ഡി സോൺ കലോത്സവത്തിലെ KSU സംഘർഷം; ‘മർദ്ദിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെ’, റിമാൻഡ് റിപ്പോർട്ട് പുറത്ത്

മാള ഹോളി ഗ്രേസ് കോളജിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളിൽ അറസ്റ്റിലായ കെ.എസ്.യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്.
എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയെ കെ.എസ്.യു ജില്ല പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരിന്റെ നേതൃത്വത്തില്‍ അക്രമിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. അക്രമത്തില്‍ പരുക്കേറ്റ് നിലത്തുവീണ ആശിഷ് കൃഷ്ണനെ അസഭ്യം വിളിച്ച് മുളവടി കൊണ്ട് തലയിലും ചെവിയിലും അടിച്ചത് ഒന്നാം പ്രതി ഗോകുല്‍ ഗുരുവായൂര്‍ ആണ്. രണ്ടാം പ്രതി അശ്വിനാണ് ഇരുമ്പുവടി കൊണ്ട് ആശിഷിന്‍റെ ഷോൾഡറില്‍ അടിച്ചത്. മൂന്നാം പ്രതി ആദിത്യനാണ് ആശിഷിനെ തടഞ്ഞു നിര്‍ത്തി മുഖത്തടിച്ച് നിലത്തു വീഴ്ത്തിയത്. ഡി സോൺ കലോത്സവത്തിലെ അപാകത ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് കെ.എസ്.യു നേതാക്കള്‍ അക്രമം നടത്തിയതെന്നും റിമാന്റ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. കോടതിയിൽ ഹാജരാക്കിയ റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് ട്വന്റി ഫോറിന് ലഭിച്ചു.
കേസിൽ അന്വേഷണം പൂർത്തിയാക്കാത്ത സാഹചര്യത്തിലും പ്രതികൾക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും ഒളിവിൽപോകാനുമുള്ള സാധ്യത പരിഗണിച്ചുകൊണ്ട് പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇവർക്കെതിരെ വധശ്രമം ആണ് പൊലീസ് ചുമത്തിയിരിക്കുന്നത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ അടക്കം മൂന്നുപേരാണ് സംഭവത്തിൽ പിടിയിലായത്.
അതേസമയം, ഡി സോൺ കലോത്സവത്തിലെ സംഘർഷത്തിന്റെ ഭാഗമായി എസ്എഫ്ഐ പ്രവർത്തകർ കെഎസ്‌യു പ്രവർത്തകരെ ആക്രമിക്കുമ്പോൾ പൊലീസ് നിസ്സംഗത പാലിക്കുന്നുവെന്നാരോപിച്ച് തൃശൂർ ഡിഐജി ഓഫീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉപരോധിക്കുകയാണ്. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടപടി ഉണ്ടാകുന്നില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. മുൻ ഡിസിസി പ്രസിഡൻറ് ജോസ് വള്ളൂരിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. വിവിധ കോളജുകളിൽ തുടർ സംഘർഷത്തിന്റെ ഭാഗമായി എസ്എഫ്ഐ പ്രവർത്തകർ ആക്രമിക്കുന്നുവെന്ന് കോൺഗ്രസ് വ്യക്തമാക്കി.
തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് ഡി സോണ്‍ വേദിയായ മാള ഹോളിഗ്രേസില്‍ അക്രമങ്ങള്‍ ആരംഭിച്ചത്. കമ്പിവടിയും വലിയ മരക്കഷണങ്ങളും കസേരകളും കൊണ്ടാണ് വിദ്യാര്‍ഥികള്‍ തമ്മിലടിച്ചത്. കല്ലേറും ഉണ്ടായി.വേദി രണ്ടില്‍ നടന്ന സ്‌കിറ്റിന്റെ ഫലപ്രഖ്യാപനത്തെച്ചൊല്ലിയാണ് തുടക്കം. പിന്നീട് എസ്എഫ്ഐ.- കെ.എസ്.യു പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് അടിക്കുകയായിരുന്നു. വിവിധ വേദികളിലായി മത്സരാര്‍ഥികള്‍ കാത്തുനില്‍ക്കുമ്പോഴായിരുന്നു അക്രമം.
80 ഇനങ്ങളിലായി മൂവായിരത്തിലേറെ വിദ്യാര്‍ഥികളാണ് ഇവിടെ മത്സരിക്കാന്‍ എത്തിയിരുന്നത്. കാണികളായി എത്തിയവര്‍ വേറെയും ഉണ്ടായിരുന്നു. സംഘര്‍ഷസാധ്യത നിലനിന്നിട്ടും ഇതൊഴിവാക്കാന്‍വേണ്ട നടപടികള്‍ എടുക്കാന്‍ അധികൃതര്‍ക്കായില്ല എന്നതും വീഴ്ചയാണ്.
Story Highlights : Calicut university D Zone kalolsavam, ksu -sfi clash; remand report out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here