പത്തനംതിട്ടയിലെ പൊലീസ് അതിക്രമം: അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും

പത്തനംതിട്ടയിലെ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും. പത്തനംതിട്ട സ്റ്റേഷനിലെ എസ്‌ഐ ജിനു അടക്കം മൂന്ന് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പരുക്കേറ്റ സിത്താരയുടെ മൊഴിയില്‍ കേസെടുത്തെങ്കിലും ഇതുവരെ ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്തിട്ടില്ല. എസ് ഐ അടക്കം ഉദ്യോഗസ്ഥര്‍ക്കെതിരായ കേസില്‍ ഉന്നതല അന്വേഷണം പരിക്കേറ്റവര്‍ ആവശ്യപ്പെട്ടിരുന്നു.
വിവാഹറിസപ്ഷന്‍ കഴിഞ്ഞ് മടങ്ങിയ കോട്ടയം സ്വദേശികള്‍ക്കാണ് ഇന്നലെ രാത്രി പൊലീസിന്റെ മര്‍ദനമേറ്റത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം വിശ്രമത്തിനായി വാഹനം നിര്‍ത്തിയപ്പോഴാണ് പൊലീസ് ലാത്തി വീശിയത്. ഇരുപത് അംഗ സംഘമായിരുന്നു ട്രാവലറില്‍ ഉണ്ടായിരുന്നത്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ് ഐ എസ് ജിനു ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ വിവാഹസംഘത്തിലുണ്ടായിരുന്നവര്‍ക്ക് തലയ്ക്കും കൈയ്ക്കും തോളിനും പരുക്കേറ്റു.
അതിക്രമത്തില്‍ പൊലീസിന് വീഴ്ചയുണ്ടായെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ആളുമാറിയാണ് ആക്രമണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് പരുക്കേറ്റവരുടെ മൊഴിയെടുത്തി. മര്‍ദ്ദമേറ്റവരുടെ പരാതിയില്‍ സംഭവത്തില്‍ പൊലീസ് കേസെടുത്തു. എന്നാല്‍ എസ്ഐയെ താല്‍ക്കാലികമായി പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ നിന്ന് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് സ്ഥലംമാറ്റം നടത്തുക മാത്രമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. അതിനു ശേഷമാണ് സസ്പെന്‍ഷന്‍ നടപടിയിലേക്ക് കടന്നത്. പിന്നാലെയാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുന്നത്.
Story Highlights : Police brutality in Pathanamthitta: The investigation will be handed over to the District Crime Branch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here