കേന്ദ്ര ബജറ്റ് നാളെ, ഇന്ന് സാമ്പത്തിക സർവേ അവതരണം, രാഷ്ട്രപതിയുടെ പ്രസംഗം

പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് രാവിലെ 11ന് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. നാളെ ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. പാർലമെന്റ് സമ്മേളിക്കുന്നതിന് മുൻപായി പ്രധാനമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും.
രണ്ടു ഘട്ടങ്ങൾ ആയാണ് പാർലമെന്റിന്റെ ബജറ്റ് സമ്മേളനം നടക്കുക. രാവിലെ 11 മണിക്ക് രാഷ്‌ട്രപതി ദ്രൗപതി മുർമു ലോക്സഭ ചേമ്പറിൽ സംയുക്ത സമ്മേളനത്തിൽ അഭിസംബോധന ചെയ്യുന്നതോടെയാണ് ബജറ്റ് സമ്മേളനം ആരംഭിക്കുക.
രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് പിന്നാലെ, ധനമന്ത്രി നിർമ്മല സീതാരാമൻ സാമ്പത്തിക സർവേ റിപ്പോർട്ട് ഇരു സഭകളുടെയും മേശപ്പുറത്ത് വയ്ക്കും. നാളെ രാവിലെ 11 മണിക്ക്, 2025-26 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് നിർമല സീതാരാമൻ അവതരിപ്പിക്കും.
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ച ലോക്‌സഭയിൽ ഫെബ്രുവരി മൂന്ന്, നാല് തീയതികളിൽ നടക്കും. രാജ്യസഭയിൽ മൂന്നു ദിവസമാണ് ചർച്ച. രാജ്യസഭയിൽ ഫെബ്രുവരി ആറിന് നന്ദി പ്രമേയ ചർച്ചക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി പ്രസംഗമുണ്ടായേക്കും.
ഫെബ്രുവരി 13 വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം. ബജറ്റിലെ ധനാഭ്യർഥനകളുടെ സൂക്ഷ്മപരിശോധന പൂർത്തിയാക്കിയശേഷം മാർച്ച് 10-ന് സമ്മേളനം പുനരാരംഭിച്ച് ഏപ്രിൽ നാലിനു പിരിയും. ബജറ്റ് സമ്മേളനത്തിൽ 27 ദിവസത്തെ സിറ്റിങ്ങാണ് ക്രമീകരിച്ചിരിക്കുന്നത്.
Story Highlights : The budget session of Parliament will begin today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here