വാഷിംഗ്‌ടൺ വിമാനാപകടം; ‘ബ്ലാക്ക് ബോക്സ്’ കണ്ടെടുത്തു

സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് വാഷിംഗ്‌ടണിലെ പൊട്ടോമാക് നദിയിൽ തകർന്ന് വീണ യാത്രാ വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്സുകൾ കണ്ടെടുത്തതായി നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അറിയിച്ചു. കണ്ടെടുത്ത ഫ്ലൈറ്റ് ഡാറ്റയും കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറുകളും എൻടിഎസ്‌ബി ലാബുകളിലേക്ക് വിശകലനത്തിനായി മാറ്റിയിരിക്കുകയാണ്. പൊട്ടോമാക് നദിയിൽ നിന്നാണ് AA5342 എന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിൽ ഒരാൾ പോലും അപകടത്തിൽ നിന്നും രക്ഷപ്പെട്ടിട്ടില്ലെന്നാണ് സ്ഥിരീകരണം. അപകടത്തിൽ മനുഷ്യനാണോ മെക്കാനിക്കൽ ഘടകങ്ങളാണോ കാരണമായതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഫ്ലൈറ്റ് ഡാറ്റയും കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറുകളും അടങ്ങുന്ന ഈ ഉപകരണം വിമാനത്തിന് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കുന്നതിനുള്ള പ്രധാന തെളിവായി മാറും.
വിമാനാപകടത്തിൽ മരിച്ചവരിൽ റഷ്യ, ഫിലിപ്പീൻസ്, ജർമനി എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാരും ഉൾപ്പെടുന്നുണ്ട്. രണ്ട് ചൈനീസ് പൗരന്മാരും വിമാനത്തിൽ ഉണ്ടായിരുന്നുവെന്ന് ചൈനീസ് എംബസിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്ന് സൈനികർ ഉൾപ്പെടെ 28 പേരുടെ മൃതദേഹങ്ങളാണ് പൊട്ടോമാക് നദിയിലെ മഞ്ഞുമൂടിയ വെള്ളത്തിൽ നിന്ന് പുറത്തെടുത്തത്.
Read Also: വാഷിംഗ്‌ടൺ വിമാനാപകടം; 40 മൃതദേഹങ്ങൾ കണ്ടെത്തി, എയർ ട്രാഫിക്ക് കൺട്രോളർമാർക്കെതിരെ ട്രംപ്
60 വിമാനയാത്രക്കാര്‍ , 4 ക്രൂ അംഗങ്ങള്‍, 3 സൈനികര്‍ എന്നിവരാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ മരിച്ചവരിൽ 14 സ്കേറ്റിങ് താരങ്ങളും, സ്‌കേറ്റിങ് മുന്‍ ലോക ജേതാക്കളായ യെവ്ജീനിയ ഷിഷ്‌കോവയും വാദിം നൗമോവും മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സ്കേറ്റിങ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ക്യാമ്പിൽ നിന്ന് മടങ്ങുകയായിരുന്നു സംഘം. റഷ്യൻ വംശജരായ യെവ്ജീനിയ ഷിഷ്‌കോവയും വാദിം നൗമോവും വർഷങ്ങളായി അമേരിക്കയിൽ താമസിച്ച്, യുവ സ്‌കേറ്റർമാരെ പരിശീലിപ്പിച്ച് വരികയായിരുന്നു.
അതേസമയം, വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മുൻ പ്രസിഡൻ്റ് ബരാക് ഒബാമയെയും പ്രസിഡൻ്റ് ജോ ബൈഡനെയും വ്യോമ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തതായി ആരോപിച്ചു. നിയമന തീരുമാനങ്ങളിൽ കഴിവിനേക്കാൾ വൈവിധ്യത്തിനാണ് അവർ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Story Highlights : Washington DC plane crash: Black box from commercial flight recovered
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here