Advertisement

മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ; പുനരധിവാസത്തിനായി എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നത് വൈകുന്നു

January 30, 2025
Google News 2 minutes Read

മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തമുണ്ടായി ആറുമാസം പിന്നിടുമ്പോഴും പുനരധിവാസത്തിനായി എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നത് വൈകുന്നു. നഷ്ടപരിഹാരം നൽകി സ്ഥലം ഏറ്റെടുക്കുന്നതിനെ ചൊല്ലിയുളള ആശയക്കുഴപ്പമാണ് വൈകാൻ കാരണം. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. ഭൂമി ഏറ്റെടുക്കൽ വൈകില്ലെന്നും നടപടിയുമായി മുന്നോട്ട് പോകുകയാണെന്നുമാണ് റവന്യു മന്ത്രി കെ.രാജന്റെ വിശദീകരണം.

ജൂലൈ 30നാണ് വയനാട് ജില്ലയിലെ ചൂരൽ മലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടൽ നാശം വിതച്ചത്. ദുരന്തം നടന്ന് ആറ് മാസം കഴിഞ്ഞിട്ടും പുനരധിവാസത്തിനുളള നടപടികൾ മന്ദ ഗതിയിലാണ്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റും മേപ്പാടി നെടുമ്പാല എസ്റ്റേറ്റും ഏറ്റെടുക്കാൻ കോടതി അനുമതി നൽകിയിട്ടും ഒരുമാസം കഴിഞ്ഞു. നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കാനാണ് ഹൈകോടതി ഉത്തരവ്. എന്നാൽ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കുന്നതിൽ ആശയക്കുഴപ്പമുണ്ട്.

എസ്റ്റേറ്റ് ഭൂമിക്കാണോ അതിലെ ചമയങ്ങൾക്കാണോ നഷ്ടപരിഹാരം നൽകേണ്ടെതെന്നതിലാണ് അവ്യക്തത നിലനിൽക്കുന്നത്. ഇക്കാര്യത്തിൽ അഡ്വക്കേറ്റ് ജനറലുമായി ചർച്ച നടത്തി വ്യക്തത വരുത്താൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. എ.ജിയുമായി ചർച്ച നടത്തി നിർദേശം സമർപ്പിക്കാൻ ചുമതലപ്പെട്ട ചീഫ് സെക്രട്ടറി ഇതുവരെ റിപോർട്ട് സമർപ്പിച്ചിട്ടില്ല. സിവിൽകേസിൽപെട്ട ഭൂമി ഏറ്റെടുക്കമ്പോൾ കോടതിയിൽ പണം കെട്ടിവെക്കുന്നതാണ് നിലവിലുളള കീഴ് വഴക്കം. കോടതി നിർദ്ദേശം പാലിച്ച് നഷ്ടപരിഹാരം ഉടമകൾക്ക് നൽകിയാൽ സർക്കാരിന് നഷ്ടമുണ്ടാകുമെന്നാണ് റവന്യു വകുപ്പിൻെറ ആശങ്ക.

എന്തായാലും എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്ന നടപടിയിൽ ഏറെയൊന്നും മുന്നോട്ട് പോകാൻ സർക്കാരിനായിട്ടില്ല. എന്നാൽ എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നതിൽ കാലതാമസമില്ലെന്നാണ് റവന്യു മന്ത്രി കെ.രാജൻെറ പ്രതികരണം.എസ്റ്റേറ്റിൻെറ അളവും മൂല്യ നിർണയവും നടന്നുവരികയാണ്.എ.ജിയുടെ ഉപദേശം ലഭിക്കുമ്പോൾ മറ്റ് നടപടികളെല്ലാം പൂർത്തിയാകും. താമസം വരാതിരിക്കാൻ ഭൂമിയുടെ വിലയും ചമയങ്ങളുടെ വിലയും പ്രത്യേകം പ്രത്യേകം കണക്കാക്കുന്നുണ്ടെന്നും മന്ത്രി കെ.രാജൻ അറിയിച്ചു.

Story Highlights : Wayanad landslide, Acquisition of estates for rehabilitation delayed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here