മോദി-ട്രംപ് കൂടിക്കാഴ്ച ഫെബ്രുവരി 13ന്; വൈറ്റ് ഹൗസിൽ അത്താഴവിരുന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഫെബ്രുവരി 13ന് കൂടിക്കാഴ്ച നടത്തുമെന്ന് സൂചന. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. വാഷിംഗ്‌ടൺ ഡി സിയിലാണ് കൂടിക്കാഴ്ച. പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ ട്രംപ് മോദിക്ക് അത്താഴ വിരുന്ന് നൽകാനും സാധ്യതയുണ്ട്.
ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കി ഫെബ്രുവരി 12 ന് വൈകിട്ട് വാഷിംഗ്ടൺ ഡിസിയിൽ എത്തുന്ന മോദി ഫെബ്രുവരി 14 വരെ യുഎസ് തലസ്ഥാനത്ത് തങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കൻ കോർപ്പറേറ്റ് നേതാക്കളുമായും സമൂഹവുമായും അദ്ദേഹം മറ്റ് കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ഫെബ്രുവരിയിൽ മോദി വൈറ്റ് ഹൗസ് സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
കാനഡ, മെക്സിക്കോ, ചൈന എന്നിവിടങ്ങളിൽ ട്രംപ് നികുതി ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ കൂടിയാണ് കൂടിക്കാഴ്ച നടത്തുന്നത്. അതിനാൽ തന്നെ വ്യാപാരവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കായിരിക്കും കൂടിക്കാഴ്ചയിൽ പ്രാധാന്യം നൽകുക. ട്രംപ് അധികാരമേറ്റ ശേഷം ഇരുവരും ഫോണിൽ കൂടി സംസാരിച്ചിരുന്നു. കുടിയേറ്റം, വ്യാപാര ബന്ധങ്ങൾ, പ്രാദേശിക സുരക്ഷ എന്നിവയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തുവെന്നാണ് വിവരം.
യുഎസ്-ഇന്ത്യ പങ്കാളിത്തവും ഇന്തോ-പസഫിക് ക്വാഡ് സഹകരണവും ശക്തിപ്പെടുത്തുന്നതിനും ഇരു നേതാക്കളും ഊന്നൽ നൽകി. അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ഡോണൾഡ് ട്രംപിന് മോദി ആശംസയറിയിച്ചിരുന്നു. ഇരുരാജ്യങ്ങൾക്കും പ്രയോജനം ചെയ്യുന്നതിനും ലോകത്തിന് മികച്ച ഭാവി രൂപപ്പെടുത്തുന്നതിനും ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മോദി പറഞ്ഞിരുന്നു.
Story Highlights : PM Narendra Modi is likely to meet US President Donald Trump on February 13
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here