Advertisement

‘എല്ലാം ഇവിടെ നിന്ന് തുടങ്ങിയ യാത്ര’; മമ്മൂട്ടിയെ കാണാനെത്തി ഓസ്ട്രേലിയിലെ മലയാളി മന്ത്രി

February 3, 2025
Google News 3 minutes Read
Malayali Minister of Australia came to meet Mammootty

പൊതുപ്രവര്‍ത്തനത്തിലെ തന്റെ ആദ്യത്തെ മാര്‍ഗദര്‍ശിയുമായി കൂടിക്കാഴ്ച നടത്തി ഓസ്ട്രേലിയിലെ ഇന്ത്യന്‍ വംശജനായ ആദ്യമന്ത്രി ജിന്‍സണ്‍ ആന്റോ ചാള്‍സ്.ജീവകാരുണ്യപ്രവര്‍ത്തനത്തിലെ പഴയ സഹപ്രവര്‍ത്തകനെ മന്ത്രിയായി മുന്നില്‍ കണ്ടപ്പോള്‍ മമ്മൂട്ടിക്കും ഇത് അഭിമാനനിമിഷം. കൊച്ചിയില്‍ ചിത്രീകരണം തുടരുന്ന മഹേഷ് നാരായണന്റെ മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തിന്റെ സെറ്റിലായിരുന്നു അപൂര്‍വ കൂടിക്കാഴ്ച. ഓസ്ട്രേലിയിലെ നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി മമ്മൂട്ടിയെ കാണാനെത്തിയ ജിന്‍സന്‍, തന്റെ പ്രിയതാരത്തെ രാജ്യത്തേക്ക് ക്ഷണിക്കുകയും ചെയ്തു. ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിന് ക്ഷണിച്ചുള്ള സര്‍ക്കാരിന്റെ ഔദ്യോഗികകത്ത് ജിന്‍സണ്‍ മമ്മൂട്ടിക്ക് കൈമാറി. സിനിമയടക്കം ആറ് സുപ്രധാന വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയുടെ ക്ഷണം മമ്മൂട്ടി ഹൃദയപൂര്‍വം സ്വീകരിച്ചു. ചെറിയ കാലംകൊണ്ട് ഭിന്ന മേഖലകളിലെ പ്രവര്‍ത്തനങ്ങളിലൂടെ മറ്റൊരു രാജ്യത്തിന്റെ ഭരണതലപ്പത്തേക്ക് എത്തിയ ജിന്‍സനെ മമ്മൂട്ടി അഭിനന്ദിച്ചു. (Malayali Minister of Australia came to meet Mammootty)

വര്‍ഷങ്ങളോളം മമ്മൂട്ടിയുടെ കാരുണ്യദൗത്യങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന ജിന്‍സണ്‍ കാണാനെത്തിയപ്പോള്‍ മമ്മൂട്ടി ചുറ്റും നിന്നവരോടുമായി പറഞ്ഞു: ‘നമ്മുടെ ഫാന്‍സിന്റെ പഴയ ആളാ…’ കഴിഞ്ഞ കുറച്ചുദിവസങ്ങളായി നാട്ടിലുണ്ടായിരുന്ന കോട്ടയം പാലാ സ്വദേശിയായ ജിന്‍സണ്‍ ഓസ്ട്രേലിയയിലേക്ക് മടങ്ങുന്ന ദിവസമാണ് മമ്മൂട്ടിയെ കാണാനെത്തിയത്. ഓസ്ട്രേലിയയിലേക്ക് കൊച്ചിയില്‍നിന്ന് നേരിട്ട് വിമാനസര്‍വീസ് തുടങ്ങുന്നതിനായി സര്‍ക്കാരിനെക്കൊണ്ട് എന്തെങ്കിലും ചെയ്യിച്ചൂടേയെ എന്നായിരുന്നു മമ്മൂട്ടിയുടെ ആദ്യ ചോദ്യം. ഓസ്ട്രേലിയന്‍ പാര്‍ലമെന്റിനെക്കുറിച്ചും അവിടത്തെ സ്ത്രീപ്രാതിനിധ്യത്തെക്കുറിച്ചുമെല്ലാം കണ്ടറിഞ്ഞ കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ ജിന്‍സണ് അദ്ഭുതം. മമ്മൂട്ടി കുടുംബത്തിനും സുഹൃത്ത് രാജാശേഖരനും ജീവ കാരുണ്യ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുന്ന റോബര്‍ട്ട് കുര്യാക്കോസിനുമൊപ്പം ഓസ്ട്രേലിയയില്‍ നടത്തിയ ദീര്‍ഘദൂര കാര്‍ യാത്രയുടെ വിശേഷങ്ങളും റോഡ്, ട്രാഫിക് പെരുമകളും അദ്ദേഹം പങ്കുവച്ചു. ജീവിതത്തില്‍ ഏറെ കടപ്പാടും സ്‌നേഹവുമുള്ള മനുഷ്യനാണ് മമ്മൂട്ടിയെന്നും നടനപ്പുറം ലോകമറിയാതെ അദ്ദേഹം ചെയ്യുന്ന സേവനപ്രവര്‍ത്തനങ്ങളാണ് തനിക്ക് പ്രചോദനമായതെന്നും ജിന്‍സന്‍ ചാള്‍സ് പ്രതികരിച്ചു.

Read Also: 135 റൺസും, 2 വിക്കറ്റും ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങി അഭിഷേക് ശർമ; ഇന്ത്യയ്ക്ക് 150 റൺസ് ജയം

2007ല്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷനുമായി സഹകരിച്ച് ‘കാഴ്ച്ച’ എന്ന സൗജന്യ നേത്ര ചികത്സാ പദ്ധതിക്ക് രൂപം കൊടുത്തപ്പോള്‍ ആശുപത്രിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി വോളന്റിയേഴ്സിനെ നയിച്ചത് അന്നത്തെ അവിടുത്തെ നഴ്‌സിങ് വിദ്യാര്‍ത്ഥി ആയിരുന്ന ജിന്‍സന്‍ ആയിരുന്നു. നേത്ര ചികിത്സാ ക്യാമ്പുകളില്‍ സജീവ സാന്നിധ്യമായിരുന്ന ജിന്‍സന്‍ പിന്നീട് മമ്മൂട്ടി, കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ആരംഭിച്ചപ്പോള്‍ അതില്‍ സജീവ സാന്നിധ്യമാവുകയിരുന്നു. പിന്നീട് ആസ്ട്രേലിയയിലേക്ക് കുടിയേറിയപ്പോഴും പ്രിയനടന്റെ സാമൂഹിക സേവനപദ്ധതികളുടെ ഭാഗമായി തന്നെ ജിന്‍സന്‍ തുടര്‍ന്നു. പ്രവാസി മലയാളികള്‍ക്കും അവരുടെ നാട്ടിലെ മാതാ പിതാക്കള്‍ക്കുമായി ഫാമിലി കണക്റ്റ് പദ്ധതി കെയര്‍ ആന്‍ഡ് ഷെയര്‍ ആരംഭിച്ചപ്പോള്‍ ജിന്‍സനായിരുന്നു പദ്ധതിയുടെ പ്രധാന സംഘടകന്‍. ഫാമിലി കണക്റ്റ് പദ്ധതിയുടെ ഓസ്ട്രേലിയന്‍ കോര്‍ഡിനേറ്റര്‍ ആയിരിക്കുമ്പോഴാണ് ജിന്‍സനെ ലിബറല്‍ പാര്‍ട്ടി അവരുടെ സ്ഥാനാര്‍ഥിയായി നിശ്ചയിക്കുന്നത്. ജിന്‍സന്റെ വിദ്യാഭ്യാസവും ഔദ്യോഗിക പദവികളിലെ നേട്ടങ്ങളും പരിഗണിച്ചപ്പോള്‍ തന്നെ ഓസ്ട്രലിയയിലെ നൂറുകണക്കിന് മലയാളികള്‍ക്ക് പ്രയോജനപ്പെട്ട ഫാമിലി കണക്റ്റ് പദ്ധതിയിലൂടെ ജിന്‍സന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളും പാര്‍ട്ടി കണക്കിലെടുത്തിരുന്നു. ആലുവ രാജഗിരി ആശുപത്രി ഉള്‍പ്പെടെ നിരവധി ആശുപത്രികള്‍ പങ്കാളികള്‍ ആകുന്ന പദ്ധതിയാണ് ഫാമിലി കണക്റ്റ്.

ഇനിയും ഏറെക്കാലം മന്ത്രിയായി തുടരാനാകട്ടെ എന്ന് ആശംസിച്ചാണ് ജിന്‍സനെ മമ്മൂട്ടി യാത്രയാക്കിയത്. നിര്‍മാതാവ് ആന്റോ ജോസഫ്, കെയര്‍ ആന്‍ഡ് ഷെയര്‍ ഡയറക്ടറും മമ്മൂട്ടിയുടെ മാനേജരുമായ ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രോഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സന്‍ പൊടുത്താസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Read Also: Malayali Minister of Australia came to meet Mammootty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here