കൊവിഡ് സമയത്ത് ഗള്‍ഫിലെ ജോലി പോയ മകന് വായ്പ തിരിച്ചടയ്ക്കാനായില്ല; വൃദ്ധദമ്പതികള്‍ 16 ദിവസമായി അന്തിയുറങ്ങുന്നത് ജപ്തി ചെയ്ത വീടിന്റെ തിണ്ണയില്‍

പത്തനംതിട്ട അടൂര്‍ ആനന്ദപ്പള്ളിയില്‍ വീടുവയ്ക്കാനെടുത്ത വായ്പ തിരിച്ചടയ്ക്കാനാകാതെ വന്നതോടെ പെരുവഴിയിലായി പട്ടികജാതി കുടുംബം. തിരിച്ചടവ് മുടങ്ങിയതോടെ സ്വകാര്യബാങ്ക് വീട് ജപ്തി ചെയ്തു. മകന്റെ പേരിലെടുത്ത ലോണ്‍ തിരിച്ചടക്കാതെ വന്നതോടെ മാതാപിതാക്കളായ സുകുമാരനും ഉഷയും വീടിന്റെ തിണ്ണയിലാണ് അന്തിയുറങ്ങുന്നത്. 16 ദിവസമായി വീടിന്റെ തിണ്ണയിലെ പരിമിതമായ സ്ഥലത്താണ് ഭക്ഷണം പോലും നേരെ പാകം ചെയ്യാനാകാതെ രോഗികളായ ഈ വൃദ്ധ ദമ്പതികള്‍ അന്തിയുറങ്ങുന്നത്. (pathanamthitta old couple’s house attached private bank)
കഴിഞ്ഞ മാസം 27നാണ് ബാങ്ക് അധികൃതരെത്തി വീട് ജപ്തി ചെയ്തത്. വീടിന്റെ നിര്‍മാണത്തിനായി എട്ട് ലക്ഷത്തിലേറെയാണ് വായ്പയെടുത്തത്. മകന് ഗള്‍ഫില്‍ ജോലി ഉണ്ടായിരുന്നതിനാല്‍ നാല് ലക്ഷത്തോളെ രൂപ കൃത്യമായി അടച്ചു. തുടര്‍ന്നും ലോണ്‍ കുടിശികയില്ലാതെ തീര്‍ക്കാനാകുമെന്ന ഈ കുടുംബത്തിന്റെ പ്രതീക്ഷകള്‍ക്ക് കൊവിഡ് മങ്ങലേല്‍പ്പിച്ചു. കൊവിഡ് വ്യാപനകാലത്ത് മകന്റെ ഗള്‍ഫിലെ ജോലി നഷ്ടപ്പെട്ടു. പിന്നീട് തിരിച്ചുപോകാന്‍ ശ്രമിച്ചിട്ടും അതിനുള്ള വഴിതുറന്നില്ല. നാട്ടില്‍ വല്ലപ്പോഴും മാത്രം പണി കിട്ടാന്‍ തുടങ്ങിയതോടെ വായ്പ തിരിച്ചടവിന് യാതൊരു മാര്‍ഗവുമില്ലാതെയായി. മറ്റെവിടെയെങ്കിലും മാറാന്‍ മകന്‍ വിളിച്ചെങ്കിലും സ്വന്തം വീട് വിട്ട് എങ്ങനെ വരാനാണെന്ന് വേദനയോടെ പറയുകയാണ് മാതാപിതാക്കള്‍.
Read Also: തോൽവിയുടെ പടിവാതിലിൽ നിന്ന് സെമിയിലേക്ക്; ആറുവർഷത്തിനുശേഷം കേരളം രഞ്ജി ട്രോഫി സെമിയിൽ
രണ്ട് അറ്റാക്ക് കഴിഞ്ഞിരിക്കുന്ന തനിക്ക് ഇപ്പോള്‍ ഒന്നിനും വയ്യെന്ന് സുകുമാരന്‍ പറയുന്നു. ഉഷയ്ക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ട്. പെയിന്റിംഗ് തൊഴിലാളിയായിരുന്ന സുകുമാരന് ഇപ്പോള്‍ പണിയ്ക്ക് പോകാനുമാകുന്നില്ല. മാസങ്ങളായി ഇരുവരും മരുന്നുകള്‍ കഴിച്ച് വരികയാണ്. അതേസമയം തങ്ങളുടെ ഭാഗത്തുനിന്നുണ്ടായത് വായ്പാ തിരിച്ചടവ് മുടങ്ങിയതിനാലുള്ള സ്വാഭാവിക നടപടിക്രമം മാത്രമാണെന്നാണ് ബാങ്കില്‍ നിന്നുള്ള വിശദീകരണം.
Story Highlights : pathanamthitta old couple’s house attached private bank
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here