സ്ട്രീമിങ് റെക്കോർഡുകൾ തകർക്കാൻ സ്ട്രേഞ്ചർ തിങ്ങ്സ് വരുന്നു…

നെറ്റ്ഫ്ലിക്സിന്റെ സ്ട്രീമിങ് ചരിത്രത്തിലെ ഏറ്റവും ജനപ്രിയ സീരീസുകളിലൊന്നായ സ്ട്രേഞ്ചർ തിങ്‌സിന്റെ 5 ആം സീസൺ റിലീസിനൊരുങ്ങുന്നു. 2017ൽ സ്ട്രീമിങ് ആരംഭിച്ച സീരീസിന്റെ പ്രമേയം 1980കളിൽ ഇൻഡിയാനയിലുള്ള ഹോക്കിൻസ് എന്ന ഗ്രാമത്തിൽ ഡെമോഗോർഗനുകൾ എന്ന ഭീകര ജന്തുക്കൾ കടന്നു കയറുകയും 5 കുട്ടികൾ ചേർന്ന് അവയെ പ്രതിരോധിക്കുകയും ചെയ്യുന്നതാണ്. അതിൽ ഇലവൻ എന്ന പെൺകുട്ടിക്ക് വസ്തുക്കളെ സ്പർശിക്കാതെ ചലിപ്പിക്കാനുള്ള അത്ഭുത ശേഷിയുമുണ്ട്. ഇത് വരെ നാല് സീസണുകൾ ഇറങ്ങിയ സീരീസിന്റെ അവസാന സീസൺ ആണ് റിലീസിനൊരുങ്ങുന്നത്.
1980 കളിലും, 90 കളിലും ഹോളിവുഡിൽ റിലീസായ സയൻസ് ഫിക്ഷൻ, അഡ്വെഞ്ചർ, ഹൊറർ സിനിമകളുടെ ശക്തമായ സ്വാധീനം സ്ട്രേഞ്ചർ തിങ്‌സിൽ കാണാൻ സാധിക്കും. പ്രധാനമായും സ്റ്റീഫൻ സ്പിൽബർഗ് സിനിമകളും സ്റ്റീവൻ കിങ്ങിന്റെ നോവലുകളും ആണ് സീരീസ് അടിസ്ഥാനമാക്കിയിരിക്കുന്നത്.

സീരീസിന്റെ പ്രധാന കാഴ്ചക്കാർ 13 മുതൽ 25 വയസ്സ് വരെയുള്ളവർ ആണെങ്കിലും ഏത് പ്രായക്കാർക്കും ഗൃഹാതുരുത്വം ഉണ്ടാക്കുന്ന ഒരു സിനിമാറ്റിക്ക് അനുഭവം സീരീസ് നൽകുന്നു.സീരീസ് കാണുന്ന പ്രേക്ഷകന് സ്പിൽബർഗിന്റെ ഇ.ടി : ദി എക്സ്ട്രാ ടെറസ്ട്രിയലും മൈ ഡിയർ കുട്ടിച്ചാത്തനും ഒക്കെ ഓർമ വന്നാൽ സ്വാഭാവികം.
ഒരു വർഷത്തോളം നീണ്ട സീരീസിന്റെ ചിത്രീകരണം ഡിസംബർ 20ന് അവസാനിച്ചു എന്ന് സംവിധായകരായ ഡഫർ സഹോദരന്മാർ അറിയിച്ചിരുന്നു. നിരവധി VFX രംഗങ്ങളും ബ്രഹ്‌മാണ്ഡ സെറ്റുകളും ഉൾപ്പെടുന്ന, വമ്പൻ സ്കെയിലിൽ നിർമ്മിച്ചിരിക്കുന്ന സ്ട്രേഞ്ചർ തിങ്‌സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ.
കേന്ദ്ര കഥാപാത്രമായ ഇലവനെ കാണാമാനില്ല എന്ന ഒരു വാണ്ടഡ് നോട്ടിസ് മാതൃകയിലായിരുന്നു പോസ്റ്റർ. മില്ലി ബോബി ബ്രൗൺ, ഫിൻ വോൾഫ്ഹാഡ്, ജോ കീറി, നോഹ ഷ്നാപ്പ്, സാഡി സിങ്ക്, ഗേറ്റൻ മറ്ററാസോ, കേലബ് മക്ക്ലാഫ്‌ലിൻ, തുടങ്ങിയവർ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. 8 എപ്പിസോഡുകളായെത്തുന്ന സ്ട്രേഞ്ചർ തിങ്ങ്സ് സീസൺ 5 നവംബറിൽ സ്ട്രീമിങ് ആരംഭിക്കും.

Story Highlights :STRANGER THINGS S05 IS ON THE WAY
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here