ഹിന്ദിയിൽ സംസാരിക്കുന്ന എഐ; പുത്തൻ ഫീച്ചറുമായി സാംസങ്

സാംസങ് തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ സീരീസായ ഗാലക്‌സി എസ് 25 അടുത്തിടെ പുറത്തിറക്കിയിരുന്നു. ഈ സീരീസിന്റെ പ്രധാന ആകർഷണം കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് ലൈനപ്പിൽ ഗൂഗിളിന്‍റെ ജെമിനി എഐയെ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. എന്നാൽ ഇപ്പോളിതാ ഇന്ത്യൻ ഉപയോക്താക്കൾക്കായി ജെമിനി ലൈവിനൊപ്പം ഹിന്ദി ഭാഷാ പിന്തുണ നൽകുമെന്ന് അറിയിച്ചിരിക്കുകയാണ് സാംസങ്. [Samsung Galaxy S25]
ഇന്ത്യയിലെ വലിയ ഉപഭോക്തൃ അടിത്തറയും വിപണിയുടെ പ്രാധാന്യവും കണക്കിലെടുത്താണ് സാംസങ് ഹിന്ദിയിൽ എഐ പിന്തുണ നൽകുന്നത്. ഗാലക്‌സി എസ് 25 സീരീസിലൂടെ ജെമിനി ലൈവിൽ പിന്തുണ ലഭിക്കുന്ന ആദ്യത്തെ പ്രാദേശിക ഭാഷയും ഹിന്ദിയാണ്.
ജെമിനി ലൈവിൽ ഹിന്ദി ഭാഷാ പിന്തുണ ലഭിക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ എഐ ടൂളുമായി സംവദിക്കാനും ചോദ്യങ്ങൾ ചോദിക്കാനും സാധിക്കും. കലണ്ടർ, നോട്ട്‌സ്, റിമൈൻഡറുകൾ തുടങ്ങിയ സാംസങ്ങിന്റെ സ്വന്തം ആപ്പുകളിൽ എഐ അസിസ്റ്റന്റിന്റെ പ്രയോജനം ലഭ്യമാകുന്നതിനു പുറമെ, മറ്റ് തേർഡ് പാർട്ടി ആപ്പുകളും ഇത് പിന്തുണയ്ക്കും. ഗൂഗിളിൻ്റെയും മറ്റ് പങ്കാളികളുടെയും സ്വന്തം AI സാങ്കേതികവിദ്യകളും സവിശേഷതകളും സംയോജിപ്പിച്ചുള്ള ‘ഹൈബ്രിഡ് എഐ’ തന്ത്രമാണ് സാംസങ് നടപ്പാക്കുന്നത്.
Read Also: ചരിത്ര നേട്ടവുമായി വോഡാഫോൺ; സ്റ്റാൻഡേർഡ് സ്മാർട്ട്‌ഫോണിലൂടെ സാറ്റ്‌ലൈറ്റ് വീഡിയോ കോൾ
ജെമിനി ലൈവ് എഐ ഉപയോഗിച്ച് പുതിയ ഗാലക്‌സി എസ് 25 സീരീസ് പുറത്തിറക്കാനുള്ള സാംസങ്ങിന്റെ നീക്കം ഇന്ത്യൻ വിപണിയിലുള്ള സാംസങിന്റെ പ്രാധാന്യത്തെ എടുത്തു കാണിക്കുന്നു. ഗൂഗിൾ ജെമിനി ലൈവ് കൊറിയൻ, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ നൽകുമെന്നും തുടർന്ന് മറ്റ് ഭാഷകളിലേക്കും വ്യാപിപ്പിക്കുമെന്നും സാംസങ് ഇലക്‌ട്രോണിക്‌സിന്‍റെ പ്രസിഡന്‍റും എംഎക്‌സ് ബിസിനസ് മേധാവിയുമായ ടിഎം റോഹ് പറഞ്ഞു.
ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഗാലക്സി S25 Ultra, ഗാലക്സി S25+, ഗാലക്സി S25 എന്നിവ മുൻകൂട്ടി ഓർഡർ ചെയ്യാമെന്ന് സാംസങ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ ഗാലക്‌സി എസ് 25 സീരീസിന്റെ പ്രാരംഭ വില 80,999 രൂപയാണ്. ഗാലക്‌സി എസ് 25 അൾട്രായുടെ ഏറ്റവും ഉയർന്ന 1 ടിബി വേരിയന്റിന് 1.65 ലക്ഷം രൂപ വരെയാണ് വില. മുൻകൂട്ടി ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് 21,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും.
Story Highlights : Samsung Galaxy S25 with Hindi-speaking Gemini
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here