സാധാരണക്കാര്‍ക്കായുള്ള ബജറ്റ്, മോദി സര്‍ക്കാരിന്റെ വികസനത്തുടര്‍ച്ചയുടെ ഉദാഹരണം: രാജീവ് ചന്ദ്രശേഖര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നിരവധി വര്‍ഷങ്ങളായി നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ബജറ്റ് പ്രഖ്യാപനങ്ങളെന്ന് മുന്‍കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖര്‍. സാധാരണക്കാരടക്കം സമൂഹത്തിലെ വ്യത്യസ്ത തലങ്ങളില്‍പ്പെട്ട ജനങ്ങളുടെ ഉന്നമനവും സമൃദ്ധിയും ഉറപ്പാക്കുന്ന സമീപനമാണ് ബജറ്റിലുള്ളതെന്നും അദ്ദേഹം അബിപ്രായപ്പെട്ടു.
വികസനത്തിനായി കഴിഞ്ഞ പത്തുവര്‍ഷങ്ങളില്‍ നടത്തിയ കഠിനാദ്ധ്വാനത്തിന്റെ ഫലം ഇന്ന് നികുതിയിളവുകളായും ശമ്പളക്കാര്‍ക്ക് കൂടുതല്‍ തുക ചെലവിടുന്നതിനു പര്യാപ്തമായ വരുമാനവുമായി ബജറ്റില്‍ പ്രതിഫലിക്കുന്നു. ആദ്യം പരിവര്‍ത്തനം, പിന്നാലെ പരിഷ്‌കരണം, തുടര്‍ന്ന് ആനുകൂല്യങ്ങളുടെ ഒഴുക്ക് അതാണ് ബജറ്റ് നല്‍കുന്ന സൂചന.
പ്രധാനമന്ത്രി പത്തു വര്‍ഷം കൊണ്ട് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ സമൂലം പരിഷ്‌കരിക്കുകയും കോണ്‍ഗ്രസ് ഭരണകാലത്തെ നഷ്ടപ്പെട്ട ദശകത്തില്‍ നിന്ന് അതിനെ പുനര്‍നിര്‍മ്മിക്കുകയും ചെയ്തു. ജനങ്ങളുടെ ജീവിതനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി അടിസ്ഥാന സൗകര്യ മേഖലയില്‍ ഉയര്‍ന്ന നിക്ഷേപം നടത്തുന്നതിനുള്ള പദ്ധതികള്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രാജ്യമെമ്പാടും നടന്നു വരികയാണ്.
ഇന്ന് ബജറ്റിലൂടെ അദ്ദേഹം ആ പരിവര്‍ത്തനത്തിന്റെയും വളര്‍ച്ചയുടെയും നേട്ടങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കു മുന്നിലെത്തിച്ചിരിക്കുന്നു. ബജറ്റിലൂടെ രാജ്യത്തെ സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കും ഇടത്തരക്കാര്‍ക്കും വേണ്ടി നിലകൊള്ളുന്നുവെന്ന സന്ദേശം ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ച പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തുന്നതായും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
Story Highlights : Rajeev Chandrashekhar Praises Union Budget 2025
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here