Advertisement

‘യാഥാര്‍ത്ഥ്യങ്ങളോടും വസ്തുതകളോടും ചേര്‍ന്ന് നില്‍ക്കാത്ത ദിശാബോധമില്ലാത്ത ബജറ്റ് ‘ ; കെ.സി വേണുഗോപാല്‍

February 7, 2025
Google News 1 minute Read
k c venugopal

യാഥാര്‍ത്ഥ്യങ്ങളോടും വസ്തുതകളോടും ചേര്‍ന്ന് നില്‍ക്കാത്തതും ദിശാബോധമില്ലാത്തതുമായ ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി വിഹിതത്തിന് പോലും നല്‍കാന്‍ പണമില്ലാതെ, നീക്കിവച്ച തുക വെട്ടിക്കുറച്ച സര്‍ക്കാരാണ് കേരളം രൂക്ഷമായ ധനഞെരുക്കത്തെ അതിജീവിച്ചെന്ന് ഗീര്‍വാണമടിക്കുന്നത്. കിഫ്ബി ജനത്തിന് ബാധ്യത ആകുമെന്ന സൂചനയാണ്, ഇതുവഴി നടപ്പാക്കുന്ന പദ്ധതികളില്‍ വരുമാന മാര്‍ഗം കണ്ടെത്തുന്നതിന് സര്‍ക്കാര്‍ സാധ്യത തേടുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം. ഭൂനികുതി 50 ശതമാനം ഉയര്‍ത്തിയ നടപടി അംഗീകരിക്കാനാവില്ല. പാവപ്പെട്ടവനെ പിഴിയുന്ന നടപടിയാണിതെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

ഈ ബജറ്റില്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ക്കായി പ്രഖ്യാപിച്ച തുക നിലവിലുള്ള കടബാധ്യത തീര്‍ക്കാന്‍ മാത്രം ഉള്ളതാണ്. സര്‍ക്കാര്‍ ജീവനക്കാര്‍, ക്ഷേമപെന്‍ഷന്‍, കരാറുകാര്‍ എന്നിവ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലായി ഒരു ലക്ഷം കോടിയോളം രൂപയുടെ കടബാധ്യതയാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. സംസ്ഥാനത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറച്ചുവെച്ചാണ് ധനമന്ത്രി വാചോടാപം നടത്തുന്നതെന്നും കെ.സി.വേണുഗോപാല്‍ പരിഹസിച്ചു.

കഴിഞ്ഞ നാലുവര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച പകുതി പദ്ധതികള്‍ പോലും നടപ്പാക്കിയില്ല.പദ്ധതി തുക വിനിയോഗം എല്ലാ വകുപ്പിലും 50 ശതമാനത്തിലും താഴെയാണെന്നതാണ് വസ്തുത. ഗ്രാന്റും പദ്ധതിവിഹിതവും വെട്ടിക്കുറച്ചു കൊണ്ട് കഴിഞ്ഞ മൂന്ന് വര്‍ഷമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ സാമ്പത്തിക ഉപരോധം നടപ്പാക്കിയിട്ട് ഇത്തവണ തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം ഉയര്‍ത്തിയത് ആത്മാര്‍ത്ഥയില്ലാത്ത നടപടി. ശമ്പളവും പെന്‍ഷനും നല്‍കാന്‍ പോലും കടമെടുക്കണമെന്നതാണ് കേരള ഖജനാവിന്റെ യഥാര്‍ത്ഥ സ്ഥിതിയെന്നും കെ.സി.വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

Read Also: ലോക മാതൃകകൾക്ക് കേരള ബദൽ ഉണ്ടാക്കാൻ ധനമന്ത്രി: ബജറ്റിലെ ന്യൂ ഇന്നിങ്സിനെ കുറിച്ച് അറിയേണ്ടതെല്ലാം

ബജറ്റില്‍ കുറെ പ്രഖ്യാപനങ്ങള്‍ നടത്തിയ ശേഷം പദ്ധതി വിഹിതം നിയമവിരുദ്ധമായി വെട്ടിക്കുറയ്ക്കുന്നതാണ് ഇടതുസര്‍ക്കാരിന്റെ കീഴ് വഴക്കം. വിശ്വാസ്യതയും ആത്മാര്‍ത്ഥതയും ഇല്ലാത്ത ബജറ്റാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെത്. എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളും ഇതുവരെയുള്ള ബജറ്റ് പ്രഖ്യാപനവും താരതമ്യം ചെയ്താല്‍ ഇടതു സര്‍ക്കാര്‍ നാളിതുവരെ ജനങ്ങളെ പറ്റിച്ചതിന്റെ വ്യാപ്തി വ്യക്തമാകും. ക്ഷേമപെന്‍ഷന്‍ 2500 രൂപ ആക്കുമെന്ന പൊള്ളവാഗ്ദാനം നല്‍കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ വാക്കുപാലിച്ചില്ലെന്ന് മാത്രമല്ല നിലവിലെ പെന്‍ഷന്‍ തുക എല്ലാ മാസവും മുടക്കം കൂടാതെ നല്‍കാന്‍ പോലും തയ്യാറാകുന്നില്ല.

കേരളത്തെ മെഡിക്കല്‍ ഹബ്ബാക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിട്ട്, സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് പോലുമില്ലാത്ത സ്ഥിതിയാണ്. കാരുണ്യ പദ്ധതിയില്‍ 1500 കോടിയുടെ കുടിശ്ശികയുള്ളപ്പോഴാണ് വെറും 700 കോടിരൂപ സര്‍ക്കാര്‍ നീക്കിവെച്ചത്. കാര്‍ഷിക മേഖലയിലെ വരുമാന വര്‍ധനവ്, ശമ്പള കമ്മീഷന്‍ എന്നീ കാര്യങ്ങളിലും ബജറ്റ് മൗനം പാലിച്ചു. റബര്‍ കര്‍ഷകരെയും ബജറ്റില്‍ അവഗണിച്ചു. ഇരുപത് ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞിട്ട് പാര്‍ട്ടിക്കാര്‍ക്കും സിപിഎം അനുഭാവികള്‍ക്കും മാത്രമാണ് അതിന്റെ ഗുണം ലഭിച്ചത്. നിയമന നിരോധനത്തിലൂടെ കേരളത്തിലെ യുവജനങ്ങളെ വഞ്ചിച്ച സര്‍ക്കാര്‍ കൂടിയാണിതെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

Story Highlights : K C Venugopal about Kerala budget

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here