സുരേഷ് കുമാറിനൊപ്പം നിൽക്കുമെന്ന് നിര്‍മ്മാതാക്കള്‍, ആന്റണിക്കൊപ്പമെന്ന് താരങ്ങള്‍; സിനിമാ പോര് രൂക്ഷം

സിനിമാ സംഘടനകളില്‍ പോര് രൂക്ഷമാകുന്നു. ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം പ്രഖ്യാപിച്ച നിര്‍മ്മാതാവ് ജി സുരേഷ് കുമാറിനെതിരെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയത് മലയാള സിനിമയില്‍ പുതിയ പോരിന് തുടക്കമിട്ടിരിക്കുകയാണ്. സുരേഷ് കുമാറിന് പിന്തുണയുമായി നിര്‍മ്മാതാക്കളുടെ സംഘടന പ്രസ്താവന പുറത്തിറക്കി.
ആന്റണി പെരുമ്പാവൂരിനെ തള്ളി നിർമ്മാതാക്കളുടെ സംഘടന രംഗത്തെത്തി. സുരേഷ് കുമാർ വാർത്താസമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിച്ചത് സംഘടനാ ഭരണസമിതിയുടെ തീരുമാനപ്രകാരം. ആന്റണി പെരുമ്പാവൂരിന്റെ നിലപാടുകൾ അനുചിതം. ക്ഷണിച്ചിട്ടും യോഗത്തിൽ പങ്കെടുത്തില്ല. സംഘടനയ്ക്കെതിരായ നീക്കങ്ങളെ പ്രതിരോധിക്കും. ജി സുരേഷ് കുമാറിനെ സോഷ്യൽ മീഡിയ വഴി ചോദ്യം ചെയ്തത് തെറ്റെന്നും നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കി.
സിനിമാ സമരം അടക്കം രണ്ട് ദിവസം മുമ്പ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സുരേഷ് കുമാര്‍ ഒറ്റയ്ക്ക് എടുത്ത തീരുമാനം അല്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറയുന്നത്. എന്നാല്‍ സുരേഷ് കുമാറിനെ വിമര്‍ശിച്ച് രംഗത്തെത്തിയ ആന്റണിക്കൊപ്പം പിന്തുണയുമായി പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ടൊവിനോ, ബേസില്‍ ജോസഫ്, അപര്‍ണ ബാലമുരളി തുടങ്ങിയ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ സുരേഷ് കുമാറിനെ ചുമതലപ്പെടുത്തിയത്, എന്താണ് അതിന് പിന്നിലെ ചേതോവികാരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ വ്യക്തത വേണ്ടതുണ്ട് എന്നൊക്കെയായിരുന്നു ആന്റണി പെരുമ്പാവൂര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ ചോദിച്ചത്. എമ്പുരാന്‍ സിനിമയുടെ ബജറ്റിനെ കുറിച്ച് സംസാരിച്ചതിനെതിരെയും ആന്റണി പ്രതികരിച്ചിരുന്നു.
Story Highlights : Producers Association Support over Suresh kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here