Advertisement

വാക്കൗട്ട് പ്രസംഗം ചുരുക്കണമെന്ന് സ്പീക്കര്‍; തന്റെ സമയം സ്പീക്കറുടെ ഔദാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ്; സഭയില്‍ പോര്

February 13, 2025
Google News 3 minutes Read
sabha

സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിലുളള പോരില്‍ നിയമസഭ സ്തംഭിച്ചു. വാക്കൗട്ട് പ്രസംഗത്തിനിടെ സ്പീക്കര്‍ ഇടപെട്ടതാണ് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത്. പ്രസംഗം തന്റെ അവകാശമാണെന്ന് പറഞ്ഞ വി.ഡി സതീശന്‍ സ്പീക്കറുടെ ഇടപെടല്‍ മനപൂര്‍വം ആണെന്നും വിമര്‍ശിച്ചു. ഇരുവരും തമ്മിലുളള വാക് പോര് ഭരണ-പ്രതിപക്ഷാംഗങ്ങള്‍ ഏറ്റെടുത്തതോടെയാണ് സഭ തടസപ്പെട്ടത്.

എസ്സി – എസ്ടി വിഭാഗങ്ങള്‍ക്കായുള്ള ഫണ്ടും സ്‌കോളര്‍ഷിപ്പുകള്‍ക്കുമായുള്ള പദ്ധതി വിഹിതം സംസ്ഥാന ബജറ്റില്‍ വെട്ടിക്കുറച്ചെന്ന് ആരോപിച്ചാണ് പ്രതിപക്ഷാംഗം എപി അനില്‍കുമാര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. പട്ടികജാതി -വര്‍ഗ വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെന്നും 2024 – 25 വര്‍ഷം സ്‌കോളര്‍ഷിപ്പിനായി അനുവദിച്ച തുക മുഴുവാനായി ചെലവഴിച്ചുവെന്നും ഒ ആര്‍ കേളു വ്യക്തമാക്കി. സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നുമം അദ്ദേഹം പറഞ്ഞു.

ബോധപൂര്‍വ്വമായ അവഗണന യെന്നും ഈ ജനവിഭാഗം ഇനിയും പുറകോട്ട് പോകുമെന്നും സര്‍ക്കാര്‍ ഇടപെടണമെന്നും എപി അനില്‍കുമാര്‍ വ്യക്തമാക്കി. എസ് സി എസ് ടി വിഭാഗക്കാരുടെ ബജറ്റ് വിഹിതം സര്‍ക്കാര്‍ വെട്ടിക്കുറച്ചുവെന്നും ദളിത് വിരുദ്ധ ആദിവാസി വിരുദ്ധ സര്‍ക്കാരാണ് ഇപ്പോളെന്നും എ.പി. അനില്‍കുമാര്‍ വിമര്‍ശിച്ചു. ഇതാണോ ഇടതുപക്ഷ സമീപനമെന്നും അദ്ദേഹം ചോദിച്ചു.

Read Also: ഇനി മേലാല്‍ വാഹനഅപകടം ഉണ്ടാകില്ലെന്ന് ആര്‍ക്കെങ്കിലും പറയാന്‍ പറ്റുമോ? അതുപോലെ വന്യമൃഗശല്യത്തിനും ശാശ്വത പരിഹാരമില്ല; വിവാദ പരാമര്‍ശവുമായി എ കെ ശശീന്ദ്രന്‍

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തിന് പരിഗണന പോലും ലഭിക്കുന്നില്ലെന്ന് മന്ത്രി ഒ ആര്‍ കേളു തിരിച്ചടിച്ചു. ഒന്നും നടക്കുന്നില്ല എന്ന വാദത്തോട് യോജിക്കാനാകില്ല. വരുമാന പരിധി നോക്കാതെയാണ് കേരളം പട്ടികജാതി വര്‍ഗ വിഭാഗത്തിന് വിദ്യാഭ്യാസ സഹായം നല്‍കുന്നത്.വിദ്യവാഹിനി പദ്ധതിക്ക് ഫണ്ട് കൊടുക്കുന്നില്ല എന്നത് ശരിയല്ല. ബില്ല് നല്‍കുന്നത് അനുസരിച്ചാണ് ഫണ്ട് കൈമാറുന്നത്. ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നത് സ്വാഭാവികം – അദ്ദേഹം പറഞ്ഞു.

അടിയന്തിര പ്രമേയ നോട്ടീസ് തെറ്റിദ്ധാരണ പരത്താനെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആരോപിച്ചു. പട്ടിക വിഭാഗത്തിന് ഒന്നും കൊടുക്കുന്നില്ല എന്ന് വരുത്തി തീര്‍ക്കുകയാണ് ലക്ഷ്യം. കാമ്പയിനിന് വേണ്ടിയാണ് ഈ വിഷയം ഉന്നയിക്കുന്നത്. സ്‌കോളര്‍ഷിപ്പില്‍ ഒരിക്കലും കുറവ് വരുത്തിയിട്ടില്ല. കൂടുതല്‍ പണം അനുവദിക്കേണ്ടതിന് വീണ്ടും നല്‍കും – അദ്ദേഹം പറഞ്ഞു. വാര്‍ഷിക പദ്ധതി മുരടിച്ചിരിക്കുകയാണെന്ന് വിഷയത്തില്‍ സംസാരിക്കവേ പ്രതിപക്ഷ നേതാവ് പറഞ്ഞു. മൂന്ന് നാല് വര്‍ഷമായി ഇതാണ് സ്ഥിതിയെന്നും അതുകൊണ്ട് പിന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന വിഹിതം കൂടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതികള്‍ പലതും വെട്ടി കുറച്ചു. അതിന്റെ ഉത്തരവിറക്കിയിട്ടാണ് മന്ത്രി വന്ന് തെറ്റായ കാര്യം പറയുന്നത് – അദ്ദേഹം വ്യക്തമാക്കി. ഇതിനിടെയായിരുന്നു സ്പീക്കറുടെ ഇടപെടല്‍

വാക്കൌട്ട് പ്രസംഗത്തിലെ ഇടപെടലിനെ ചൊല്ലി ഇന്നലെയും പ്രതിപക്ഷ നേതാവും സ്പീക്കറും തമ്മില്‍ തര്‍ക്കിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായിരുന്നു ഇന്നത്തെ സംഭവം. വി.ഡി സതീശന്റെ പ്രസംഗം 9 മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ സ്പീക്കറുടെ ആദ്യ മുന്നറിയിപ്പ് വന്നു. അത് കണ്ടില്ലെന്ന് നടിച്ച് സതീശന്‍ മുന്നോട്ട് പോയതോടെ വീണ്ടും ഇടപെട്ടതോടെ പ്രതിപക്ഷ നേതാവ് രോഷാകുലനായി.

13 മിനുട്ടായി, കണ്‍ക്ലൂഡ് ചെയ്യണമെന്നായിരുന്നു സ്പീക്കര്‍ പറഞ്ഞത്. തന്നെ തടസപ്പെടുത്തി സഭ നടത്തിക്കൊണ്ടു പോകാമെന്ന് അങ്ങ് കരുതരുതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. 9 മിനിറ്റ് കഴിയുന്നത് വരെ ഇടപെട്ടില്ലെന്ന് ആയിരുന്നു സ്പീക്കറുടെ ന്യായം. അത് ഔദാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു.

തര്‍ക്കം മുറുകിയതോടെ പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസില്‍ മുന്നിലേക്ക് എത്തി. ഭരണപക്ഷവും ഇരിപ്പിടത്തില്‍ നിന്നിറങ്ങി. പിന്നെ കണ്ടത് ഭരണ പ്രതിപക്ഷ വാക്‌പോരായിരുന്നു. പാതി വില തട്ടിപ്പ് ഉള്‍പ്പെടെയുള്ള സബ് മിഷനുകള്‍ പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ഇതോടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ പിരിഞ്ഞു. പ്രകടനമായിപുറത്തേക്ക് എത്തിയ പ്രതിപക്ഷം സഭക്ക് പുറത്തും സ്പീക്കറെ രൂക്ഷമായി വിമര്‍ശിച്ചു.

Story Highlights : Leader of Opposition and Speaker face to face in Kerala assembly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here