15ന് പകരം 41 മണിക്കൂര്‍! ഇന്ത്യന്‍ കുടിയേറ്റക്കാരെ വഹിച്ചുകൊണ്ട് അമൃത്സറിലേക്ക് പറന്ന അമേരിക്കന്‍ വിമാനം ഇത്ര കറങ്ങിയത് എന്തിന്?

അനധികൃത കുടിയേറ്റം ആരോപിച്ച് അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാര്‍ക്ക് മോശം പെരുമാറ്റം നേരിടേണ്ടി വന്നു എന്നതിനെച്ചൊല്ലിയുള്ള ചര്‍ച്ചകളും തര്‍ക്കങ്ങളും ചൂടുപിടിക്കുകയാണ്. ഇതിനിടെ അധികമാരും ശ്രദ്ധിക്കാതെ പോയ മറ്റൊരു കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് വ്യോമയാന വിഷയങ്ങളെ കുറിച്ച് സ്ഥിരമായി എഴുതുന്ന ജേക്കബ് കെ ഫിലിപ്പ്. 15 മണിക്കൂര്‍ കൊണ്ട് അമൃത്സറിലെത്തേണ്ട അമേരിക്കന്‍ വിമാനം എന്തുകൊണ്ട് എത്താന്‍ 41 മണിക്കൂറുകളെടുത്തെന്നാണ് അദ്ദേഹമുന്നയിക്കുന്ന ചോദ്യം. കൈയില്‍ വിലങ്ങും കാലില്‍ ചങ്ങലയുമണിയിച്ചുള്ള ഇന്ത്യക്കാരുടെ നരകയാത്ര കുറച്ചുമണിക്കൂറുകള്‍ കൂടി നീണ്ടുപോകാന്‍ കാരണം കാനഡ ഉയര്‍ത്തിയ വിലക്കാണോ എന്ന സംശയമാണ് അദ്ദേഹം ഉന്നയിക്കുന്നത്. സാധാരണ റൂട്ടില്‍, കാനഡ, റഷ്യ, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ ആകാശത്തുകൂടി പറക്കേണ്ട വിമാനത്തിന് ഇത്തവണ ഈ റൂട്ടില്‍ പറക്കാന്‍ അനുമതി നല്‍കാതിരുന്നത് റഷ്യയാകാന്‍ സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. വിമാനത്തിലെ യാത്രക്കാര്‍ ആരാണെന്നതു തന്നെയാവും കാനഡയുടെ പ്രശ്‌നമെന്നും അദ്ദേഹം പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നു. ( Jacob K Philip facebook post on US deportation of 104 Indians)
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:
105 അനധികൃത കുടിയേറ്റക്കാരുമായി, തിങ്കളാഴ്ച വൈകുന്നേരം സാന്‍ദിയേഗോ സേനാവിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട അമേരിക്കന്‍ സേനാ സി-17 കടത്തുവിമാനം, 41 മണിക്കൂറെടുത്ത് അമൃത്സറിലെത്തിയ പറക്കല്‍ റൂട്ട് ഇതായിരുന്നു-തിങ്കളാഴ്ച വൈകുന്നേരം ആറരയ്ക്ക് സാന്‍ദിയേഗോയില്‍ നിന്ന് ടേക്കോഫ്. ചൊവ്വാഴ്ച പുലര്‍ച്ചെ 12.55 ന് ഹാണലൂലുവില്‍.
(ഇവിടെ വച്ച് ട്രാക്കിങ് മുറിയുന്നുണ്ട്. വിമാനത്തെ പിന്നെ കാണുന്നത് ഫിലിപ്പൈന്‌സിലെ കാമിലോ ഒസിയാസ് അമേരിക്കന് എയര്‍ബേസിനു സമീപമാണ്. പടത്തിലെ ചുവന്ന വര, ഹാണലൂലുവില് നിന്ന് ഇവിടേക്കുള്ള ട്രാക്കു ചെയ്യപ്പെടാത്ത പാതയാണ്).
ഫിലിപ്പൈന്‍സില് നിന്ന് പറക്കുന്നത് ചൊവ്വാഴ്ച രാത്രി 8.55ന്. ഡിയേഗോ ഗാര്‍സിയയിലെത്തുന്നത് ബുധനാഴ്ച രാവിലെ 9.44ന്. അവിടെ നിന്ന് അമൃത്സറിന് പറക്കുന്നത് 9.50ന്. ലാന്‍ഡിങ് ഉച്ചയ്ക്ക് 2.05ന്.
പതിനഞ്ചു മണിക്കൂര്‍, 36 മിനിറ്റു കൊണ്ട് 12,403 കിലോമീറ്റര്‍ പറന്നെത്തുന്ന സാധാരണ റൂട്ട് ഉപേക്ഷിച്ച്, 23,058 കിലോമീറ്ററിന്റെ ഈ വളഞ്ഞവഴി, ഘട്ടം ഘട്ടമായി 41 മണിക്കൂറെടുത്തു പറക്കാമെന്നു തീരുമാനിച്ചതിന്, യുക്തിസഹമായ ഒരു കാരണമേയുള്ളു-
ഈ വഴി പറന്നാല്‍, ഒരു രാജ്യത്തിന്റെയും ആകാശം മുറിച്ചു കടക്കേണ്ടതില്ല.
പതിനഞ്ചുമണിക്കൂറെടുത്തു പറക്കുന്ന സാധാരണ റൂട്ടില്‍, കാനഡ, റഷ്യ, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ ആകാശത്തുകൂടി പറക്കേണ്ടിയിരുന്നെങ്കില്‍, ഹാണലൂലു നിന്ന് ഫിലിപ്പിന്‍സിന് വടക്കുകൂടി പറന്ന് സൗത്ത് ചൈനാ കടല്‍ മുറിച്ചു നീങ്ങി, മലേഷ്യയ്ക്കും ഇന്തൊനീഷ്യയ്ക്കും ഇടയ്ക്കുള്ള കടലിനു മീതെ ഞെരുങ്ങിപ്പറന്ന്, മലാക്കാ സ്ട്രെയിറ്റിനു മീതേകൂടി ആന്തമാന്‍ കടലിനു മീതേ എത്തി അവിടെ നിന്ന് ബംഗാള്‍ ഉല്‍ക്കടലും താണ്ടി അറേബ്യന്‍ സമുദ്രത്തിലെ ഡിയേഗോ ഗാര്‍സിയയിലെ അമേരിക്കന്‍ സേനാ താവളത്തിലെത്താന്‍, ആകെ ആശ്രയിക്കേണ്ടി വന്നിട്ടുണ്ടാവുക ഫിലിപ്പൈന്‍സിനെയാണ്. അവിടെ അമേരിക്കയുടെ സേനാ താവളം ഉള്ളതുകൊണ്ട് അതൊരു പ്രശ്നവുമല്ല.
എന്തുകൊണ്ടായിരിക്കും, മേല്‍പ്പറഞ്ഞ ആറു രാജ്യങ്ങളെ ഒഴിവാക്കിപ്പറക്കാന്‍, ഇത്ര ക്ലേശിച്ച് ഒഴിവാക്കിപ്പറക്കാന്‍ അമേരിക്ക തീരുമാനിച്ചത്? അതതു രാജ്യങ്ങളുടെ അല്ലെങ്കില്‍ ഇതില്‍ ഏതെങ്കിലും ഒരു രാജ്യത്തിന്റെ അനുമതി കിട്ടാത്തതു തന്നെയാകും കാരണം. അതു മിക്കവാറും കാനഡയാകാനുമാണ് സാധ്യത.
അനുമതി കൊടുക്കാത്തതിനു കാരണം വിമാനം സേനയുടേത് ആയതുമായിരിക്കില്ല. കാരണം, ഒരാഴ്ചത്തെ ലോക വ്യോമഭൂപടം നോക്കിയാല്‍ അമേരിക്കയുടെ എത്രയോ സേനാവിമാനങ്ങള്‍ എത്രയോ തവണ ഈ വഴിയെല്ലാം പറക്കുന്നതു കാണാം. വിമാനത്തിലെ യാത്രക്കാര്‍ ആരാണെന്നതു തന്നെയാവും പ്രശ്നമായത്.
മറ്റൊരു കാര്യം കൂടി- ഒരു അമേരിക്കന്‍ സേനാവിമാനം ഇന്ത്യന്‍ മണ്ണിലിറങ്ങുന്നത് ആദ്യമാണെന്നും ആദ്യമല്ലെങ്കില്‍ അത്യപൂര്‍വ്വമാണെന്നുമൊക്കെുള്ള കുറിപ്പുകളും കമന്റുകളും കണ്ടു. കുറച്ചു സമയം ചെലവാക്കി വിമാന ട്രാക്കിങ് സൈറ്റുകള്‍ നോക്കുന്ന ആര്‍ക്കും ഇതു തെറ്റാണെന്ന് ബോധ്യമാകും. ഇക്കൊല്ലം തന്നെ അമേരിക്കന്‍ സേനാ വിമാനം ഇന്ത്യയിലിറങ്ങിയതിന്റെ റിക്കോര്‍ഡുകള്‍ ഈ സൈറ്റുകളില്‍ നിന്നു തന്നെ കിട്ടും.
Story Highlights : Jacob K Philip facebook post on US deportation of 104 Indians
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here