മന്ത്രിമാറ്റ ആവശ്യത്തില്‍ നിന്നും പിന്മാറി പിസി ചാക്കോ വിഭാഗം: ശശീന്ദ്രനെ മാറ്റാന്‍ ആവശ്യപ്പെടില്ലെന്ന് ഉറപ്പ് നല്‍കി

എന്‍സിപിയുടെ മന്ത്രിയെ മാറ്റണമെന്ന് ആവശ്യത്തില്‍ നിന്ന് പിന്മാറി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ. ചാക്കോയെ അനുകൂലിക്കുന്ന നേതാക്കള്‍ മന്ത്രി എ.കെ ശശീന്ദ്രനുമായി കൂടിക്കാഴ്ച നടത്തി ഇക്കാര്യം അറിയിച്ചു. ഇടത് മുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്നും സര്‍ക്കാറിന് പൂര്‍ണ പിന്തുണയെന്നും കാണിച്ച് പിസി ചാക്കോ മുഖ്യമന്ത്രിക്ക് കത്തെഴുതി.
പി.എം.സുരേഷ് ബാബു, ലതിക സുഭാഷ്, കെ.ആര്‍.രാജന്‍ എന്നിവരാണ് മന്ത്രിയെ കണ്ടത്. പി.സി.ചാക്കോയ്ക്ക് വേണ്ടി പി.എം സുരേഷ് ബാബുവാണ് കത്ത് കൈമാറിയത്. ഒരുമിച്ചു പോകണമെന്ന് ശശീന്ദ്രന്‍ വിഭാഗത്തോട് അഭ്യര്‍ത്ഥിച്ചു.
നേരത്തെ, സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോയെ മാറ്റാനുറച്ച് മന്ത്രി എ.കെ.ശശീന്ദ്രന്‍ വിഭാഗം രംഗത്തെത്തിയിരുന്നു. ചാക്കോ വിരുദ്ധ നീക്കത്തില്‍
തോമസ് കെ.തോമസ് എംഎല്‍എയും ശശീന്ദ്രനൊപ്പം ചേര്‍ന്നു. പി.സി.ചാക്കോയെ അംഗീകരിച്ച് മുന്നോട്ട് പോകാനാവില്ലെന്നായിരുന്നു എ.കെ.ശശീന്ദ്രന്‍ പക്ഷത്തിന്റെ നിലപാട്. പാര്‍ട്ടി ജനറല്‍ ബോഡി വിളിക്കണമെന്ന് പി.സി.ചാക്കോയോട് ആവശ്യപ്പെടുകയും ചെയ്തു.
ഏകദേശം നാല് മാസത്തോളമായി എന്‍സിപിയില്‍ മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഒരു ഘട്ടത്തിലും സര്‍ക്കാര്‍ ഇത് അംഗീകരിച്ചിരുന്നില്ല. ഈ ഘട്ടത്തില്‍ എല്‍ഡിഎഫ് വിട്ടാലോ എന്ന് പിസി ചാക്കോ വിഭാഗം ആലോചിക്കുകയും ചെയ്തു. ഈ അവസരം മുതലാക്കിയാണ് എകെ ശശീന്ദ്രന്‍ വിഭാഗം നിര്‍ണായകമായ നീക്കത്തിന് തുനിഞ്ഞത്. തങ്ങളാണ് ഔദ്യോഗിക എന്‍സിപി എന്ന് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐഎം നേതൃത്വത്തിന് കത്ത് നല്‍കാനും തീരുമാനിക്കുകയായിരുന്നു. ഇതിന് ശേഷമാണ് നടപടി.
Story Highlights : PC Chacko backed away from demand to replace the minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here