ഡി സോണ്‍ കലോത്സവത്തിലെ സംഘര്‍ഷം: SFI പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതില്‍ പൊലീസ് ഒത്തുകളിയെന്ന് ആരോപണം

കാലിക്കറ്റ് സര്‍വകലാശാല ഡിസോണ്‍ കലോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതില്‍ പൊലീസ് ഒത്തുകളിയെന്ന് ആരോപണം. KSU പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ തലയ്ക്ക് ഗുരുതര പരുക്കേറ്റ ആഷിഷിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. എഫ്‌ഐആറിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.
ക്രൂരമര്‍ദ്ദനം നേരിട്ട എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പേരില്‍ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. കെ എസ് യു പ്രവര്‍ത്തകര്‍ തലക്കടിച്ച ആഷിഷിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആഷിഷ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ എസ്എഫ്‌ഐ നേതാവ് ഫിദല്‍ കാസ്‌ട്രോയെ ഏഴാം പ്രതിയാക്കിയും കേസെടുത്തിരുന്നു. കേസ് കോടതിയില്‍ എത്തുമ്പോള്‍ ആഷിഷിനെ പ്രതിയാക്കുന്നതിലൂടെ ഒത്തുതീര്‍പ്പികാന്‍ പൊലീസ് അവസരമൊരുക്കുന്നു എന്നാണ് ആരോപണം. എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കെ എസ് യു നേതാക്കളെ പോലീസ് ആംബുലന്‍സില്‍ രക്ഷപെടാന്‍ സഹായിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗുരുതരമായി പരുക്കേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തത്.
തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് ഡി സോണ്‍ വേദിയായ മാള ഹോളിഗ്രേസില്‍ അക്രമങ്ങള്‍ ആരംഭിച്ചത്. കമ്പിവടിയും വലിയ മരക്കഷണങ്ങളും കസേരകളും കൊണ്ടാണ് വിദ്യാര്‍ഥികള്‍ തമ്മിലടിച്ചത്. കല്ലേറും ഉണ്ടായി.വേദി രണ്ടില്‍ നടന്ന സ്‌കിറ്റിന്റെ ഫലപ്രഖ്യാപനത്തെച്ചൊല്ലിയാണ് തുടക്കം. പിന്നീട് എസ്എഫ്‌ഐ.- കെ എസ് യു പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് അടിക്കുകയായിരുന്നു. വിവിധ വേദികളിലായി മത്സരാര്‍ഥികള്‍ കാത്തുനില്‍ക്കുമ്പോഴായിരുന്നു അക്രമം.
80 ഇനങ്ങളിലായി മൂവായിരത്തിലേറെ വിദ്യാര്‍ഥികളാണ് ഇവിടെ മത്സരിക്കാന്‍ എത്തിയിരുന്നത്. കാണികളായി എത്തിയവര്‍ വേറെയും ഉണ്ടായിരുന്നു. സംഘര്‍ഷസാധ്യത നിലനിന്നിട്ടും ഇതൊഴിവാക്കാന്‍വേണ്ട നടപടികള്‍ എടുക്കാന്‍ അധികൃതര്‍ക്കായില്ല എന്നതും വീഴ്ചയാണ്.
Story Highlights : D zone art fest clash: It is alleged that the police colluded in filing a case against SFI activists
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here