തമാക്കി.

ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ കുടുംബാരോഗ്യ കേന്ദ്രം 94.92 ശതമാനം സ്‌കോറും, വയനാട് ജില്ലയിലെ വെങ്ങപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം 89.65 ശതമാനം സ്‌കോറും, വയനാട് ജില്ലയിലെ മുത്തങ്ങ ജനകീയ ആരോഗ്യ കേന്ദ്രം 88.86 ശതമാനം സ്‌കോറും കൈവരിച്ചാണ് എന്‍.ക്യു.എ.എസ്. നേടിയെടുത്തത്. ഇതോടെ 5 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 135 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 4 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ എന്‍.ക്യു.എ.എസ്. അംഗീകാരം നേടി. ബാക്കിയുള്ള സ്ഥാപനങ്ങളെ കൂടി മിഷന്‍ അടിസ്ഥാനത്തില്‍ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള ശ്രമമാണ് നടന്നു വരുന്നത്.

എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് അശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും.

2023ല്‍ ഈ സര്‍ക്കാരിന്റെ കാലത്താണ് ആര്‍ദ്രം മിഷന്റെ ഭാഗമായി 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയത്. ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും ഉപകരണങ്ങളും ആരോഗ്യ സേവനങ്ങളും 36 ഇനം മരുന്നുകളും 10 തരം ലാബ് പരിശോധനകളും ലഭ്യമാക്കുന്നു. ഇതിലൂടെ വാര്‍ഡ് തലം മുതലുള്ള ആരോഗ്യ സേവനങ്ങള്‍ ശാക്തീകരിക്കുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് മൂന്ന് ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ലഭിച്ച എന്‍.ക്യു.എ.എസ് അംഗീകാരം.

Story Highlights : 200 Govt Hospitals Certified NQAS

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here