ആദ്യം ഇ ഡി, പിന്നാലെ ജനങ്ങളും തോൽപ്പിച്ചു; കയ്പുനീർ കുടിച്ചു ആം ആദ്മി ബുദ്ധികേന്ദ്രം മനീഷ് സിസോദിയ

ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയുടെ ബുദ്ധികേന്ദ്രവുമായ മനീഷ് സിസോദിയ ജങ്പുരയിൽ തോറ്റു. 600 ലേറെ വോട്ടുകൾക്കാണ് സിസോദിയ തോറ്റത്. ബിജെപിയുടെ തർവീന്ദർ സിംഗ് മർവയോടാണ് അദ്ദേഹം പരാജയപ്പെട്ടത്. കിഴക്കൻ ഡൽഹിയിലെ പട്‌പർഗഞ്ചിൽ നിന്ന് തുടർച്ചയായി മൂന്ന് തവണ വിജയിച്ചതിന് ശേഷമാണ് സിസോദിയ ഈ തെരഞ്ഞെടുപ്പിൽ ജങ്പുര സീറ്റിലേക്ക് മാറിയത്.
തോൽവിക്ക് പിന്നിലെന്താണ് എന്ന ചോദ്യത്തിന് ഫലം വിശകലനം ചെയ്ത് ഒരു നിഗമനത്തിലെത്താമെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. “പാർട്ടി പ്രവർത്തകർ നന്നായി പോരാടി; ഞങ്ങളെല്ലാം കഠിനാധ്വാനം ചെയ്തു. ജനങ്ങൾ ഞങ്ങളെയും പിന്തുണച്ചു. പക്ഷേ, ഞാൻ 600 വോട്ടിന് തോറ്റു. വിജയിച്ച സ്ഥാനാർത്ഥിയെ ഞാൻ അഭിനന്ദിക്കുന്നു. അദ്ദേഹം മണ്ഡലത്തിനായി പ്രവർത്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു.
എഎപി സർക്കാരിൻ്റെ ആദ്യ ടേമിൽ ഡൽഹിയിലെ സർക്കാർ സ്‌കൂളുകൾ നവീകരിച്ചതിൻ്റെ ക്രെഡിറ്റ് സിസോദിയയ്ക്കായിരുന്നു. എന്നിരുന്നാലും, രണ്ടാം ടേം അദ്ദേഹത്തിന് കഠിനമായി. ഡൽഹി മദ്യനയ അഴിമതി ആരോപണത്തിൽ 2023 ഫെബ്രുവരിയിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. തൊട്ടുപിന്നാലെ അദ്ദേഹം ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും മറ്റ് വകുപ്പുകൾ ഉപേക്ഷിക്കുകയും ചെയ്തു. ഒന്നര വർഷത്തെ ജയിൽ വാസത്തിന് ശേഷം സുപ്രീം കോടതി സിസോദിയയ്ക്ക് ജാമ്യം അനുവദിച്ചു. ‘ജനകീയ കോടതി’യിലെ വിധിക്ക് ശേഷം മാത്രമേ താൻ സർക്കാരിലേക്ക് മടങ്ങുകയുള്ളൂവെന്ന് മോചിതനായതിന് ശേഷം സിസോദിയ പറയുകയുണ്ടായി.
Read Also: അഴിമതിക്കെതിരെ ഉയര്‍ന്നു വന്ന പാര്‍ട്ടി; അതേ അഴിമതി ആരോപണങ്ങളിൽ വീണപ്പോൾ
സിസോദിയ മുൻപ് മത്സരിച്ചിരുന്ന പട്പർഗഞ്ചിൽ നിന്ന് തന്റെ സീറ്റ് ഇത്തവണ ജങ്പുരയിലേക്ക് മാറ്റിയത് പൊതുജനങ്ങളുടെ നിരാശ മനസ്സിലാക്കിയതുകൊണ്ടാണെന്ന് ബിജെപി അന്ന് ആരോപിച്ചിരുന്നു. എഎപി പിന്നീട് ഐഎഎസ് പരിശീലകനായ അവധ് ഓജയെ പട്പർഗഞ്ചിൽ മത്സരിപ്പിക്കുകയായിരുന്നു. എന്നാൽ ഓജയും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.
അതേസമയം, അഴിമതി വിരുദ്ധ പ്രതിച്ഛായ നഷ്ടപ്പെട്ട പ്രമുഖ ആം ആദ്മി നേതാക്കൾ എല്ലാം പരാജയപ്പെട്ടു. ബിജെപി യുടെ പ്രചാരണ തന്ത്രങ്ങൾക്കൊപ്പം കോണ്ഗ്രസിന്റെ സജീവ സാന്നിധ്യവും ആം ആദ്മി പാർട്ടിക്ക് വിനയായി. പ്രതിച്ഛായ നഷ്ടപ്പെട്ട അരവിന്ദ് കേജ്രിവാളും, മനീഷ് സിസോദിയയും അടക്കം,ആം ആദ്മി പാർട്ടിയുടെ ഭൂരിഭാഗം സ്ഥാപക നേതാക്കൾക്കും ഇത്തവണ കാലിടറിയപ്പോൾ, ആരോപണ ശരങ്ങൾ ഏൽക്കാത്ത മുഖ്യമന്ത്രി അതിഷി മർലേന കൽക്കാജിയിൽ വിജയിച്ചത് പാർട്ടിയ്ക്ക് ആശ്വാസമാണ്.
Story Highlights : Manish Sisodia concedes, says AAP fell short of 600 votes in Delhi’s Jangpura
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here