വര്‍ക്കല ബീച്ചില്‍ യുവാക്കളെ മര്‍ദിച്ചു, വിവസ്ത്രരാക്കി, വിലപിടിപ്പുള്ള വസ്തുക്കള്‍ തട്ടിയെടുത്തു; മൂന്നംഗ അക്രമി സംഘത്തെ പിടികൂടി പൊലീസ്

വര്‍ക്കലയില്‍ ബീച്ചിലെത്തിയ യുവാക്കളെ മര്‍ദ്ദിച്ച് വിവസ്ത്രരാക്കി വിലപിടിപ്പുള്ള വസ്തുക്കള്‍ അപഹരിച്ച അക്രമികള്‍ പിടിയില്‍. ഇടവ വെണ്‍കുളം സ്വദേശി ജാഷ് മോന്‍, വര്‍ക്കല ജനാര്‍ദ്ദനപുരം സ്വദേശി വിഷ്ണു, മണമ്പൂര്‍ തൊട്ടിക്കല്ല് സ്വദേശി നന്ദുരാജ് എന്നിവരെയാണ് അയിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 11നാണ് സംഭവം. കാപ്പില്‍ ബീച്ചിലെത്തിയ വര്‍ക്കല ചെമ്മരുതി സ്വദേശികളായ ബിജോയി, 18 കാരനായ നന്ദു എന്നിവരെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്. യുവാക്കളെ വഴിയില്‍ തടഞ്ഞ് മര്‍ദ്ദിക്കുകയും ബിയര്‍ ബോട്ടില്‍ പൊട്ടിച്ച് കഴുത്തിന് പിടിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്നു യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച്,വസ്ത്രങ്ങള്‍ അഴിച്ചു വാങ്ങി സമീപത്തുള്ള കായലില്‍ വലിച്ചെറിഞ്ഞു. യുവാക്കളെ വിവസ്ത്രരാക്കിയ ശേഷം അക്രമിസംഘം കടന്നുകളയുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ യുവാക്കള്‍ ആശുപത്രിയില്‍ ചികിത്സ തേടി.
യുവാക്കളില്‍ നിന്ന് 45,000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍, 7500 രൂപ വില വരുന്ന ഹെല്‍മറ്റ്, 3000 രൂപ വിലവരുന്ന ഷൂസ് , 1400 രൂപയും മറ്റു രേഖകളുമടങ്ങിയ പേഴ്‌സ്, എന്നിവയാണ് അക്രമികള്‍ കൈയ്ക്കലാക്കിയത്. യുവാക്കളുടെ പരാതിയില്‍ കേസെടുത്ത അയിരൂര്‍ പൊലീസ് സിസിടിവി ക്യാമറ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. മൂന്നുപേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Story Highlights : Assailants arrested for beating youths who came to the Varkala beach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here